Oddly News

പുടിന്റെ അംഗരക്ഷകര്‍ ആ സ്യൂട്ട്‌കെയ്‌സ് കൊണ്ടുവന്നതെന്തിന്‌? ശാരീരമാലിന്യങ്ങള്‍ ശേഖരിക്കാന്‍?

അലാസ്‌കയില്‍ റഷ്യന്‍ പ്രസിഡന്റ്‌ വ്‌ളാദിമിര്‍ പുടിനും യു.എസ്‌ പ്രസിഡന്റ്‌ ഡൊണാള്‍ഡ്‌ ട്രംപും തമ്മില്‍ നടത്തിയ കൂടിക്കാഴ്‌ചയുടെ വിവരങ്ങളില്‍ കൗതുകങ്ങള്‍ ഏറെ. നാലു വര്‍ഷങ്ങള്‍ക്കുശേഷമുള്ള ഇരുനേതാക്കളുടെയും കൂടിക്കാഴ്‌ചയില്‍ റഷ്യ-യുക്രൈനും സംഘര്‍മായിരുന്നു പ്രധാന വിഷയം. ചര്‍ച്ചയില്‍ പ്രത്യേകിച്ചൊന്നും സംഭവിച്ചില്ലെങ്കിലും പുടിന്റെ അംഗരക്ഷകര്‍ വാര്‍ത്തകളില്‍ നിറയുകയാണ്‌. ഇവര്‍ ചുമന്നുനടക്കുന്ന സ്യൂട്ട്‌കെയ്‌സ് രഹസ്യങ്ങളുടെ കലവറയാണെന്നാണു വരമൊഴികള്‍.

പടിന്‍ വിദേശയാത്ര നടത്തുമ്പോഴെല്ലാം അംഗരക്ഷകര്‍ അദ്ദേഹത്തിന്റെ വിസര്‍ജ്യം ശേഖരിക്കാനുള്ള സ്യൂട്ട്‌കേസ്‌ കൊണ്ടുവരുന്നതായി പല റിപ്പോര്‍ട്ടുകളുമുണ്ട്‌. അദ്ദേഹം അലാസ്‌ക ഉച്ചക്കോടിക്കെത്തിയപ്പോഴും ഇതിനു മാറ്റമുണ്ടായില്ല. പുടിന്റെ വിസര്‍ജ്യം ശേഖരിച്ച്‌ റഷ്യയിലേക്കു തിരികെ കൊണ്ടുപോകാറുണ്ടെന്നാണു വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്‌.

2022 ല്‍ ഫ്രഞ്ച്‌ മാഗസിനായ പാരീസ്‌ മാച്ചില്‍ ഇതേക്കുറിച്ചുള്ള റിപ്പോര്‍ട്ട്‌ പ്രസിദ്ധീകരിച്ചിരുന്നു. ഫ്രാന്‍സിലെ മുതിര്‍ന്ന അന്വേഷണാത്മക പത്രപ്രവര്‍ത്തകരായ റെജിസ്‌ ജെന്റെയും മിഖായേല്‍ റൂബിനുമാണ്‌ രഹസ്യം പുറത്തുകൊണ്ടുവന്നത്‌.

റഷ്യന്‍ പ്രസിഡന്റിന്റെ ഫെഡറല്‍ പ്രട്ടക്ഷന്‍ സര്‍വീസ്‌ (എഫ്‌.പി.എസ്‌) മലം ഉള്‍പ്പെടെയുള്ള പുടിന്റെ ശാരീരമാലിന്യങ്ങള്‍ ശേഖരിച്ച്‌ പ്രത്യേക ബാഗുകളില്‍ അടച്ച്‌ സുരക്ഷിത ബ്രീഫ്‌കെയ്‌സുകളില്‍ കൊണ്ടുപോകുന്നുവെന്നായിരുന്നു റിപ്പോര്‍ട്ട്‌. 2017 മേയില്‍ ഫ്രാന്‍സ്‌ സന്ദര്‍ശിച്ചപ്പോഴും 2019 ഒകേ്‌ടാബറില്‍ സൗദി അറേബ്യ സന്ദര്‍ശിച്ചപ്പോഴും പുടിന്‍ ഈ സ്യൂട്ട്‌കേസ്‌ കരുതിയിരുന്നെന്നും ഇതില്‍ പറയുന്നുണ്ട്‌.

അലാസ്‌കയിലെ ട്രംപ്‌-പുടിന്‍ കൂടിക്കാഴ്‌ചയിലും പുടിന്റെ സ്യൂട്ട്‌കെയ്‌സിന്‌ വന്‍ മാധ്യമശ്രദ്ധയായിരുന്നു. റഷ്യന്‍ പ്രസിഡന്റിന്റെ ഉയര്‍ന്ന സുരക്ഷാ ദിനചര്യയുടെ ഭാഗമാണിതെന്നാണു വിശദീകരണങ്ങള്‍. പുടിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള വിവരങ്ങള്‍ വിദേശ ഏജന്‍സികള്‍ അറിയാതിരിക്കാനാണു മലം ഉള്‍പ്പെടെ തിരിച്ചു കൊണ്ടുപോകുന്നതെന്നു വിദേശമാധ്യമങ്ങള്‍ പറയുന്നു. വിദേശ ഇന്റലിജന്‍സ്‌ ഏജന്‍സികള്‍ തന്റെ ജൈവമാലിന്യങ്ങള്‍ പരിശോധിച്ച്‌ ആരോഗ്യസ്‌ഥിതി അറിഞ്ഞേക്കുമെന്ന്‌ പുടിന്‌ ആശങ്കയുള്ളതായി യു.എസ്‌. ഡിഫന്‍സ്‌ ഇന്റലിജന്‍സ്‌ ഏജന്‍സിയിലെ മുന്‍ ഉദ്യോഗസ്‌ഥ ഫോക്‌സ് ന്യൂസിനോടു പറഞ്ഞു. പുടിന്‌ അലാസ്‌കയില്‍ അതീവ സുരക്ഷയാണ്‌ ഒരുക്കിയിരുന്നത്‌. ചര്‍ച്ചാസമയത്തും അംഗരക്ഷകര്‍ അദ്ദേഹത്തിന്റെ സമീപത്തുണ്ടായിരുന്നു.

ആരോഗ്യകാര്യത്തിലെ പുടിന്റെ ആശങ്കകള്‍ പലതവണ വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്‌. കഴിഞ്ഞ നവംബറില്‍ കസാക്കിസ്‌ഥാനിലെ അസ്‌താനയില്‍ നടന്ന ഒരു സമ്മേളനത്തില്‍ പുടിന്റെ കാലുകള്‍ വിറയ്‌ക്കുന്നതായി കണ്ടത്‌ അഭ്യൂഹങ്ങള്‍ പരത്തിയിരുന്നു. പാര്‍ക്കിസണ്‍സ്‌ പോലുള്ള രോഗാവസ്‌ഥയാവാം ഇതു സൂചിപ്പിക്കുന്നതെന്നും ഡോക്‌ടര്‍മാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. രഹസ്യവിവരങ്ങള്‍ ശേഖരിക്കാനുള്ള മാര്‍ഗമായി വിസര്‍ജ്യം ഉപയോഗപ്പെടുത്തിയതിന്റെ വിവരങ്ങള്‍ ചരിത്രത്തിലുണ്ട്‌. മാവോ സെ ദോങ്ങിന്റെയും മറ്റു നേതാക്കളുടെയും മലം ലാബില്‍ പരിശോധിച്ച്‌ ജോസഫ്‌ സ്‌റ്റാലിന്‍ ചാരവേല നടത്തിയതായി മുന്‍ സോവിയറ്റ്‌ ഏജന്റ്‌ ഒരിക്കല്‍ വെളിപ്പെടുത്തിയിട്ടിട്ടുണ്ട്‌.