Movie News

‘രാമായണ’ത്തില്‍ ശ്രീരാമനാകണം, മദ്യപാനവും മാംസാഹാരവും നിര്‍ത്തി രണ്‍ബീര്‍കപൂര്‍ വ്രതത്തില്‍

‘ആനിമലി’ല്‍ കൊല്ലും കൊലയുമായി ക്രൂരനും ദുര്‍ബ്ബലനുമായ കഥാപാത്രത്തെ അവതരിപ്പിച്ച രണ്‍ബീര്‍കപൂര്‍ അടുത്ത സിനിമയില്‍ മര്യാദാപുരുഷോത്തമനായ ശ്രീരാമനെ അവതരിപ്പിക്കാന്‍ സ്വഭാവവും ശീലങ്ങളും പോലും മാറ്റുന്നു. നിതേഷ് തിവാരിയുടെ മാഗ്‌നം ഓപസ് ‘രാമായണി’ല്‍ ശ്രീരാമനെ അവതരിപ്പിക്കാന്‍ ഒരുങ്ങുന്ന താരം മദ്യപാനവും പുകവലിയും മാംസാഹാരവും ഒഴിവാക്കിയതായി റിപ്പോര്‍ട്ട്.

തന്റെ പൊതു പ്രതിച്ഛായയ്ക്കൊപ്പം ശരിയായ ഒരു ശ്രീരാമ ഭക്തന്‍ എന്ന നിലയില്‍ ഭക്തിയോടും ഭയത്തോടെയും ശുദ്ധിയും വൃത്തിയും ഉള്‍പ്പെടെയുള്ള വ്രതശുദ്ധിയോടെയാണ് സിനിമയുടെ ഭാഗമാകാനാണ് താരം ആഗ്രഹിക്കുന്നത്. ഈ കാര്യം മുന്‍നിര്‍ത്തി രാത്രി വൈകിയുള്ള പാര്‍ട്ടികള്‍ ഒഴിവാക്കിയിരിക്കുകയാണ്. സിനിമയില്‍ വില്ലനായ രാവണനെ അവതരിപ്പിക്കുന്നത് കന്നഡതാരം യാഷ് ആണ്. സായ് പല്ലവി സീതയായി ചിത്രത്തിലെത്തും.

വന്യത നിറഞ്ഞ കഥാപാത്രമായി ആനിമലില്‍ എത്തിയതിന് പിന്നാലെയാണ് ദൈവത്തെ താരം അവതരിപ്പിക്കുന്നത്.രണ്‍ബീര്‍ കപൂര്‍, സായ് പല്ലവി, യാഷ് എന്നീ മൂന്ന് പ്രധാന കഥാപാത്രങ്ങളും ചിത്രത്തിനായുള്ള യഥാക്രമം ലുക്ക് ടെസ്റ്റുകള്‍ ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇതിനിടയില്‍ നിതേഷ് തിവാരിയുടെ രാമായണത്തില്‍ ഭര്‍ത്താവ് രണ്‍ബീര്‍ കപൂറിനൊപ്പം സീതയുടെ വേഷത്തിനായി ആലിയ ഭട്ടിനെയും സമീപിച്ചിരുന്നു. അജ്ഞാതമായ ചില കാരണങ്ങളാല്‍ നടിക്ക് പ്രോജക്റ്റ് നിരസിക്കേണ്ടി വന്നു. ആലിയ തള്ളിയത് സായ്പല്ലവിക്ക് നേട്ടമായി മാറുകയായിരുന്നു. നടിയുടെ പ്രഥമ ബോളിവുഡ് സംരംഭമാണ് സിനിമ.

കഴിഞ്ഞ ദിവസമാണ് അയോദ്ധ്യയില്‍ ശ്രീരാമക്ഷേത്രം ഭക്തര്‍ക്കായി തുറന്നുകൊടുത്തത്. ജനുവരി 22 ന് നടന്ന രാംലല്ല പ്രതിഷ്ഠാ ചടങ്ങിലേക്ക് രണ്‍ബീറിനും ആലിയയ്ക്കും ക്ഷണം ലഭിച്ചിരുന്നു. രണ്ടുപേരും പ്രതിഷ്ഠാചടങ്ങില്‍ ബോളിവുഡില്‍ നിന്നുള്ള അനേകം അതിഥികള്‍ക്കൊപ്പം പങ്കെടുക്കുകയും ചെയ്തിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് രണ്‍ബീര്‍ രാമായണത്തില്‍ ശ്രീരാമനായി അഭിനയിക്കാനും തയ്യാറെടുക്കുന്നത്.