ഒരു കാലത്ത് മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള യുവ നടനായിരുന്നു റഹ്മാന്‍. തമിഴ്, തെലുങ്ക് ഭാഷകളിലേക്ക് മാറിയതോടെ മലയാളത്തില്‍ റഹ്മാന് ഒരു ഇടവേള വന്നു. മലയാളത്തില്‍ ഇടവേളയുണ്ടായെങ്കിലും ഇന്നും മലയാളികളുടെ പ്രിയ നടനാണ് റഹ്മാന്‍. വീണ്ടും മലയാളത്തില്‍ സജീവമായ റഹ്മാന്റെ ഏറ്റവും പുതിയ വെബ് സീരിസായിരുന്നു ”1000 ബേബീസ് ”. നജീം കോയ സംവിധാനം ചെയ്ത വെബ് സീരിസ് വളരെയധികം പ്രേക്ഷക പ്രീതി നേടി മുന്നേറിക്കൊണ്ടിരിയ്ക്കുകയാണ്.
ഇപ്പോള്‍ ഈ വെബ്‌സീരിസിലേക്ക് എത്തിയതിനെ കുറിച്ചും തന്റെ പൊലീസ് വേഷത്തെ കുറിച്ചുമൊക്കെ തുറന്നു പറയുകയാണ് റഹ്മാന്‍. ” കൊമേഴ്സ്യല്‍ അഭിനേതാക്കളായതിനാല്‍ ചെറിയ സ്‌ക്രീനുകളോ OTTയോടോ ഞങ്ങള്‍ക്ക് വിമുഖതയുണ്ട്. എന്നാല്‍ ഇത് ഭാവിയാണെന്നും അത് എല്ലാം കീഴടക്കുമെന്നും എനിക്കറിയാം. OTT മാധ്യമങ്ങളിലും വിനോദത്തിലും മാറ്റം കൊണ്ടു വന്നു. മറ്റ് ഭാഷകളിലും വെബ് സീരീസിനായി എനിക്ക് നിരവധി ഓഫറുകള്‍ ലഭിക്കുന്നുണ്ട്. സത്യത്തില്‍ ഞാന്‍ ഒരു പ്രശസ്തനായ സംവിധായകനൊപ്പം മറ്റൊരു തമിഴ് വെബ് സീരീസില്‍ ഏര്‍പ്പെട്ടിരുന്നു. അപ്പോഴാണ് ഞാന്‍ നജീം കോയയുടെ കഥ കേട്ടത് ” – റഹ്മാന്‍ ഒരു ദേശീയ മാധ്യമത്തോട് വ്യക്തമാക്കി.
നിരവധി പൊലീസ് വേഷങ്ങള്‍ റഹ്മാന്‍ ചെയ്തിട്ടുണ്ട്. ‘മുംബൈ പോലീസ്’, ‘ബ്ലാക്ക്’, ‘സീതിമാര്‍’, ‘ഊസരവെള്ളി’, ‘അഞ്ജാമൈ’, ‘ധ്രുവങ്ങള്‍ പതിനാറ്’ തുടങ്ങിയ ചിത്രങ്ങളിലെ റഹ്മാന്റെ പോലീസ് വേഷങ്ങളൊക്കെ വളരെയധികം ശ്രദ്ധേയമായിരുന്നു. അത്തരം നിരവധി വേഷങ്ങള്‍ ചെയ്ത ശേഷം ഇനി താന്‍ പൊലീസ് വേഷങ്ങള്‍ ഒന്നും തന്നെ ചെയ്യില്ലെന്ന തീരുമാനത്തിലായിരുന്നുവെന്ന് റഹ്മാന്‍ പറയുന്നു. എന്നാല്‍ നജീം കോയയുടെ ” 1000 ബേബീസ്” തന്റെ മനസ് മാറ്റുകയായിരുന്നുവെന്നും റഹ്മാന്‍ പറയുന്നു.
1000 ബേബീസില്‍ ഇന്‍സ്പെക്ടര്‍ അജി കുര്യന്‍ എന്ന കഥാപാത്രത്തെയാണ് റഹ്മാന്‍ അവതരിപ്പിച്ചത്. ”കഥ എന്നെ വളരെയധികം ആകര്‍ഷിച്ചു. നിരവധി പൊലീസ് വേഷങ്ങള്‍ ചെയ്തതിനാല്‍ അത്തരം വേഷങ്ങള്‍ ചെയ്യുന്നത് നിര്‍ത്തിയെന്ന് ഞാന്‍ പ്രഖ്യാപിച്ചിരുന്നു. അപ്പോഴാണ് നജീം കോയ കഥയുമായി എന്റെ അടുത്ത് വന്നത്. അദ്ദേഹത്തിന്റെ കഥയിലും എനിക്ക് ഒരു പോലീസ് റോളാണെന്ന് അദ്ദേഹം എന്നോട് പറഞ്ഞപ്പോള്‍ ഞാന്‍ ഒരു 10 മിനിറ്റാണ് നജീം കോയയ്ക്ക് അനുവദിച്ചത്. എന്നാല്‍ ആ 10 മിനിറ്റ് 3-4 മണിക്കൂറിലേക്ക് നീണ്ടു പോകുകയായിരുന്നു. കാരണം ഞാന്‍ ഈ കഥയില്‍ അത്രത്തോളം മുഴുകിയിരുന്നു. ഞാന്‍ മുമ്പ് കണ്ട കഥകളില്‍ നിന്നൊക്കെ വ്യത്യസ്തമായിരുന്നു 1000 ബേബീസിന്റെ കഥ ” – റഹ്മാന്‍ കൂട്ടിച്ചേര്‍ത്തു.