Featured Oddly News

സ്ത്രീകള്‍ക്ക് സ്മാര്‍ട്ട്‌ഫോണ്‍ വേണ്ട! രാജസ്ഥാനില്‍ പഞ്ചായത്തുകളുടെ വിചിത്ര ഉത്തരവ്

ജലോര്‍: ലോകം 6ജിയിലേക്ക് കുതിക്കുമ്പോള്‍, രാജസ്ഥാനിലെ ജലോര്‍ ജില്ലയിലെ 15 ഗ്രാമങ്ങളിലെ സ്ത്രീകള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ നിരോധനം. അവര്‍ കീപാഡ് ഫോണുകളുടെ കാലഘട്ടത്തിലേക്കു മടങ്ങേണ്ടിവരും.

മൊബൈല്‍ അടിമത്തം മൂലമുണ്ടാകുന്ന ആശങ്കകളും കുട്ടികളിലെ കാഴ്ചക്കുറവിന് കാരണമാകുന്ന സ്‌ക്രീന്റെ സ്വാധീനവും ചൂണ്ടിക്കാട്ടിയാണു സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും സ്മാര്‍ട്ട്‌ഫോണുകള്‍ നിരോധിക്കുന്നത്.

ഈ നിയമം ജനുവരി 26 മുതല്‍ പ്രാബല്യത്തില്‍ വരും. വിവാഹങ്ങള്‍, സാമൂഹിക ഒത്തുചേരലുകള്‍, അയല്‍ക്കാരെ സന്ദര്‍ശിക്കുമ്പോള്‍ പോലും സ്മാര്‍ട്ട് ഫോണുകള്‍ കൊണ്ടുപോകാന്‍ ഇനി അനുവാദമുണ്ടായിരിക്കില്ല. ‘സ്ത്രീകള്‍ക്ക് ക്യാമറയില്ലാത്ത മൊബൈല്‍ ഫോണ്‍ മാത്രമേ പാടുള്ളൂ. പഠന ആവശ്യങ്ങള്‍ക്ക് ഫോണ്‍ ഉപയോഗിക്കുന്ന വിദ്യാര്‍ഥിനികള്‍ക്ക് അവരുടെ ഉപകരണങ്ങള്‍ വീടിന് പുറത്തേക്ക് കൊണ്ടുപോകാന്‍ അനുവാദമില്ല.’- ഒരു പഞ്ചായത്ത് ഭാരവാഹി പറഞ്ഞു.

സ്‌കൂളില്‍ പോകുന്ന പെണ്‍കുട്ടികള്‍ക്ക് ആവശ്യാനുസരണം വീടിനുള്ളില്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കാം, എന്നാല്‍ വീടിന് പുറത്തേക്കോ സാമൂഹിക പരിപാടികളിലേക്കോ കൊണ്ടുപോകാന്‍ അനുവാദമുണ്ടായിരിക്കില്ല. ഞായറാഴ്ച ഘാസിപൂര്‍ ഗ്രാമത്തില്‍ നടന്ന പഞ്ചായത്ത് യോഗത്തിലാണ് ഈ പ്രമേയം പാസാക്കിയത്.



14 പാട്ടി സമൂഹത്തിന്റെ അധ്യക്ഷനായ സുജന്റാം ചൗധരിയാണ് യോഗത്തില്‍ അധ്യക്ഷത വഹിച്ചത്. ചര്‍ച്ചകള്‍ക്ക് ശേഷം, പങ്കെടുത്ത എല്ലാ പഞ്ചായത്ത് അംഗങ്ങളും ഈ നിയമം നടപ്പിലാക്കാന്‍ സമ്മതിച്ചു.ഭില്‍മാല്‍ പ്രദേശത്തെ വിവിധ ഗ്രാമങ്ങളില്‍ ഈ തീരുമാനം നടപ്പിലാക്കും. ഇവയില്‍ ഘാസിപൂര്‍, പാവലി, കാല്‍ഡ, മനോജിയാവസ്, രാജികവാസ്, ഡാട്‌ലവാസ്, രാജപുര, കോടി, സിദ്രോഡി, അല്‍ദി, റോപ്‌സി, ഖാന്‍ദേവല്‍, സവിതാര്‍, ഹാത്മ കി ധനി, ഖാന്‍പൂര്‍ എന്നിവ ഉള്‍പ്പെടുന്നു.