Celebrity Featured

രാഹുല്‍ ഈശ്വര്‍ എന്നെയും ക്രൂരമായി തേജോവധം ചെയ്‌തു: റിനി ആന്‍ ജോര്‍ജ്‌

കൊച്ചി: തനിക്കെതിരേയും വളരെ മോശമായ സാമൂഹിക മാധ്യമങ്ങളില്‍ പ്രതികരിച്ച ആളാണു രാഹുല്‍ ഈശ്വറെന്നും നിരന്തരമായി സ്‌ത്രീകളെ അധിക്ഷേപിക്കുന്ന ഇയാളെ വെറുതെ വിട്ടയയ്‌ക്കരുതെന്നും യുവനടി റിനി ആന്‍ ജോര്‍ജ്‌.

ലൈംഗിക അതിക്രമത്തിനു ഇരയായ സ്‌ത്രീകള്‍ ഇനി പരാതിയുമായി മുന്നോട്ടു വരാതിരിക്കാനാണു രാഹുല്‍ ഈശ്വറിനെപ്പോലുള്ളവര്‍ സൈബര്‍ അധിക്ഷേപം നടത്തുന്നതെന്നും റിനി പറഞ്ഞു.
രാഹുല്‍ ഈശ്വറിനെതിരേ താന്‍ പരാതി നല്‍കിയിട്ടും ആ കേസില്‍ ഒന്നും സംഭവിക്കാത്തതില്‍ തനിക്കു പ്രതിഷേധമുണ്ടെന്നു റിനി പറയുന്നു. അതിക്രമത്തിനു ഇരയായ സ്‌ത്രീകളുടെ ഐഡന്റിറ്റി വെളിപ്പെടുത്തരുതെന്ന നിയമം പോലും രാഹുല്‍ ഈശ്വര്‍ കാറ്റില്‍പ്പറത്തി. തന്നെ നിരന്തരം തേജോവധം ചെയ്‌ത അയാള്‍ ഇപ്പോള്‍ അതിക്രമത്തിനു ഇരയായ യുവതിയെ നിന്ദ്യവും ക്രൂരവുമായ രീതിയില്‍ അധിക്ഷേപിക്കുകയാണ്‌. ഇതൊരു ചെറിയ വിഷയമല്ല. രാഹുലിനെ കസ്‌റ്റഡിയിലെടുത്തു വിട്ടയ്‌ക്കുന്ന തരത്തില്‍ നടപടി ചുരുങ്ങരുതെന്നും റിനി പറഞ്ഞു.
അതിക്രമത്തിനുശേഷം ഒരുപാട്‌ പ്രതിസന്ധികള്‍ അതിജീവിച്ചാണു പരാതിയുമായി ഇരകള്‍ മുന്നോട്ടുവരുന്നതെന്നും അവരെ അധിക്ഷേപിക്കുന്നതു ഗൗരവത്തോടെ കാണണമെന്നും റിനി പറഞ്ഞു. ചില സൈബര്‍ ഗ്രൂപ്പുകളില്‍ വ്യാപകമായ അധിക്ഷേപം നടക്കുന്നുണ്ട്‌. പരാതിയുമായി ഒരു സ്‌ത്രീയും വരാതിരിക്കുകയാണ്‌ ഇത്തരക്കാരുടെ ലക്ഷ്യം. ഇനി സ്‌ത്രീകളില്‍ ചിലരുടെ പരാതികള്‍ വ്യാജമാണെങ്കില്‍ തന്നെ അതു തീരുമാനിക്കേണ്ടതു കോടതിയാണെന്നും രാഹുല്‍ ഈശ്വറല്ലെന്നും റിനി പറഞ്ഞു.