ന്യൂസിലന്റിനെതിരേയുള്ള ക്രിക്കറ്റ് പരമ്പരയില്‍ രണ്ടാം മത്സരവും ഇന്ത്യ തോറ്റതോടെ ടീമിനും കോച്ചിനുമെതിരേ വന്‍ വിമര്‍ശനം. ആദ്യ മത്സരത്തിലെ ആദ്യ ഇന്നിംഗ്‌സില്‍ ദുരന്തമായതും രണ്ടാമത്തെ മത്സരം കൈവിട്ടതും വെച്ചത് നോക്കിയാല്‍ ന്യൂസിലന്റ് പരമ്പര 3-0 ന് നേടിയാലും അത്ഭുതപ്പെടേണ്ട കാര്യമില്ലെന്നാണ് വിമര്‍ശകരുടെ വിലയിരുത്തല്‍.
ബംഗ്ലാദേശ് പോലെ അല്ല ന്യൂസിലന്‍ഡ് ടീമെന്ന കാര്യം പരീശീലകനും ടീമും ഓര്‍ത്തില്ല. പരിശീലകനായി ചുമതലയേറ്റ ശേഷം ഗംഭീറിന് കീഴില്‍ നടക്കുന്ന രണ്ടാമത്തെ ടെസ്റ്റ് പരമ്പരയാണ് ഇത്. രവിശാസ്ത്രിക്കും ഗാരി കിര്‍സ്റ്റനുമൊക്കെ കീഴില്‍ മികച്ച പ്രകടനം നടത്തിയ ടീമാണ് ഇത്. കിര്‍സ്റ്റനും ശാസ്ത്രിയുമാണ് ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട ഏറ്റുവും മികച്ച പരിശീലകരെന്നും രാഷ്ട്രീയമോ വ്യക്തിനിഷ്ടമോ അല്ല കാര്യങ്ങളെന്നും ഇവര്‍ പറയുന്നു. പുണെയില്‍ സ്പിന്‍കുഴി ഒരുക്കിയിട്ടും പണി അറിയാത്തത് കാരണമാണ് ഇന്ത്യയ്ക്ക് ആദ്യ മത്സരം ജയിക്കാന്‍ പറ്റാതെ പോയതെന്നാണ് വിമര്‍ശനം.
2017 ജൂലൈയില്‍, സൗരവ് ഗാംഗുലി, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വിവിഎസ് ലക്ഷ്മണ്‍ എന്നിവരടങ്ങുന്ന ക്രിക്കറ്റ് ഉപദേശക സമിതിക്ക് കീഴില്‍ ശാസ്ത്രിയെ ദേശീയ ടീമിന്റെ മുഖ്യ പരിശീലകനായി നിയമിച്ചതോടെ ഇന്ത്യയുടെ സുവര്‍ണ്ണ കാലമായിരുന്നു. ഇന്ത്യന്‍ പരിശീലകനെന്ന നിലയില്‍ മോശം തുടക്കമായിരുന്നു, പക്ഷേ തുടക്കത്തിനും അവസാനത്തിനും ഇടയില്‍, ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ശക്തമായ ടീമുകളിലൊന്നായി ഇന്ത്യയെ മാറ്റാന്‍ അദ്ദേഹത്തിനായി.
ഓസ്ട്രേലിയയിലെ പരമ്പര വിജയമായിരുന്നു ഏറ്റവും വലിയ നേട്ടം. ശാസ്ത്രിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍, 2018/19 ല്‍ അവരുടെ വീട്ടുമുറ്റത്ത് ഓസ്ട്രേലിയയെ ഒരു ടെസ്റ്റ് പരമ്പരയില്‍ തോല്‍പ്പിക്കുന്ന ആദ്യ ഏഷ്യന്‍ ടീമായി ഇന്ത്യ ചരിത്രം രചിച്ചു. സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും ഇല്ലാത്ത ടീമിനെയാണ് ഇന്ത്യ തോല്‍പ്പിച്ചതെന്നായിരുന്നു അന്ന് ഉണ്ടായ വിമര്‍ശനം. എന്നാല്‍ 2020/21 ലും അവര്‍ മികച്ച നേട്ടം ആവര്‍ത്തിച്ചു. പര്യടനത്തിന്റെ മുഴുവന്‍ സമയത്തും ഇന്ത്യന്‍ സൂപ്പര്‍താരം കോഹ്ലിയുടെ അഭാവത്തിലും ശാസ്ത്രിയും അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയും ടീമിനെ മികച്ച രീതിയില്‍ നയിച്ചു. ഓസ്ട്രേലിയയെ തോല്‍പ്പിച്ച് ഇന്ത്യ തുടര്‍ച്ചയായി രണ്ടാം തവണയും ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി സ്വന്തമാക്കി.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ ഉദ്ഘാടന പതിപ്പില്‍ ഇന്ത്യയെ ഫൈനലില്‍ എത്തിക്കാനും ശാസ്ത്രിക്കായി. 2016 മുതല്‍ 2020 വരെയുള്ള 42 മാസക്കാലം നാട്ടില്‍ മാത്രമല്ല, പുറത്തുള്ള പ്രകടനങ്ങളും ഇന്ത്യ ലോക ഒന്നാം റാങ്കില്‍ പിടിച്ചുനിന്നു. ഏകദിന ലോകകപ്പില്‍ സെമിഫൈനലില്‍ പുറത്തായി. രവിശാസ്ത്രിക്ക് കീഴില്‍ ഇന്ത്യ 43 ടെസ്റ്റ് മത്സരങ്ങളാണ് കളിച്ചത്. ഇതില്‍ 25 എണ്ണവും വിജയമായിരുന്നു. 76 ഏകദിനം കളിച്ചപ്പോള്‍ 51 ജയം കണ്ടെത്തി. 65 ടി20 യില്‍ 42 ലും വിജയം കുറിച്ചു.
യഥാര്‍ത്ഥത്തില്‍ ഇന്ത്യ അതിന്റെ ശരിയായ കരുത്തിലേക്ക് കുതിച്ചത് ഗാരി കിര്‍സ്റ്റന് കീഴിലായിരുന്നു. ഇന്ത്യയെ ഏകദിന ലോകകപ്പിലേക്ക് നയിച്ച കിര്‍സ്റ്റന് കീഴിലായിരുന്നു ധോനിയും കൂട്ടരും നേട്ടമുണ്ടാക്കിയത്. കിര്‍സ്റ്റനും ധോണിക്കും കീഴില്‍ 33 ടെസ്റ്റുകളില്‍ ഇറങ്ങിയ ഇന്ത്യ 16 മത്സരങ്ങളിലും ജയിച്ചു. 93 ഏകദിനത്തില്‍ 59 ലും ജയം നേടിയപ്പോള്‍ ടി20 യില്‍ 18 ല്‍ ഒമ്പതിലും ജയമായിരുന്നു.