Sports

അതുകൊണ്ടാണ് ആദ്യപന്തില്‍ തന്നെ ഞാന്‍ സിക്‌സറടിക്കാന്‍ നോക്കുന്നത് ; ഹാര്‍ഡ്ഹിറ്റിംഗിനെക്കുറിച്ച് സഞ്ജു

തന്റെ പവര്‍ ഹിറ്റിംഗ് ഗെയിമിന് പിന്നിലെ ഉദ്ദേശ്യം വെളിപ്പെടുത്തി ഇന്ത്യന്‍ ബാറ്റിംഗ് താരം സഞ്ജു സാംസണ്‍. പറ്റുമെങ്കില്‍ ആദ്യ പന്തില്‍ തന്നെ സിക്‌സര്‍ അടിക്കണമെന്നും അതിനായി പത്തു പന്തുകള്‍ ക്ഷമയോടെ കാത്തിരിക്കാന്‍ തനിക്ക് കഴിയില്ലെന്ന് സഞ്ജ സാംസണ്‍. തന്റേതായ ഒരു ബാറ്റിംഗ്‌ശൈലി സൃഷ്ടിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും സഞ്ജു പറഞ്ഞു.

സ്റ്റാര്‍ സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തിലാണ് സഞ്ജു തന്റെ നയം വ്യക്തമാക്കിയത്. ”എല്ലായ്പ്പോഴും ഞാന്‍ ബാറ്റ് ചെയ്യുന്ന രീതിയില്‍ വേറിട്ട് നില്‍ക്കാന്‍ ആഗ്രഹിക്കുന്നു. വ്യത്യസ്തമായ എന്തെങ്കിലും ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഒരു സിക്സര്‍ അടിക്കാന്‍ നമ്മള്‍ എന്തിന് പത്ത് പന്തുകള്‍ കാത്തിരിക്കണം? ആദ്യ പന്തായാലും സാരമില്ല. അവിടെ പോയി ഒരു സിക്സ് അടിക്കണം. അതായിരുന്നു ചിന്താഗതിയിലെ മാറ്റം. അതായിരുന്നു എന്റെ പവര്‍ ഹിറ്റിങ്ങിന്റെ വികാസത്തിന് പിന്നിലെ ഉദ്ദേശ്യം, ”സ്റ്റാര്‍ സ്പോര്‍ട്സിനോട് സാംസണ്‍ പറഞ്ഞു.

ഇന്ത്യന്‍ ടീമിലെ തന്റെ സ്ഥാനം ഉറപ്പിക്കുന്നതിനുള്ള സാധ്യതകളെ കുറിച്ച് സഞ്ജു പറയുന്നത് ഇങ്ങിനെയാണ്. ”ഇന്ത്യ ലോകത്തിലെ ഒന്നാം നമ്പര്‍ ആണ്. കളിക്കാരുടെ എണ്ണം, പ്രതിഭകളുടെ എണ്ണം, നമുക്കുള്ള മത്സരങ്ങള്‍ എന്നിങ്ങനെ നിങ്ങള്‍ ഏറ്റവും മികച്ച ക്രിക്കറ്റിന്റെ രാജ്യത്ത് കളിക്കുമ്പോള്‍ കേരളത്തില്‍ നിന്നുള്ള ഒരാള്‍ വന്ന് ദേശീയ തലത്തില്‍ തന്റെ സ്ഥാനം ഉറപ്പിക്കണമെങ്കില്‍, അയാള്‍ക്ക് എന്തെങ്കിലും പ്രത്യേകമായി ചെയ്യണം. കോവിഡ് കാലത്ത് ഞാന്‍ വളരെയധികം പരിശ്രമിച്ചു, ധാരാളം ആളുകള്‍ എന്നെ സഹായിച്ചു. ഞാന്‍ വളരെ സന്തോഷവാനാണ്, കാര്യങ്ങള്‍ നന്നായി വരുന്നു. ഞാന്‍ ഒരിക്കലും തൃപ്തനല്ല. ഞാന്‍ കളിക്കുന്ന ടീമിനായി ഗംഭീരമായ എന്തെങ്കിലും ചെയ്യുന്നത് തുടരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, ” സഞ്ജുസാംസണ്‍ പറഞ്ഞു.

ദേശീയ ടീമില്‍ ഏറെ നാളായി സാംസണിന് അവസരം ലഭിച്ചിട്ടില്ലാത്ത സഞ്ജു ഇന്ത്യക്കായി കളിച്ച മത്സരങ്ങളില്‍, തുടക്കം ലഭിച്ചതിന് ശേഷം തന്റെ വിക്കറ്റ് എറിഞ്ഞുകളയുന്നതായി വിമര്‍ശിക്കപ്പെടുന്നുണ്ട്. മാര്‍ച്ച് 22 ന് ആരംഭിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 2024 പതിപ്പിന് മുന്നോടിയായുള്ള ഒരുക്കത്തിലാണ് രാജസ്ഥാന്‍ റോയല്‍സ് നായകന്‍. മാര്‍ച്ച് 24 ന് ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെയാണ് രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെ ഐപഎല്‍ 2024 സീസണിലെ ആദ്യ മത്സരം.