സിനിമയില്‍ നിന്നും ദീര്‍ഘകാലമായി ഇടവേളയെടുത്തിരിക്കുന്ന നടി സായ്പല്ലവി മലയാളത്തില്‍ അഭിനയക്കാനൊരുങ്ങുന്നു എന്നതാണ് നടിയുടെ മലയാളി ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന ഏറ്റവും പുതിയ വിവരം. നിവിന്‍ പോളിയുടെ നായികയായി വീണ്ടും മലയാളത്തിലേക്ക് എത്താന്‍ പോകുന്ന നടിയെ പക്ഷേ ബോളിവുഡില്‍ ഉടന്‍ കാണാനാകും. രാമായണം സിനിമയിലൂടെ തെന്നിന്ത്യന്‍ സിനിമയില്‍ നിന്നും ബോളിവുഡില്‍ കാല്‍ ചവിട്ടാന്‍ പോകുന്ന മറ്റൊരു നടിയായി താരം മാറും.
ആനിമല്‍ സിനിമയ്ക്ക് പിന്നാലെ രണ്‍ബീര്‍ കപൂറായിരിക്കും സിനിമയിലെ നായകന്‍. 2024 മാര്‍ച്ചില്‍ ഷൂട്ടിംഗ് തുടങ്ങുന്ന സിനിമയില്‍ സായ് പല്ലവി സീതയായിട്ടാണ് എത്തുന്നത്. രണ്‍ബീര്‍ കപൂര്‍ ശ്രീരാമനെ അവതരിപ്പിക്കുമ്പോള്‍ രാവണനാകാന്‍ പോകുന്നത് കന്നഡ സൂപ്പര്‍താരം യാഷ് ആണ്. 2025 പകുതിയോടെ സിനിമ പ്രദര്‍ശനത്തിന് എത്തും. ദേശീയ പുരസ്‌ക്കാര ജേതാവായ സംവിധായകന്‍ നിതേഷ് തിവാരിയാണ് രാമായണം സൃഷ്ടിക്കുന്നത്. രാമായണത്തിന്റെ വിഎഫ്എക്‌സ് സൃഷ്ടിക്കുന്നത് ഓസ്‌ക്കാര്‍ ജേതാക്കളായ ഡിഎന്‍ഇജി യാണ്.
രണ്ടു ഭാഗമായിട്ട് വരുന്ന സിനിമയുടെ ആദ്യ ഭാഗത്ത് യാശിന്റെ രാവണന് കാര്യമായ ഭാഗം ഇല്ല. എന്നാല്‍ രണ്ടാം ഭാഗത്ത് യാശിന്റെ രാവണനെ കേന്ദ്രബിന്ദുവാക്കിയാണ് സിനിമ മുമ്പോട്ട് പോകുക. നിതേഷ് തിവാരിയുടെ സിനിമയില്‍ താന്‍ അഭിനയിക്കുന്നില്ലെന്ന് യാശ് ജൂണില്‍ പറഞ്ഞിരുന്നു. എന്നാല്‍ ആരാധകരുടെ ആവശ്യപ്രകാരം താരം സനിമയുടെ ഭാഗമാകാമെന്ന് സമ്മതിച്ചിരിക്കുകയാണ്. രാമായണത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികളുടെ ഭാഗമായി രണ്‍ബീര്‍ കപൂര്‍ അടുത്തിടെ ഡിഎന്‍ഇജി യുടെ ലോസ് ഏഞ്ചല്‍സിലെ ഓഫീസ് സന്ദര്‍ശിച്ചിരുന്നു.