Myth and Reality

നരബലി നടത്തിയിരുന്ന മെക്സിക്കോയിലെ പിരമിഡ് തകര്‍ന്നു ; വലിയ നാശം വരാന്‍ പോകുന്നെന്ന് ഗോത്രസമൂഹം

മെക്സിക്കോയിലെ പുരാതന ഗോത്രവര്‍ഗ്ഗക്കാരായു പുരേപെച്ച നിര്‍മ്മിച്ചതെന്നും നരബലിക്കായി ഉപയോഗിച്ചിരുന്നു എന്ന് കരുതപ്പെടുന്നതുമായി മെക്സിക്കോയിലെ ചരിത്രപ്രധാനമായ പരിമിഡിന്റെ ഒരു ഭാഗം തകര്‍ന്നു. ജൂലൈ 30-ന് മെക്സിക്കോയില്‍ ഉണ്ടായ കനത്ത മഴയെത്തുടര്‍ന്നാണ് ‘യകാറ്റ പിരമിഡ്’ തകര്‍ന്നത്. സംഭവം ഒരു വിനാശത്തിന്റെ തുടക്കത്തിന്റെ സൂചനയായിട്ടാണ് ഗോത്രവര്‍ഗ്ഗക്കാരുടെ വിശ്വാസം.

മൈക്കോകാന്‍ സംസ്ഥാനത്തെ ഇഹുവാറ്റ്സിയോയുടെ പുരാവസ്തു സൈറ്റിന്റെ ഭാഗമാണ് യകാറ്റ. അതിന്റെ ഒരു വശമാണ് തകര്‍ന്നത്. ഇത്തരം കാര്യങ്ങള്‍ വരാനിരിക്കുന്ന ഏതൊ വലിയ നാശത്തിന്റെ അതിന്ദ്രീയ അടയാളമായിട്ടാണ് ഗോത്രവര്‍ഗ്ഗക്കാരുടെ വിശ്വാസം. ആസ്ടെക്കുകളെ പരാജയപ്പെടുത്തുന്നതിന് പേരുകേട്ട, ശക്തരായ, രക്തദാഹികളായ പുരേപെച്ച ജനതയുടെ പൂര്‍വ്വികരാണ് പിരമിഡ് നിര്‍മ്മിച്ചതെന്നാണ് കരുതുന്നത്. തങ്ങളുടെ പ്രാഥമിക ദേവതയായ കുറിക്വേരിക്ക് നരബലി നടത്താന്‍ ഉപയോഗിച്ചിരുന്നതാണ് യകാറ്റ പിരമിഡ് എന്നാണ് ചരിത്രകാരന്മാര്‍ വിശ്വസിക്കുന്നത്. 400 വര്‍ഷം ഈ പ്രദേശം ഭരിച്ചിരുന്ന പുറെപെച്ച ഗോത്രക്കാര്‍, പ്രകൃതിദുരന്തങ്ങള്‍ അശുഭസൂചകങ്ങളാണെന്ന് വിശ്വസിച്ചിരുന്നു. കൊടുങ്കാറ്റ് ഒരു സുപ്രധാന സംഭവത്തിന്റെ സൂചനയായിരിക്കുമെന്ന് ഗോത്രത്തിന്റെ പിന്‍ഗാമിയായ തരിയകുയിരി പറയുന്നത്.


1519-ല്‍ സ്പാനിഷ് അധിനിവേശത്തിനുമുമ്പ് നാശത്തിന്റെ സൂചന നല്‍കുന്ന സമാനമായ ചില സംഭവങ്ങള്‍ ഉണ്ടായിരുന്നതായി ഇവര്‍ പറയുന്നു. സ്പെയിന്‍കാര്‍ വരുന്നതിന് മുമ്പ് ശക്തമായ കാറ്റടിച്ചിരുന്നു. കുര്‍ഹേപ്പിരി, കെറി കുരിക്വേരി എന്നീ ദേവന്മാര്‍ക്ക് അതൃപ്തിയുണ്ടായെന്നും വിശ്വസിക്കുന്നു. മെക്സിക്കന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ആന്ത്രോപോളജി ആന്‍ഡ് ഹിസ്റ്ററിയും പിരമിഡിന് കേടുപാടുകള്‍ സംഭവിച്ചതായി അംഗീകരിച്ചു. ഇത് അസാധാരണമായ കാലാവസ്ഥാ സാഹചര്യങ്ങളുടെ ഫലമായി ഉണ്ടായതാണെന്ന് വിശദീകരിക്കുന്നു.
ഈ പ്രദേശത്ത് മുമ്പ് രേഖപ്പെടുത്തിയ ഉയര്‍ന്ന താപനിലയും തുടര്‍ന്നുള്ള വരള്‍ച്ചയും ഹിസ്പാനിക്ക് മുമ്പുള്ള കെട്ടിടത്തിന്റെ ഉള്ളിലേക്ക് വിള്ളലുകള്‍ രൂപപ്പെടാന്‍ കാരണമായെന്നാണ് ശാസ്തീയ നിരീക്ഷണം. പുനഃസ്ഥാപിക്കല്‍ ശ്രമങ്ങള്‍ നടത്തുമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇവര്‍ പുറത്തുവിട്ട പ്രസ്താവന പ്രകാരം, പിരമിഡ് നന്നാക്കുക മാത്രമല്ല, ഭാവിയിലേക്ക് സംരക്ഷിക്കപ്പെടുമെന്നും ഉറപ്പ് നല്‍കി.