Lifestyle

ലിവിംഗ് ടുഗതര്‍ അത്ര ന്യൂജന്‍ അല്ല, നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ഇന്ത്യയില്‍ നിലനിന്നിരുന്നു, ഈ ഗോത്രത്തില്‍

ലിവ് ഇന്‍ റിലേഷന്‍ഷിപ്പുകള്‍ ഇപ്പോഴാണ് സാധാരണമാകുന്നതെങ്കിലും അതിനും മുന്‍പ് തന്നെ ഇത് നില നിന്നിരുന്ന ഒരു ഗോത്രവര്‍ഗം ഉണ്ടായിരുന്നു. രാജസ്ഥാനിലെ ഗരസായി എന്ന ഗോത്രവിഭാഗത്തിലാണ് ലിവ് ഇന്‍ റിലേഷന്‍ഷിപ്പുകള്‍ പോലെ തന്നെയുള്ള രീതി നിലനിന്നിരുന്നത്. അവിവാഹിതരായ പുരുഷന്മാരും സ്ത്രീകളും ഒരു സ്ഥലത്തു വെച്ച് നടക്കുന്ന മേളയില്‍ പങ്കെടുക്കുന്നു. അവിടെനിന്ന് അവര്‍ക്ക് ഇഷ്ടപ്പെട്ട പങ്കാളിയെ തെരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്. ശേഷം ഇരുവരും അവിടെ നിന്ന് ഒളിച്ചോടും.

വിവാഹം കഴിക്കുന്നതിന് മുമ്പ് തന്നെ അവര്‍ ഒന്നിച്ചു താമസിക്കും. ഈ സമയം ചിലപ്പോള്‍ അവര്‍ക്ക് കുട്ടികളുണ്ടാകുകയും ചെയ്യും. ഇതിന് ശേഷം അവര്‍ സ്വന്തം ഗ്രാമത്തിലേക്ക് തിരിച്ചു വരികയും വലിയ ആഘോഷത്തോടെ മാതാപിതാക്കള്‍ വിവാഹം നടത്തിക്കൊടുക്കുകയും ചെയ്യും. വേണമെങ്കില്‍ ഒരു മേളയില്‍ നിന്ന് പങ്കാളിയെ തെരഞ്ഞെടുത്ത സ്ത്രീക്ക് മറ്റൊരു മേളയില്‍ പങ്കെടുക്കാനും രണ്ടാമതും പങ്കാളിയെ തെരഞ്ഞെടുക്കാനും അവസരമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍, അങ്ങനെ ചെയ്യുന്നതിന് മുമ്പ് ആദ്യത്തെ പങ്കാളിക്ക് അവര്‍ നഷ്ടപരിഹാരം നല്‍കേണ്ടതുണ്ട്. ചില സാഹചര്യങ്ങളില്‍ വിവാഹമില്ലാതെ തന്നെ തങ്ങളൊന്നിച്ചുള്ള ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ പങ്കാളികള്‍ തീരുമാനിക്കാറുമുണ്ട്.

ഗരാസിയ ഗോത്രക്കാരുടെ പാരമ്പര്യേതര ആചാരങ്ങളും ബന്ധങ്ങളോടുള്ള പുരോഗമനപരമായ വീക്ഷണവും അവരുടെ സമുദായത്തിനുള്ളില്‍ സ്ത്രീധനവുമായി ബന്ധപ്പെട്ട മരണങ്ങളും ബലാത്സംഗങ്ങളും കുറയുന്നതിലേക്ക് നയിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. തനതായ സംസ്‌കാരത്തിനും പാരമ്പര്യത്തിലും കലയ്ക്കും പേരുകേട്ട ഇന്ത്യയിലെ ഒരു തദ്ദേശീയ ഗോത്രവിഭാഗമാണ് ഗരാസിയ. രാജസ്ഥാനിലെയും ഗുജറാത്തിലെയും വനപ്രദേശങ്ങളിലാണ് ഗരാസിയ ഗോത്രവിഭാഗക്കാര്‍ കൂടുതലായുള്ളത്. തനതായ നൃത്തങ്ങള്‍, പാട്ടുകള്‍, ആചാരങ്ങള്‍, വര്‍ണാഭമായ വസ്ത്രങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന സമ്പന്നമായ സാംസ്‌കാരമാണ് ഇവര്‍ക്കുള്ളത്.

നൂറ്റാണ്ടുകളുടെ പഴക്കമാണ് ഗരാസിയ ഗോത്രവര്‍ഗക്കാരുടെ ഈ പാരമ്പര്യത്തിനുള്ളത്. ഇവരുടെ ഗോത്രവിഭാഗത്തില്‍പ്പെട്ട നാലു സഹോദരന്മാര്‍ ഉണ്ടായിരുന്നു. അവര്‍ ഗ്രാമം വിട്ട് മറ്റൊരു സ്ഥലത്ത് താമസം തുടങ്ങി. ഇവരില്‍ മൂന്ന് പേര്‍ ഇന്ത്യന്‍ ആചാരപ്രകാരം വിവാഹിതരായി. എന്നാല്‍, നാലാമത്തെയാള്‍ വിവാഹം കഴിക്കാതെ ഒരു പെണ്‍കുട്ടിയുമൊത്ത് ജീവിക്കാന്‍ തുടങ്ങി. എന്നാല്‍ ഇന്ത്യന്‍ ആചാരപ്രകാരം വിവാഹം കഴിച്ച മൂന്ന് സഹോദരന്മാര്‍ക്കും കുട്ടികളില്ലായിരുന്നു. നാലാമത്തെയാള്‍ക്ക് ഒരു കുട്ടിയുണ്ടായി. അന്ന് മുതലാണ് ഇവിടെ ഇത്തരത്തിലുള്ള വിവാഹ രീതി നടപ്പിലായത്.