ന്യൂഡല്‍ഹി: ലോകകപ്പ് കഴിഞ്ഞതോടെ വീറും വാശിയും നിറഞ്ഞ ഐപിഎല്‍ സീസണിലേക്കാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ലേലത്തിന് മുന്നോടിയായുള്ള കളിക്കാരുടെ കൈമാറ്റവും കച്ചവടവും അതുമായി ബന്ധപ്പെട്ട വാര്‍ത്തകളുമൊക്കെയാണ് ഇനി വിഷയം.
താരലേലം ഡിസംബര്‍ 19ന് ദുബായില്‍ നടക്കാനിരിക്കെ ധോണി നായകസ്ഥാനത്തു നിന്നും മാറുന്ന ചെന്നൈ സൂപ്പര്‍കിംഗ്‌സ് നായകനായി സഞ്ജു സാംസണെ തേടുന്നതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ധോണിക്ക് ശേഷമുള്ള ഭാവിയിലേക്ക് ഉറ്റുനോക്കുന്ന സിഎസ്‌കെ ഭാവി നായകായി സഞ്ജുവിനെ കാണാന്‍ ശ്രമിക്കുന്നു എന്നാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവരുന്ന വാര്‍ത്ത.
ഒരു ആരാധകന്‍ തന്റെ ‘എക്‌സ്’ അക്കൗണ്ടില്‍ നിന്ന് ഈ വാര്‍ത്ത പോസ്റ്റ് ചെയ്യുകയും അതിന്റെ ഉറവിടമായി രവിചന്ദ്രന്‍ അശ്വിന്റെ യൂട്യൂബ് ഉദ്ധരിക്കുകയും ചെയ്തു. എന്നാല്‍, അശ്വിന്‍ ട്വീറ്റിനോട് പ്രതികരിച്ചത് ‘വ്യാജ വാര്‍ത്ത!’ എന്നായിരുന്നു. തന്നെ ഉദ്ധരിച്ച് കള്ളം പറയരുതെന്നും പറഞ്ഞു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2024 സീസണിലെ കളിക്കാരെ നിലനിര്‍ത്തല്‍ വിന്‍ഡോ ഞായറാഴ്ച അവസാനിക്കാനിരിക്കെ, 10 ഫ്രാഞ്ചൈസികള്‍ 173 കളിക്കാരെ നിലനിര്‍ത്തി. എംഎസ് ധോണി വീണ്ടും സിഎസ്‌കെയുടെ ക്യാപ്റ്റന്‍ വേഷത്തില്‍ എത്തുമ്പോള്‍ സഞ്ജുവിനെ രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്തി.