Crime

‘മുന്നാഭായി’ വരും പരീക്ഷ എഴുതാൻ; രവി അത്രി നീറ്റ് തട്ടിപ്പുകാരുടെ ആൾമാറാട്ടക്കാന്‍ ?

സഞ്ജയ് ദത്തിന്റെ ‘മുന്നാഭായി എം.ബി.ബി.എസ്’ എന്ന ബോളിവുഡ് സിനിമ ഓര്‍മ്മയില്ലേ? മെഡിക്കൽ പ്രവേശന പരീക്ഷയിൽ ആൾമാറാട്ടം നടത്തി ഉയർന്ന റാങ്ക് കരസ്ഥമാക്കുന്ന കഥയാണ് സിനിമ പറയുന്നത്. പരീക്ഷ എഴുതേണ്ടയാളിനുപകരം ആൾമാറാട്ടം നടത്തി വേറെയാളെകൊണ്ട് പരീക്ഷ എഴുതിക്കുന്നതാണത്രെ തട്ടിപ്പുകാരുടെ തന്ത്രം. ഇപ്പോള്‍ വിവാദമായിരിക്കുന്ന നീറ്റ് പരീക്ഷയില്‍ ചോദ്യപേപ്പർ ചോർത്തിയവരെന്ന് കരുതുന്ന ‘സോൾവർ ഗ്യാങ്ങ്’ ആൾമാറാട്ടം നടത്തി പരീക്ഷയെഴുതാൻ ഇതുപോലുള്ള ‘മുന്നാഭായി’മാരെ വാഗ്ദാനം ചെയ്തതായാണ് വിവരം.

ഉത്തര്‍പ്രദേശ്‌ സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സ് തട്ടിപ്പിന്റെ മുഖ്യസൂത്രധാരന്‍ രവി അത്രിയെ അറസ്റ്റ് ചെയ്തിരുന്നു. . ഗ്രേറ്റര്‍ നോയിഡ നീംക ഗ്രാമത്തില്‍നിന്നുള്ള ആളാണ്‌ അത്രി. പരീക്ഷാപേപ്പര്‍ ചോര്‍ച്ചയില്‍ മുമ്പുംആരോപിക്കപണവിധേയനായിട്ടുള്ള വ്യക്‌തിയാണ്‌ രവി അത്രി. ‘സോള്‍വര്‍ ഗ്യാങ്‌’ എന്ന നെറ്റ്‌വര്‍ക്ക്‌ വഴി സോഷ്യല്‍ മീഡിയയിലൂടെ ചോദ്യപേപ്പറുകള്‍ അപ്‌ലോഡ്‌ ചെയ്യുകയായിരുന്നുവത്രേ ഇയാളുടെ രീതി. മെഡിക്കല്‍ പ്രവേശന പരീക്ഷാ പേപ്പറുകള്‍ ചോര്‍ത്തിയെന്നാരോപിച്ച്‌ 2012ല്‍ ഡല്‍ഹി പോലീസ്‌ക്രൈംബ്രാഞ്ച്‌ അത്രിയെ അറസ്‌റ്റ് ചെയ്‌തിരുന്നു.

2007-ല്‍ കുടുംബംഅത്രിയെ മെഡിക്കല്‍ പ്രവേശന പരീക്ഷയ്‌ക്ക് തയ്യാറെടുക്കാന്‍ കോട്ടയിലേക്ക്‌ അയച്ചു. നാലുവര്‍ഷത്തിനുശേഷം 2012ല്‍ പരീക്ഷ പാസായ അത്രി പി.ജി.ഐ റോഹ്‌ത്തക്കിലാണ് പ്രവേശനം നേടിയത്. എന്നാല്‍, നാലാം വര്‍ഷത്തെ പരീക്ഷയെഴുതാനൊന്നും അത്രി നിന്നില്ല. അപ്പോഴേക്കും പരീക്ഷാ മാഫിയയുമായി സമ്പര്‍ക്കം തുടങ്ങിയിരുന്ന ഇയാള്‍ മറ്റ്‌ വിദ്യാര്‍ഥികളുടെ പേരില്‍ പരീക്ഷയെഴുതിയിരുന്നെന്നാണ്‌ അധികൃതര്‍ പറയുന്നത്‌. പരീക്ഷാവിഷയങ്ങളില്‍ ഗ്രാഹ്യമുള്ള ഇയാള്‍ വിദ്യാര്‍ഥികളെ പഠനത്തിനും സഹായിച്ചിട്ടുണ്ട്. കൊറിയര്‍ കമ്പനി ജീവനക്കാരെ സ്വാധീനിച്ചാണ്‌ അത്രി ചോദ്യപ്പേപ്പര്‍ ചോര്‍ത്തിയതെന്നാണു പോലീസ്‌ കണ്ടെത്തിയിട്ടുള്ളത്‌.