Crime

ബാലചന്ദ്രമേനോനും ജയസൂര്യയ്ക്കും എതിരായ പീഡനക്കേസ്: കുറ്റപത്രം സമര്‍പ്പിക്കാനാകില്ലെന്നു പോലീസ്‌

നടന്മാരായ ബാലചന്ദ്രമേനോന്‍, ജയസൂര്യ എന്നിവര്‍ക്കെതിരായ പീഡനാരോപണക്കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനാകില്ലെന്നു പോലീസ്‌. തെളിവുകളുടെ അഭാവമാണ്‌ കാരണമെന്നും വിശദീകരണം.

2008-ല്‍ പുറത്തിറങ്ങിയ ‘ദേ ഇങ്ങോട്ട്‌ നോക്കിയേ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഇരുവരും പീഡിപ്പിച്ചെന്നാരോപിച്ചാണ്‌ യുവതി പരാതിപ്പെട്ടത്‌. ഇതിന്റെ അടിസ്‌ഥാനത്തില്‍ ബലാത്സംഗക്കുറ്റം ചുമത്തി കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തു. പരാതിക്കാരി ഉന്നയിച്ച കാര്യങ്ങളില്‍ ചിലതിനു മാത്രമാണ്‌ തെളിവ്‌ ലഭിച്ചത്‌. എന്നാല്‍ പീഡിപ്പിച്ചതിന്‌ തെളിവില്ല. ഇത്‌ ആധാരമാക്കി കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിയില്ലെന്ന്‌ പോലീസ്‌ പറയുന്നു. അന്വേഷണ സംഘം റിപ്പോര്‍ട്ട്‌ ഉടന്‍ ക്രൈംബ്രാഞ്ച്‌ എ.ഡി.ജി.പിക്കു നല്‍കും.

എ.ഡി.ജി.പിയുടെ അഭിപ്രായം ലഭിച്ചശേഷം കുറ്റപത്രം സമര്‍പ്പിക്കുന്നതില്‍ അന്തിമ തീരുമാനമെടുക്കും.സെക്രട്ടേറിയറ്റ്‌ വളപ്പിലായിരുന്നു ഷൂട്ടിങ്‌. പരാതിക്കാരി പറയുന്ന ദിവസം ഇവിടെ ചിത്രീകരണം നടന്നിട്ടുണ്ടെങ്കിലും ഓഫീസിലോ മുറികളിലോ കയറാന്‍ സര്‍ക്കാര്‍ അനുവാദം നല്‍കിയില്ലന്നാണു പോലീസ്‌ കണ്ടെത്തല്‍.

സെക്രട്ടേറിയറ്റിലെ ഒരു ശൗചാലയത്തില്‍വച്ച്‌ ജയസൂര്യ പീഡിപ്പിച്ചെന്നാണ്‌ പരാതിയില്‍ പറയുന്നത്‌. ഇവിടം പക്ഷേ, ഇടിച്ചുപൊളിച്ച്‌ വനംമന്ത്രിയുടെ ഓഫീസാക്കി. അതിനാല്‍ പരാതിക്കാരിക്കു കൃത്യമായ സ്‌ഥലം തിരിച്ചറിയാന്‍ കഴിഞ്ഞില്ല. ഇതേ സിനിമയുടെ ചിത്രീകരണത്തിനിടെ ഹോട്ടലിലേക്കു വിളിച്ചുവരുത്തിയാണ്‌ നടന്‍ ബാലചന്ദ്ര മേനോന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്നായിരുന്നു മറ്റൊരു പരാതി. യുവതി സൂചിപ്പിച്ച ഹോട്ടലില്‍ ബാലചന്ദ്ര മേനോന്‍ താമസിച്ചതായി പോലീസ്‌ കണ്ടെത്തി. എന്നാല്‍ പരാതിക്കാരി അവിടെ വന്നതിനു തെളിവില്ല. വര്‍ഷങ്ങള്‍ കഴിഞ്ഞതിനാല്‍ സി.സി. ടിവി ദൃശ്യം, മൊബൈല്‍ ലൊക്കേഷന്‍ പോലുള്ള തെളിവുകള്‍ ലഭിച്ചില്ല.

സംഭവത്തിനു സാക്ഷിയായി പരാതിക്കാരി അവതരിപ്പിച്ച ജൂനിയര്‍ ആര്‍ട്ടിസ്‌റ്റ് മൊഴിമാറ്റിയതും തിരിച്ചടിയായി. നടന്മാരായ മുകേഷ്‌, മണിയന്‍പിള്ള രാജു എന്നിവരടക്കം ഏഴുപേര്‍ക്കെതിരേ പരാതി നല്‍കിയ നടിയാണ്‌ ജയസൂര്യയ്‌ക്കും ബാലചന്ദ്ര മേനോനുമെതിരേയും പരാതിപ്പെട്ടത്‌.