Movie News

നയന്‍താരയ്ക്ക് ബോളിവുഡില്‍ പിടിമുറുകുന്നു; സൂര്യ നായകനാകുന്ന കര്‍ണനില്‍ നായിക?

ആറ്റ്‌ലീയുടെ ജവാന്റെ വന്‍ വിജയത്തിന് ശേഷം നയന്‍താരയെ ബോളിവുഡിന് പിടിച്ച മട്ടാണ്. നടിയെ തേടി ഓഫറുകള്‍ വന്നു തുടങ്ങിയിട്ടുണ്ട്. ബോളിവുഡ് ചലച്ചിത്ര നിര്‍മ്മാതാവ് രാകേഷ് ഓംപ്രകാശാണ് നയന്‍സിനെ തേടിയെത്തിയിരിക്കുന്ന ഏറ്റവും പുതിയ ആള്‍. തമിഴ്‌നടന്‍ സൂര്യയെ നായകനാക്കി ഒരുക്കുന്ന കര്‍ണനില്‍ നായികയാകാന്‍ നയന്‍സിനെ രാകേഷ് സമീപിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

സൂര്യയുടെ ബോളിവുഡ് കാല്‍വെയ്പ്പായ സിനിമ മഹാഭാരതത്തെ അവലംബിച്ച് കര്‍ണന്റെ കഥയാണ് പറയുന്നതെന്നാണ് വിവരം. ചിത്രത്തിനായി നയന്‍താരയെ സമീപിച്ചതായി അറിയാന്‍ കഴിഞ്ഞു. നേരത്തെ ഗ്‌ളാമര്‍ സുന്ദരി ദിഷാ പഠാണിയെ ആലോചിച്ച വേഷമാണ് നയന്‍സിലേക്ക് വരുന്നത്. ആറ്റ്‌ലി ബോളിവുഡില്‍ അവതരിപ്പിച്ച പുതിയ ശൈലി പോലെ തെന്നിന്ത്യയിലെയും ബോളിവുഡിലെയും വമ്പന്‍ താരനിരയെ ഒരുമിപ്പിച്ച് സിനിമ ചെയ്യാനാണ് ആലോചന. സൂര്യയ്ക്കും നയന്‍താരയ്ക്കും പുറമേ നടി പ്രിയങ്കാചോപ്രയേയും സിനിമയില്‍ കൊണ്ടുവരാന്‍ രാകേഷ് ശ്രമിക്കുന്നുണ്ട്.

സൂര്യന്റെയും കുന്തിയുടെയും മകനായ മഹാഭാരതത്തിലെ കര്‍ണ്ണനെ അടിസ്ഥാനമാക്കിയുള്ള കഥയാണ് സിനിമയാകുന്നത്. അടുത്ത വര്‍ഷം ആദ്യം ചിത്രീകരണം ആരംഭിക്കും. പുരാണ കാലഘട്ടത്തിലെ നാടകം എക്‌സല്‍ എന്റര്‍ടൈന്‍മെന്റ് നിര്‍മ്മിക്കുന്നു, 2024 ജനുവരിയില്‍ തിയറ്ററുകളിലെത്തും. ഇത് ഒരു ബഹുഭാഷാ പാന്‍ ഇന്ത്യ സിനിമയായിരിക്കും. രണ്ട് ഭാഗങ്ങളായിട്ടായിരിക്കും സിനിമ പുറത്തുവരിയെന്നും പറയുന്നു.