ആദ്യ നോട്ടത്തില്‍ ആരെയും ഒന്ന് ആകര്‍ഷിക്കും. നല്ല ഓമനത്തം തുളുമ്പുന്ന മുഖം. ഒന്ന് എടുത്ത് കൊഞ്ചിക്കാനൊക്കെ തോന്നും. എന്നാല്‍ അടുത്തേക്ക് ചെന്നാലോ, അപകടകാരികളാണിവര്‍. മണല്‍ പൂച്ചകളെകുറിച്ചാണ് പറഞ്ഞു വരുന്നത്. ബിര്‍മാന്‍ മുതല്‍ പേര്‍ഷ്യന്‍ ഇനത്തില്‍പ്പെട്ട പൂച്ചകളെക്കുറിച്ച് വരെ നമ്മള്‍ കേട്ടിട്ടുണ്ടെങ്കിലും മരുഭൂമിയില്‍ കാണപ്പെടുന്ന മണല്‍ പൂച്ചകള്‍ പലര്‍ക്കും അപരിചിതരാണ്. വംശനാശ ഭീഷണി നേരിടുന്ന മണല്‍പൂച്ചകളില്‍ ഒന്നിനെ സൗദി അറേബ്യയില്‍ കണ്ടെത്തിയതായി അധികൃതര്‍ പറഞ്ഞു.
നഫൂദ് അല്‍ അരിഫ് എന്ന സംരക്ഷിത പ്രദേശത്ത് നിന്നുമാണ് ഇതിനെ ലഭിച്ചതെന്ന് ദേശീയ വന്യജീവി ഗവേഷണ സംരക്ഷണ കേന്ദ്രം അധികൃതര്‍ എക്‌സ് പ്ലാറ്റ് ഫോമിലൂടെയാണ് പറഞ്ഞത്. ഇവര്‍ക്ക് ജീവിക്കാനുള്ള സംരക്ഷണ പദ്ധതികള്‍ അധികൃതര്‍ ഒരുക്കിയട്ടുണ്ട്.
ഗള്‍ഫ് യുദ്ധക്കാലത്ത് സൗദി സർക്കാര്‍ 8 മണല്‍ പൂച്ചകളെ കാലിഫോര്‍ണിയ ആസ്ഥാനമായ രാജ്യന്തര സംരക്ഷണ സംഘടനായ എസ് ഒ എസ് കെയറിലേക്ക് അയച്ച് അവയുടെ സംരക്ഷണം ഉറപ്പാക്കിയിരുന്നു. ഇവയുടെ യഥാര്‍ത്ഥ പേര് ഫെലിസ് മര്‍ഗരീത്ത എന്നാണ്. പൂര്‍ണ വളര്‍ച്ചയെത്തിയ ഇവയ്ക്ക് 2 മുതല്‍ 3 അടി വരെ നീളവും 5-8 കിലോ വരെ തൂക്കവുമുണ്ടാകും. വാസസ്ഥലത്ത് നിന്ന് 5 കിലോ മീറ്റര്‍ വരെ ഇവ സഞ്ചരിക്കുമത്രേ. ഈജിപ്ത്, പെനിന്‍സുല തുടങ്ങിയിടത്ത് നിന്ന് മണല്‍പൂച്ചകളെ കണ്ടെത്തിയട്ടുണ്ട്.
ഇതിന് പ്രത്യേകതകളും ഏറെയാണ്. കണ്ടാല്‍ വീടുകളില്‍ വളര്‍ത്തുന്ന പൂച്ചകളെ പോലെ ഓമനത്തം തോന്നുന്ന മുഖമായിരിക്കും. തീവ്ര ആക്രമണ സ്വഭാവവും. വന്യജീവികളുടെ ഗണത്തിലാണ് ഇവരെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കാണാന്‍ ചെറുതായിരിക്കും. മങ്ങിയ ബ്രൗണ്‍ നിറം മുതല്‍ ഇളം ചാരം നിറത്തില്‍ വരെ കാണപ്പെടാം. വിശാലമായ തലയും വലിയ കണ്ണുകളും കൂര്‍ത്ത ചെവിയുമാണുള്ളത്. വാലിനും നീളമുണ്ട്. കാലുകളില്‍ കറുത്ത വരകളും കവിളുകളില്‍ ചുമപ്പ് പാടുകളുമുണ്ട്. മനുഷ്യരോട് ഒട്ടും ഇണങ്ങില്ലായെന്നാണ് നിരീക്ഷകര്‍ പറയുന്നത്.
ആക്രമിക്കുന്ന സ്വഭാവക്കാരുമാണ് ഇവർ . മണല്‍ പൂച്ചകള്‍ക്ക് പകല്‍ സമയത്തെ കടുത്ത ചൂടും രാത്രി കാലങ്ങളിലെ തണുപ്പും മരുഭൂമിയിലെ കാലാവസ്ഥയോട് ഇണങ്ങി ജീവിക്കാനായി സാധിക്കും. ഇവയുടെ പാദങ്ങള്‍ കട്ടിയുള്ള രോമങ്ങളാല്‍ പൊതിഞ്ഞിരിക്കുന്നു. മണലില്‍ താഴ്ന്നിറങ്ങാതെ നടക്കാനായി സാധിക്കും. സാധാരണ പൂച്ചകളെക്കാൾ വ്യത്യസ്തമായി ഇവയുടെ കണ്ണുകളില്‍ പ്രകാശമടിച്ചാല്‍ കുനിഞ്ഞ് കണ്ണടയ്ക്കുന്നതാണ് രീതി. അതിനാല്‍ തന്നെ രാത്രികളില്‍ ശത്രുക്കൾക്കും ഇരകള്‍ക്കും ഇവയെ പെട്ടെന്ന് കണ്ടെത്താനായി സാധിക്കില്ല.