Movie News

പുതിയ റിലീസുകളൊന്നും പ്രശ്‌നമല്ല ; പുഷ്പ- 2 കളക്ഷന്‍ 1500 കോടിയായി, മൂന്നാമത്തെ ആഴ്ചയിലും കുതിക്കുന്നു

അല്ലു അര്‍ജുന്റെ പ്രേക്ഷകര്‍ ഏറ്റവും ആകാംഷയോടെ കാത്തിരുന്ന പുഷ്പ- 2 സിനിമ റിലീസ് ചെയ്ത ഡിസംബര്‍ 5 മുതല്‍ വന്‍ മുന്നേറ്റം തുടരുകയാണ്. സുകുമാര്‍ സംവിധാനം ചെയ്ത ഈ ആക്ഷന്‍ ത്രില്ലര്‍ ഇന്ത്യയിലും പുറത്തും അനേകം ആരാധകരെ സൃഷ്ടിച്ച് ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ പണംവാരി സിനിമകളില്‍ ഒന്നായി മാറുകയാണ്.

അല്ലുവിനൊപ്പം രശ്മികാ മന്ദന, ഫഹദ് ഫാസില്‍, ജഗപതിബാബു തുടങ്ങിയവരും ഭാഗമായ ചിത്രം പുതിയ സിനിമകളുടെ റിലീസിംഗില്‍ പോലും പതറാതെ ആളെ കയറ്റുകയാണ്. ഹിന്ദി, തമിഴ്, കന്നഡ, ബംഗാളി, മലയാളം ഭാഷകളിലും റിലീസ് ചെയ്ത സിനിമ ആഭ്യന്തര വിപണിയില്‍ നിന്നു 19 ാമത്തെ ദിവസവും 12.25 കോടിരൂപയുടെ നേട്ടം ഉണ്ടാക്കി.

മൂന്നാഴ്ച പിന്നിട്ടിട്ടിട്ടും തീയേറ്ററുകളില്‍ നിറഞ്ഞോടുന്ന സിനിമ 18ാം ദിവസം അവസാനിക്കുമ്പോള്‍, വിദേശ വിപണിയില്‍ നിന്നുള്ള 240 കോടി ഉള്‍പ്പെടെ ലോകമെമ്പാടും 1506.70 കോടി നേടി. ഇതോടെ 1500 കോടിയുടെ നേട്ടം ഉണ്ടാക്കിയിട്ടുള്ള ബാഹുബലി 2, ദംഗല്‍ തുടങ്ങിയ സിനിമാ രംഗത്തെ അതികായന്മാരുടെ നിരയിലേക്ക് കടക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ ചിത്രമായും പുഷ്പ മാറി.

ബോക്സ് ഓഫീസില്‍ 19 ദിവസങ്ങള്‍ പിന്നിട്ട ചിത്രം ഇന്ത്യയിലെ ബോക്സ് ഓഫീസില്‍ 1074.85 കോടി രൂപ കളക്ഷന്‍ നേടിയതായി സാക്‌നില്‍ക് പറയുന്നു. മൂന്നാമത്തെ ആഴ്ച തനിയെ സിനിമ 50 കോടി രൂപ നേടിയതായി ട്രേഡ് അനലിസ്റ്റുകളും പറയുന്നു. ബാഹുബലി 2ന്റെ ലൈഫ് ടൈം ഗ്രോസ് ആയ 1788 കോടി രൂപ മറികടന്ന് എക്കാലത്തെയും ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ രണ്ടാമത്തെ ഇന്ത്യന്‍ ചിത്രമായി മാറുന്നതിനാണ് സിനിമ ഇപ്പോള്‍ ലക്ഷ്യമിടുന്നത്.

എന്നിരുന്നാലും ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയതിന്റെ റെക്കോഡ് പേരിലുള്ള 2070 കോടി രൂപ നേടിയ ആമിര്‍ ഖാന്റെ ദംഗലിന്റെ ഒന്നാം സ്ഥാനം വെല്ലുവിളി നിറഞ്ഞ നാഴികക്കല്ലായി തുടരുന്നു. മൈത്രി മൂവി മേക്കേഴ്സ് നിര്‍മ്മിച്ച, പുഷ്പ 2 കഥാ സന്ദര്‍ഭം, ആക്ഷന്‍ സീക്വന്‍സുകള്‍, അല്ലു അര്‍ജുന്റെ മികച്ച പ്രകടനങ്ങള്‍ എന്നിവയാല്‍ പ്രശംസിക്കപ്പെട്ടു.