Fitness

ഫുട്‌ബോള്‍ കളിക്കാന്‍ റെഡിയാണോ? ശരീരത്തിന് സമ്പൂര്‍ണ ആരോഗ്യം വാഗ്ദാനം

മറ്റ് കളികള്‍ പോലെ അത്ര നിസാരമല്ല ഫുട്‌ബോള്‍. ശരീരത്തിന് സമ്പൂര്‍ണ ആരോഗ്യം പ്രദാനം ചെയ്യാന്‍ ഫുട്‌ബോളിനു കഴിയും. ശരീരവും മനസും ഒരേപോലെ ആയാസപ്പെടുന്ന മറ്റൊരു മത്സരം വേറെയില്ലെന്നു പറയാം. എല്ലുകള്‍ക്കും പേശികള്‍ക്കും ഹൃദത്തിനും ശ്വാസകോശത്തിനും ഫുട്‌ബോള്‍ കളിയിലൂടെ വ്യായാമംലഭിക്കുന്നു. ജീവിതശൈലിരോഗങ്ങള്‍ എന്നപേരില്‍ ഇന്ന് വ്യാപകമായിക്കൊണ്ടിരിക്കുന്ന പല രോഗങ്ങള്‍ക്കും പരിഹാരമാകാന്‍ ഫുട്‌ബോള്‍ കളിക്കു കഴിയും. രക്തയോട്ടം വര്‍ധിക്കുന്നതിനാല്‍ ശരീരത്തിന് സദാ ഉണര്‍വും ഉന്മേഷവും ലഭിക്കുന്നു. ഒരു മത്സരം തീരുമ്പോള്‍ ഒരു കളിക്കാരന്‍ കളിക്കളത്തില്‍ 10 – 12 കിലോമീറ്റര്‍ ഓടുന്നു എന്നാണ് കണക്ക്. വ്യത്യസ്ത ദിശകളില്‍ വ്യത്യസ്ത വേഗത്തില്‍ ഓടുന്നതുകൊണ്ട് സാധാരണ വ്യായാമത്തിനു വേണ്ടിയുള്ള ഓട്ടത്തേക്കാള്‍ ഇരട്ടി നേട്ടങ്ങള്‍ ഫുട്‌ബോള്‍ കളിയിലൂടെ ലഭിക്കുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നു.

ഹൃദ്രോഗസാധ്യത കുറയ്ക്കുന്നു

മുറിക്കുള്ളില്‍ ഉറപ്പിച്ച ട്രെഡ്മില്ലിലെ മനസു മടുപ്പിക്കുന്ന ഓട്ടം പോലെയല്ല ഫുട്്‌ബോള്‍. ഹൃദയാരോഗ്യത്തിന് മികച്ച വ്യായാമമാണ് ഫുട്‌ബോള്‍ നല്‍കുന്നത്. മികച്ച എയ്‌റോബിക് എക്‌സര്‍സൈസാണ് ഫുട്‌ബോള്‍. രക്തം പേശികളിലേക്ക് പമ്പുചെയ്യാനുള്ള ഹൃദയത്തിന്റെ ശേഷി വര്‍ധിക്കുന്നു. ര്കതയോട്ടം വര്‍ധിക്കുന്നതിലൂടെ ഹൃദയധമനികളില്‍ കൊഴുപ്പ് അടിഞ്ഞുകൂടി ‘പ്ലാക്ക്’ ഉണ്ടാകുന്നത് ഒഴിവാകും. ഇതുവഴി ഹൃദ്രോഗസാധ്യതയും ഗണ്യമായി കുറയ്ക്കാന്‍ സാധിക്കും. അതിവേഗത്തിലും വേഗം കുറച്ചും പലവേഗത്തില്‍ ഓടി കളിക്കുന്നതിനാല്‍ ഹൃദയമിടിപ്പും പലവേഗത്തിലാകുന്നു. ചെറിയ ഇടവേളകളിലുള്ള ഈ മാറ്റങ്ങള്‍ ഹൃദയപേശികളുടെ ആരോഗ്യത്തിന് അത്യുത്തമമാണ്. രക്തസമ്മര്‍ദം ക്രമീകരിക്കാനുള്ള ഹൃദയത്തിന്റെ ശേഷി ഇതുവഴി വര്‍ധിക്കുന്നു. വാശിയോടെയുള്ള മത്സരമായതിനാല്‍ എത്രനേരം കളിച്ചാലും ക്ഷീണമോ മടുപ്പോ ഉണ്ടാകുന്നില്ല എന്നതും ഫുട്‌ബോളിന്റെ നേട്ടംതന്നെ.

എല്ലുകള്‍ക്കും പേശികള്‍ക്കും

പേശികള്‍ക്ക് തുടര്‍ച്ചയായ വ്യായാമമാണ് ഫുട്‌ബോള്‍ കളിയിലുടെ ലഭിക്കുന്നത്. ഓടി കളിക്കുന്നതിനാല്‍ ദീര്‍ഘനേരം പേശികള്‍ക്ക് ജോലിചെയ്യേണ്ടിവരുന്നു. ഇത് ശരീരത്തിലെ എല്ലാ പേശികളെയും ശക്തിപ്പെടുത്തുന്നു. അതോടൊപ്പം എല്ലുകള്‍ക്കും നല്ല ഉറപ്പും ആരോഗ്യവും ലഭിക്കും. പ്രായമാകുമ്പോള്‍ എല്ലുകള്‍ക്കുണ്ടാകുന്ന ശക്തിക്ഷയം കുറയ്ക്കാന്‍ ചെറുപ്രായത്തിലുള്ള ഫുട്‌ബോള്‍ കളിയിലൂടെ സാധിക്കും. എല്ലുകളള്‍ക്കും പേശികള്‍ക്കും ആരോഗ്യം ലഭിക്കുന്നതുകൊണ്ട് ശരീരം ഉറപ്പുള്ളതാകും. ഇത് ശരീരസൗന്ദര്യം വര്‍ധിപ്പിക്കുന്നു. ആകര്‍ഷമാക്കുന്നു. ഹെല്‍ത്ത് €ബുകളില്‍ മണിക്കൂറുകളോളം വര്‍ക്കൗട്ട് ചെയ്യുന്നതിന് സമാനമാണ് അരമണിക്കൂര്‍ ഫുട്‌ബോള്‍ കളിക്കുന്നത്.

വര്‍ധിക്കുന്ന ശാരീരിക ക്ഷമത

ഓട്ടം, നടത്തം, ചാട്ടം, കുതിപ്പ് എന്നിങ്ങനെ ഒരേസമയം പലതരത്തിലുള്ള ശരീരചലനങ്ങള്‍ ഫുട്‌ബോളില്‍ ആവശ്യമായി വരുന്നു. ഇത് ഹൃദയത്തിന്റെ പ്രവര്‍ത്തനശേഷി വര്‍ധിപ്പിക്കുന്നു. ഇതിന്റെ ഫലമായി ശാരീരിക ക്ഷമതയും വര്‍ധിക്കുന്നു. അതിവേഗത്തില്‍ കിലോമീറ്ററുകള്‍ ഓടി ശീലിക്കുന്നതുകൊണ്ട് കായിക ക്ഷമതയില്‍ വന്‍ വര്‍ധനവാണ് ഉണ്ടാകുന്നത്. ഒരു പ്രൊഫഷണല്‍ ഫുട് മത്സരത്തില്‍ തൊണ്ണൂറ് മിനിറ്റുകളോളം ഒരേ നിലയിലുള്ള വ്യായാമമാണ് ശരീരത്തിന് ലഭിക്കുന്നത്. അതുകൊണ്ടാണ് അന്താരാഷ്ട്ര ഫുട്‌ബോള്‍ കളിക്കാന്‍ കളികഴിഞ്ഞും തളര്‍ന്നു വീഴാതിരിക്കുന്നത്. കായിക ക്ഷമതയ്‌ക്കൊപ്പം ആത്മവിശ്വാസവും വര്‍ധിപ്പിക്കാന്‍ ഫുട്‌ബോള്‍ കളിക്ക് കഴിയുന്നു. ഉറച്ച ശരീരവും ഉറച്ച മനസും ഫുട്‌ബോള്‍ കളിക്കാരന് കൂടിയേ തീരു. ഓരോ അവയവത്തിന്റെയും കൂട്ടായ പ്രവര്‍ത്തനമാണ് ഇവിടെ നടക്കുന്നത്. ഇതു തന്നെയാണ് സമ്പൂര്‍ണ ആരോഗ്യത്തിന് ആവശ്യം വേണ്ടതും.

മാനസിക പിരിമുറുക്കം അതിജീവിക്കാം

‘ഗോള്‍’ അല്ലെങ്കില്‍ ലക്ഷ്യമാണ് ഫുട്‌ബോള്‍ കളിയുടെ അടിസ്ഥാനം. ഒരോ കളിക്കാരനും ഗോള്‍ എന്ന ഒറ്റലക്ഷ്യത്തിനുവേണ്ടിയാണ് കളിക്കുന്നത്. വ്യക്തിപരമായ നേട്ടങ്ങള്‍ക്കു വേണ്ടിയല്ല ഒരു കളിക്കാരനും കളിക്കളത്തിലറങ്ങുന്നത്. കൂട്ടായ്മയുടെ കരുത്താണ് ഓരോ വിജയത്തിന്റെയും പിന്നില്‍. ടീമിലെ എല്ലാ കളിക്കാരും മികച്ച രീതിയില്‍ കളിച്ചാല്‍ മാത്രമേ ജയം സുനിശ്ചയമാവുകയുള്ളൂ. പന്ത് പാസു നല്‍കി കളിക്കുമ്പോള്‍ ഒരു കൂട്ടായ്മയും ടീം സ്പിരിറ്റുമാണ് പ്രകടമാകുന്നത്. ആത്മവിശ്വാസവും ലക്ഷ്യം നേടണമെന്ന ഉറച്ച ചിന്തയും ഓരോ കളിക്കാരന്റെയും മാനസികാരോഗ്യത്തെ ശക്തിപ്പെടുത്തുന്നു. കടുത്ത മാനസിക പിരിമുറുക്കത്തെ അതിജീവിക്കാന്‍ ഫുട്‌ബോള്‍ സഹായിക്കുന്നു.