Movie News

സൽമാൻ ഖാനും രജനീകാന്തും ആറ്റ്‌ലീയുടെ ആറാമത്തെ ചിത്രത്തില്‍ നായകന്മാര്‍? നായിക രശ്മിക മന്ദാന

ഏതുഭാഷയിലായാലും സൂപ്പര്‍താരങ്ങളെ വെച്ച് സിനിമ ചെയ്യുന്നതില്‍ അഗ്ര ഗണ്യന്മാരില്‍ ഒരാളാണ് സംവിധായകന്‍ ആറ്റ്‌ലീ. ഇപ്പോള്‍ തമിഴിന് പിന്നാലെ ഹിന്ദി പ്രേക്ഷകരെയും കയ്യിലെടുത്തിരിക്കുന്ന സംവിധായകന്‍ ഇതാദ്യമായി സൂപ്പര്‍താരങ്ങളായ രജനികാന്തിനേയും സല്‍മാന്‍ ഖാനേയും ഒരു സിനിമയില്‍ ഒന്നിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം, സംവിധായകന്‍ ആറ്റ്ലിയുടെ ആറാമത്തെ ചിത്രത്തില്‍ രണ്ട് അഭിനേതാക്കളും പ്രധാന വേഷങ്ങളില്‍ എത്താന്‍ സാധ്യതയുണ്ട്.

സിനിമയില്‍ നായികയാകാന്‍ നടി രശ്മിക മന്ദാന ചര്‍ച്ചകള്‍ നടത്തി വരികയാണെന്നാണ് ആവേശം വര്‍ധിപ്പിക്കുന്നത്. തന്റെ അടുത്ത സംവിധാനം സല്‍മാന്‍ ഖാനെ നായകനാക്കി അവതരിപ്പിക്കുമെന്ന് അറ്റ്ലി സ്ഥിരീകരിച്ചിരുന്നു, ഷാരൂഖ് ഖാനൊപ്പമുള്ള ജവാന് ശേഷം തന്റെ തുടര്‍ന്നുള്ള സംരംഭം ഒരു ഡ്യുവല്‍ ഹീറോ പ്രൊജക്റ്റ് ആയിരിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നതോടെ, ഇപ്പോള്‍ രജനികാന്ത് സല്‍മാന്‍ഖാന്റെ സഹനായകനായി എത്തിയേക്കുമെന്ന് തോന്നുന്നു. കമല്‍ഹാസന്‍ സഹനായകനായി എത്തിയേക്കുമെന്ന് ആദ്യം സൂചനകള്‍ വന്നിരുന്നെങ്കിലും ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും അണിയറപ്രവര്‍ത്തകര്‍ നടത്തിയിട്ടില്ല.

അതേസമയം, വരുണ്‍ ധവാന്‍ നായകനായ ബേബി ജോണ്‍ എന്ന ചിത്രത്തിലൂടെ അറ്റ്ലി അടുത്തിടെ നിര്‍മ്മാണത്തിലേക്ക് പ്രവേശിച്ചു. 2016-ല്‍ പുറത്തിറങ്ങിയ ദളപതി വിജയ് നായകനായ തെറിയുടെ ഔദ്യോഗിക റീമേക്ക് ആയ ഈ ചിത്രം കീര്‍ത്തി സുരേഷിന്റെ ഹിന്ദി സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. വരുണിനും കീര്‍ത്തിക്കും ഒപ്പം വാമിക ഗബ്ബി, സാറ സിയന്ന, ജാക്കി ഷ്രോഫ്, തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ അഭിനയിച്ചു. ബേബി ജോണില്‍ സല്‍മാന്‍ ഖാന്‍ അതിഥി വേഷത്തില്‍ എത്തിയിരുന്നു എന്നതാണ് ശ്രദ്ധേയം.