നടിയെ ആക്രമിച്ച കേസിൽ ദിലീപ് കുറ്റക്കാരനാണെന്ന് ഒരു ഘട്ടത്തിലും തനിക്ക് തോന്നിയിട്ടില്ലെന്ന് നടൻ രമേഷ് പിഷാരടി. ദിലീപ് കുറ്റം ചെയ്തിട്ടില്ലെങ്കിൽ അദ്ദേഹം വേട്ടയാടപ്പെടുകയാണ് ചെയ്തിട്ടുള്ളത്. കോടതി പറയുന്ന കാര്യങ്ങൾ വിശ്വസിക്കുക എന്നത് മാത്രമെ തനിക്ക്ചെയ്യാനുള്ളൂ അതിജീവിതയ്ക്കൊപ്പമാണ് താൻ നിൽക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
രമേഷ് പിഷാരടിയുടെ വാക്കുകൾ:
‘നടിയെ ആക്രമിച്ച കേസിലെ വിധിയെക്കുറിച്ചുള്ള എന്റെ അഭിപ്രായത്തിന് പ്രസക്തിയില്ലെന്നാണ് തോന്നുന്നത്. നീതിയെ സംബന്ധിച്ച് രണ്ട് കാര്യങ്ങളാണ്, ഞാനും നിങ്ങളും മാധ്യമങ്ങളുമൊക്കെ തീരുമാനിക്കുന്ന നീതിയുണ്ട്. ഇതുകൂടാതെ കോടതിക്ക് മുന്നിൽ വരുന്ന തെളിവുകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തിൽ തീരുമാനിക്കപ്പെടുന്ന നീതിയുമുണ്ട്. ഈ രണ്ട് നീതികളും തമ്മിൽ പൊരുത്തക്കേടുകൾ ഉണ്ടാകാം, ഉണ്ടാകാതിരിക്കാം. എപ്പോഴും നമ്മൾ ആഗ്രഹിക്കുന്ന വിധി കോടതിയിൽ നിന്ന് വരണമെന്നില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ കോടതി പറയുന്ന കാര്യങ്ങൾ വിശ്വസിക്കുക എന്നത് മാത്രമെ എനിക്ക് ചെയ്യാനുള്ളൂ.
ദിലീപ് കുറ്റം ചെയ്തിട്ടില്ലെങ്കിൽ അദ്ദേഹം വേട്ടയാടപ്പെടുകയാണ് ചെയ്തിട്ടുള്ളത്. അത് തെളിയിക്കേണ്ടത് അദ്ദേഹമാണ്. വ്യക്തിപരമായ അഭിപ്രായ പ്രകടനത്തിന് ഇവിടെ പ്രസക്തിയില്ല. എനിക്ക് ഇവരൊക്കെയുമായി വ്യക്തി ബന്ധമുണ്ട്. ഞാൻ അതിജീവിതയ്ക്കൊപ്പമാണ് നിൽക്കുന്നത്. അവർക്ക് മാനസികമായ പിന്തുണ നൽകാനല്ലേ നമുക്ക് പറ്റൂ. ദിലീപ് കുറ്റക്കാരനാണെന്ന് ഒരു ഘട്ടത്തിലും എനിക്ക് തോന്നിയിട്ടില്ല. കാരണം അങ്ങനെ തോന്നാനുള്ളതൊന്നും എന്റെ കയ്യിൽ ഇല്ല. ദിലീപിനെതിരെ ആരോപണം ഉന്നയിച്ചയാളെ എനിക്ക് വ്യക്തിപരമായി പരിചയമില്ല. അപ്പോൾ, ഇത് കേട്ടയുടനെ ഒരാൾ കുറ്റക്കാരനാണ് എന്നെനിക്ക് അനുമാനിക്കാൻ കഴിയില്ലല്ലോ.’




