ശുചീകരണ തൊഴിലാളിയായ പത്മയ്ക്ക് തമിഴ് സൂപ്പർതാരം രജനികാന്ത് സ്വർണ്ണമാല സമ്മാനിച്ച വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ചെന്നൈയിലെ തന്റെ വസതിയിൽ വെച്ചാണ് അദ്ദേഹം പത്മയെ നേരിൽ കണ്ട് അഭിനന്ദിച്ചത്. രജനിയുടെ ഈ ഹൃദ്യമായ പ്രവൃത്തിയെ ആരാധകർ ഒന്നടങ്കം പ്രശംസിക്കുമ്പോൾ, ആരാണ് ഈ പത്മ എന്നും എന്തിനാണ് രജനികാന്ത് അവരെ ആദരിച്ചത് എന്നും അറിയണ്ടേ?
ആരാണ് പത്മ?
ചെന്നൈയിലെ ടി. നഗറിൽ ശുചീകരണ തൊഴിലാളിയായി ജോലി ചെയ്യുകയാണ് പത്മ. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ജോലി ചെയ്യുന്നതിനിടയിൽ, സ്വർണ്ണാഭരണങ്ങൾ അടങ്ങിയ ഉടമസ്ഥരില്ലാത്ത ഒരു ബാഗ് പത്മയ്ക്ക് ലഭിച്ചു. ആഭരണങ്ങൾ കണ്ട് മനസ്സ് മാറാതെ, പത്മ ഉടൻ തന്നെ തന്റെ സൂപ്പർവൈസർമാരെ വിവരം അറിയിക്കുകയും പോണ്ടി ബസാർ പോലീസ് സ്റ്റേഷനിൽ ബാഗ് ഏൽപ്പിക്കുകയും ചെയ്തു. പിന്നീട് പോലീസ് ആഭരണങ്ങൾ അതിന്റെ യഥാർത്ഥ ഉടമസ്ഥർക്ക് കൈമാറി.
പത്മയുടെ ഈ സത്യസന്ധതയെ നേരത്തെ തമിഴ്‌നാട് മുഖ്യമന്ത്രി എം. കെ. സ്റ്റാലിനും ആദരിച്ചിരുന്നു. അദ്ദേഹം അവർക്ക് 1 ലക്ഷം രൂപയുടെ ചെക്ക് സമ്മാനമായി നൽകി. സൂപ്പർതാരത്തിന്റെ ഈ ലാളിത്യത്തെ ആരാധകർ സോഷ്യൽ മീഡിയയിലൂടെ പുകഴ്ത്തുകയാണ്.
രജനികാന്തിന്റെ വരാനിരിക്കുന്ന ചിത്രങ്ങൾ
നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ‘ജയിലർ 2’ ആണ് രജനികാന്തിന്റെ അടുത്ത വലിയ ചിത്രം. 2026 ജൂൺ 12-നാണ് സിനിമയുടെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്. കൂടാതെ, കമൽ ഹാസൻ നിർമ്മിക്കുന്ന ഒരു ബിഗ് ബജറ്റ് ചിത്രത്തിലും രജനികാന്ത് അഭിനയിക്കുന്നുണ്ട്.




