ഉത്തർപ്രദേശിൽ ഒറായില്‍ റോയൽ ഗാർഡനിൽ വിവാഹ ഒരുക്കങ്ങള്‍ക്കിടെ വരന്റെ വീട്ടുകാരും കല്യാണ വേദി അലങ്കാരിക്കാന്‍ വന്നവരും തമ്മിലുണ്ടായ ചെറിയ വാക്കുതർക്കം ഒടുവിൽ കലാശിച്ചത് കടുത്ത സംഘട്ടനത്തിൽ.
ഒരു ചെറിയ അഭിപ്രായവ്യത്യാസത്തിന്റെ പേരിൽ ആരംഭിച്ച കലഹം താമസിയാതെ മുഷ്ടിചുരുട്ടലിലും , ചവിട്ടിലും, ഫർണിച്ചറുകൾ പറക്കുന്നതിലേക്കും കലാശിക്കുകയായിരുന്നു. സംഭവത്തിന്റെ മുഴുവൻ ദൃശ്യങ്ങളും വേദിയിലെ സിസിടിവി ക്യാമറകളിൽ പതിഞ്ഞതായി ദൈനിക് ഭാസ്‌കറിന്റെ റിപ്പോർട്ടിൽ പറയുന്നു.
ആരംഭിച്ചത് നിസ്സാരമായിട്ടാണെങ്കിലും പെട്ടെന്ന് തര്‍ക്കം രൂക്ഷമാവുകയും ഇരുവിഭാഗവും ആക്രമണാത്മക ഏറ്റുമുട്ടലിൽ ഏർപ്പെടുകയുമായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ വ്യക്തമാക്കി. സംഭവമറിഞ്ഞ് ഡെക്കറേറ്റേഴ്‌സ് ഗ്രൂപ്പിലെ കൂടുതൽ അംഗങ്ങൾ സ്ഥലത്തെത്തിയതോടെ കാര്യങ്ങൾ വഷളായി. സ്ഥിതിഗതികൾ പരിഹരിക്കുന്നതിനു പകരം ഇവരും അക്രമത്തില്‍ പങ്കുചേരുകയായിരുന്നു.
വിവാഹച്ചടങ്ങിനിടെ അക്രമം അരങ്ങേറിയതിനെ തുടർന്ന് വിവാഹത്തിനു വന്ന അതിഥികൾ വിവാഹ ഹാളില്‍നിന്ന് ഓടിപ്പോയെന്നാണ് റിപ്പോർട്ട്. വിവരമറിയിച്ചതിനെ തുടർന്ന് ലോക്കൽ പോലീസ് എത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. സംഭവം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ടെന്നും സംഘർഷത്തിൽ ഉൾപ്പെട്ടവരെ തിരിച്ചറിയാൻ ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും അധികൃതർ സ്ഥിരീകരിച്ചു. എന്നാൽ, കേസിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.