Sports

മകന്‍ സമിതും ദ്രാവിഡിന്റെ വഴിയേ; വിനുമങ്കാദ് ട്രോഫിയില്‍ കര്‍ണാടകയ്ക്കായി അരങ്ങേറ്റം നടത്തുന്നു

ഇന്ത്യന്‍ ക്രിക്കറ്റിന് നിര്‍ണായകമായ അനേകം സംഭാവനകള്‍ ചെയ്തയാളാണ് ഇന്ത്യയുടെ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. ഇന്ത്യന്‍ ടീമിന്റെ നായകായും പരിശീലകനായും ദ്രാവിഡിന് കീഴില്‍ ഇന്ത്യ അനേകം വിജയം നേടി. ദ്രാവിഡിന്റെ മൂത്ത മകന്‍ സമിത് ദ്രാവിഡ് കര്‍ണാടകയിലെ മിന്നുംതാരമായി ഉയര്‍ന്നു വരികയാണ്. 2023 ലെ വിനു മങ്കാദ് ട്രോഫിക്കുള്ള അണ്ടര്‍ 19 കര്‍ണാടക ടീമില്‍ സമിത് ഇടം നേടി.

ഒക്ടോബര്‍ 12 മുതല്‍ 20 വരെ ഹൈദരാബാദിലാണ് ടൂര്‍ണമെന്റ്. മത്സരത്തിന്റെ തലേന്ന് 18 വയസ്സ് തികയുന്ന സമിത് ദ്രാവിഡ് മുമ്പ് അണ്ടര്‍ 14 കര്‍ണാടക ടീമില്‍ ഇടം നേടിയിരുന്നു. വിനു മങ്കാഡ് ട്രോഫിയില്‍ കളിക്കാനുള്ള ഈ അവസരം അദ്ദേഹത്തിന്റെ ക്രിക്കറ്റ് യാത്രയിലെ ഒരു സുപ്രധാന ചുവടുവയ്പ്പാണ്. അതേസമയം രാഹുല്‍ദ്രാവിഡിന്റെ മകന്‍ എന്നത് സമിതിന് മേല്‍ അമിതഭാരം കൊണ്ടുവരുന്നുണ്ട്.

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്രിക്കറ്റ് താരങ്ങളിലൊരാളായ രാഹുല്‍ ദ്രാവിഡ് സമാന രീതിയില്‍ ഉയര്‍ന്നുവന്ന താരമാണ്. സീനിയര്‍ ടീമില്‍ കളിക്കുന്നതിന് മുമ്പ് അണ്ടര്‍ 15, അണ്ടര്‍ 17, അണ്ടര്‍ 19 വിഭാഗത്തില്‍ കര്‍ണാടകയെ പ്രതിനിധീകരിച്ചയാണ് ദ്രാവിഡ്. വിനു മങ്കാദ് ട്രോഫിക്കായി തയ്യാറെടുക്കുന്ന സമിത്തിനും ടീമിനും അനുഭവവും മാര്‍ഗനിര്‍ദേശവുമായി ദ്രാവിഡ് പിന്തുണയായുണ്ട്.

അതേസസമയം വിനുമങ്കാദ് ട്രോഫിയില്‍ മകന്റെ അരങ്ങേറ്റത്തിന് നേരിട്ട് സാക്ഷ്യം വഹിക്കാന്‍ രാഹുല്‍ ദ്രാവിഡിന് കഴിയില്ല. ടൂര്‍ണമെന്റിന്റെ ഷെഡ്യൂള്‍ 2023 ഏകദിന ലോകകപ്പിന് ഇടയിലായതിനാല്‍ ദ്രാവിഡിന് ഹൈദരാബാദില്‍ എത്താനായിട്ടില്ല. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനാണ് ദ്രാവിഡ്. ഒക്ടോബര്‍ അഞ്ചിന് ഏകദിന ലോകകപ്പ് ആരംഭിക്കുന്നതിനാല്‍ സമിത്തിനെ പ്രോത്സാഹിപ്പിക്കാന്‍ ദ്രാവിഡ് ഉണ്ടാകില്ല.