തൊബാമ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് പുണ്യ എലിസബത്ത്. തുടര്‍ന്ന് ഗൗതമന്റെ രഥം, മാര തുടങ്ങിയ സിനിമകളിലും താരം അഭിനയിച്ചു. തമിഴിലും പുണ്യ തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് പുണ്യ. തന്റെ വിശേഷങ്ങളൊക്കെ പുണ്യ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്.
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിജയ് ചിത്രം ലിയോ വമ്പന്‍ ഹിറ്റായിരുന്നു. ചിത്രത്തില്‍ തൃഷയായിരുന്നു നായിക. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തൃഷയും വിജയും ഒരുമിക്കുന്നത്. ചിത്രത്തില്‍ മലയാളി സാന്നിധ്യവും ഉണ്ടായിരുന്നു. വിജയുടെ മകനായി മാത്യു തോമസ് മുഴുനീള കഥാപാത്രമാണ് ചെയ്തത്. ബാബു ആന്റണി, മഡോണ സെബാസ്റ്റിയന്‍ എന്നിവരും മലയാളി സാന്നിധ്യമായി ലിയോയില്‍ ഉണ്ടായിരുന്നു. ലിയോയില്‍ പുണ്യയും ഒരു ചെറിയ വേഷത്തില്‍ എത്തിയിരുന്നു. ചിത്രത്തില്‍ തൃഷ അവതരിപ്പിച്ച സത്യ എന്ന കഥാപാത്രത്തിന്റെ സുഹൃത്തായി എത്തുന്നത് പുണ്യ എലിസബത്തായിരുന്നു. ലിയോയില്‍ ഒരു സീനിലാണ് പുണ്യ എലിസബത്ത് എത്തുന്നത്.
ലിയോയിലെ തന്റെ രംഗമുള്ള ചിത്രം പുണ്യ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. വലിയ വാദങ്ങളൊന്നുമില്ലെങ്കിലും ഇങ്ങനൊരു അവസരം ലഭിച്ചതില്‍ നന്ദിയുണ്ടെന്നാണ് പുണ്യ ചിത്രം പങ്കുവെച്ച് കുറിച്ചത്. പലരും താരത്തിന് അഭിനന്ദനവുമായി എത്തിയപ്പോള്‍ ഒരാള്‍ പുണ്യയ്ക്ക് പരിഹാസ കമന്റുമായാണ് എത്തിയത്. ”അമ്പട, ഇതിലും ഭേദം ഷൂട്ടിങ് കണ്ടിട്ട് തിരികെ വരുന്നതായിരുന്നു” – എന്നായിരുന്നു ഒരാള്‍ കമന്റ് ചെയ്തത്. തുടര്‍ന്ന് ഈ കമന്റിന് തക്ക മറുപടിയുമായി പുണ്യയും എത്തി. ” വലിയ വേഷമാണ് ചെയ്തതെന്ന് ഞാന്‍ ഒരിക്കലും അവകാശപ്പെട്ടിട്ടില്ല. എന്നിരുന്നാലും ഞാന്‍ നന്ദിയുള്ളവളാണ്. എനിക്ക് ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനും നേടാനുമുണ്ടെന്ന് എന്നെ തന്നെ ഓര്‍മ്മിപ്പിക്കാന്‍ വേണ്ടിയാണ് ഈ പോസ്റ്റ് ” -എന്നായിരുന്നു പുണ്യയുടെ മറുപടി.