Sports

കരിയറില്‍ ഒരു നാഴികക്കല്ല് കൂടി ; ഇന്ത്യയുടെ വിഖ്യാത സ്പിന്നര്‍ ആര്‍ അശ്വിന്‍ നൂറാം ടെസ്റ്റിലേക്ക്

കരിയറില്‍ ഒരു നാഴികക്കല്ലിലേക്ക് അടുക്കുകയാണ് ഇന്ത്യയുടെ വിഖ്യാത സ്പിന്നര്‍ ആര്‍ അശ്വിന്‍. ഇംഗ്‌ളണ്ടിനെതിരേ അവസാന ടെസ്റ്റ് മത്സരം താരത്തിന്റെ നൂറാം മത്സരമാണ്. നിലവില്‍ കളിക്കുന്നവരില്‍ അശ്വിന്റെ ഈ നേട്ടത്തിനൊപ്പമുള്ളത് ജോണി ബെയര്‍സ്‌റ്റോ, കെയ്ന്‍ വില്യംസണ്‍, ടിം സൗത്തീ എന്നിവര്‍ മാത്രമാണ്. ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച സ്പിന്നര്‍മാരില്‍ ഒരാളായ അശ്വിനേക്കാള്‍ നൂറ് ടെസ്റ്റിലെ വിക്കറ്റ് നേട്ടത്തില്‍ മുന്നിലുള്ളത് ശ്രീലങ്കയുടെ മുന്‍ താരം മുത്തയ്യാ മുരളീധരന്‍ മാത്രമാണ്.

ആര്‍ അശ്വിന്‍ 507 വിക്കറ്റുകളുമായി നില്‍ക്കുമ്പോള്‍ മുത്തയ്യാ മുരളീധരന്‍ 584 വിക്കറ്റുകളാണ് നൂറാം ടെസ്റ്റില്‍ നേടിയത്. അതേസമയം 13 വര്‍ഷമായി കളത്തിലുള്ള അശ്വിന്റെ സ്‌ട്രൈക്ക്‌റേറ്റ് ചരിത്രത്തിലെ എല്ലാ സ്പിന്നര്‍മാരിലും ഏറ്റവും മികച്ചതാണ്്. കളിയിലെ മികച്ച ബൗളര്‍മാര്‍ക്കെല്ലാം അവരുടെ പ്രിയപ്പെട്ട ഗ്രൗണ്ടുകളുണ്ട്. ശ്രീലങ്കയിലെ മൂന്ന് വേദികളിലൂം കൊളംബോ, കാന്‍ഡി, ഗാലെ മുരളീധരന്‍ 100-ലധികം വിക്കറ്റുകള്‍ നേടി. ജെയിംസ് ആന്‍ഡേഴ്‌സണും സ്റ്റുവര്‍ട്ട് ബ്രോഡും ലോര്‍ഡ്സില്‍ 100-ലധികം വിക്കറ്റുകള്‍ നേടിയ ബൗളര്‍മാരാണ്. അതേസമയം രംഗന ഹെറാത്ത് ഗാലെയിലും കൊളംബോയിലും യഥാക്രമം 102, 84 വിക്കറ്റുകള്‍ വീഴ്ത്തി.

അതേസമയം അശ്വിന് ഈ നേട്ടമില്ല. അശ്വിന്റെ ഒരേവേദിയിലെ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേട്ടം മുംബൈയിലെ വാങ്കഡേ സ്‌റ്റേഡിയത്തിലാണ്. ഇവിടെ 38 വിക്കറ്റുകള്‍ അശ്വിന്‍ നേടിയിട്ടുണ്ട്. 10 വിക്കറ്റ് നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കൂടിയ ഇന്ത്യന്‍ ബൗളറാണ് അശ്വിന്‍ വെസ്റ്റിന്‍ഡീസിനെതിരേ 2023 ലായിരുന്നു ഈ നേട്ടം. അശ്വിന് ഏറ്റവും കൂടുതല്‍ വിക്കറ്റ് വന്നത് എല്‍ബിഡബ്‌ള്യൂവില്‍ നിന്നും ബൗള്‍ഡാക്കിയതില്‍ നിന്നുമാണ്. 214 വിക്കറ്റുകള്‍. 101 പേരെ ബൗള്‍ഡാക്കിയപ്പോള്‍ 113 പേര്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങി.

അശ്വിന്റെ മുന്നില്‍ പൂജ്യത്തിന് പുറത്തായത് 74 കളിക്കാരാണ്. അശ്വിന്‍ തന്റെ കരിയറില്‍ 10 നോ-ബോളുകള്‍ മാത്രമേ എറിഞ്ഞിട്ടുള്ളൂ. എല്ലാം 2021 നും 2022 നും ഇടയില്‍ തുടര്‍ച്ചയായി അഞ്ച് പരമ്പരകളില്‍ വരുന്നു. 44 മത്സരങ്ങളില്‍ നിന്ന് 170 ടെസ്റ്റ് വിക്കറ്റുകള്‍ ഓപ്പണിംഗ് ബൗളിംഗില്‍ അശ്വിന്‍ നേടിയിട്ടുണ്ട്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 100 വിക്കറ്റ് തികയ്ക്കുന്ന ആദ്യ ബൗളറായിരുന്നു അശ്വിന്‍, 2022 മാര്‍ച്ചില്‍ ശ്രീലങ്കയുടെ വിശ്വ ഫെര്‍ണാണ്ടോയെ പുറത്താക്കിയായിരുന്നു ഈ നേട്ടം.

സ്വന്തം തട്ടകത്തില്‍ ആധിപത്യം പുലര്‍ത്തുന്ന കാലഘട്ടത്തില്‍ പന്ത് കൊണ്ട് ഇന്ത്യയുടെ ഏറ്റവും വലിയ ആസ്തിയായി അശ്വിന്‍ മുദ്രകുത്തി. അരങ്ങേറ്റം മുതല്‍ നാട്ടില്‍ 59 മത്സരങ്ങളില്‍ അദ്ദേഹം കളിച്ചപ്പോള്‍ 44 എണ്ണത്തിലും അദ്ദേഹം വിജയം കണ്ടെത്തി. ആറെണ്ണത്തില്‍ മാത്രമാണ് തോറ്റത്. ഇന്ത്യ കൂടുതല്‍ എവേ ടെസ്റ്റുകള്‍ വിജയിച്ച ഘട്ടം കൂടിയാണിത്. അശ്വിന്റെ കരിയറിലെ 20 പരമ്പരകളിലെ ഏറ്റവും കഠിനമായ അസൈന്‍മെന്റുകളിലൊന്നാണ് ഇംഗ്ലീഷുകാര്‍ അശ്വിന് നല്‍കിയത്. ഈ പരമ്പരയില്‍ ശരാശരി 30.41 മാത്രമാണ്.