പത്തനംതിട്ട: ദിലീപിന്റെ സിനിമ പ്രദർശിപ്പിച്ചതിന്റെ പേരിൽ തർക്കം കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിൽ തർക്കം. തിരുവനന്തപുരം – തൊട്ടിൽപാലം റൂട്ടിലോടുന്ന ബസിലാണ് തർക്കമുണ്ടായത്. പത്തനംതിട്ട സ്വദേശിയായ ലക്ഷ്മി ആർ.ശേഖർ ആണ് ബസ്സിനുള്ളിൽ ആദ്യം പ്രതിഷേധം അറിയിച്ചത്. യാത്രക്കാരിൽ ചിലർ ദിലീപിന് അനുകൂലമായി നിലപാടെടുത്തതോടെയാണ് തർക്കമുണ്ടായത്. പ്രതിഷേധത്തിന് പിന്നാലെ കണ്ടക്ടർ സിനിമ ഓഫ് ചെയ്തതായി യാത്രക്കാരി പറഞ്ഞു.
അതിജീവിതയ്ക്കും ഒപ്പം നിന്ന ടി.ബി.മിനിയ്ക്കും ഉള്ള പിന്തുണയെന്ന് പ്രതിഷേധിച്ച എസ്.യു.സി.ഐ പ്രവര്‍ത്തക ലക്ഷ്മി ശേഖര്‍ പറഞ്ഞു. തിരുവനന്തപുരം തൊട്ടില്‍പ്പാലം ബസിലായിരുന്നു തര്‍ക്കം. പത്തനംതിട്ട സ്വദേശിനി ലക്ഷ്മി ശേഖറും കുടുംബവും അടൂരില്‍ ഇറങ്ങാനാണ് തിരുവനന്തപുരത്ത് നിന്ന് കയറിയത്. ബസില്‍ പറക്കും തളിക സിനിമ. ഇതോടെ ലക്ഷ്മിയും മറ്റൊരു സ്ത്രീയും പ്രതിഷേധിച്ചു. മറ്റൊരു സംഘം കോടതി വിധി പറഞ്ഞ് എതിര്‍ത്തതോടെ വാക്കേറ്റമായി. അധികം യാത്രക്കാര്‍ ഇല്ലായിരുന്നെങ്കിലും ഇരുപക്ഷത്തിന്‍റേയും ബഹളം രൂക്ഷമായതോടെ സിനിമ നിര്‍ത്തി.
ഇനിയും കോടതികളുണ്ട്. കല ആസ്വാദനം മാത്രമല്ല എന്ന് ലക്ഷ്മി പറയുന്നു. സമാന ആരോപണം നേരിട്ട മുകേഷ്, സിദ്ദിഖ്, അലന്‍സിയര്‍ തുടങ്ങി നടന്‍മാരേയും വേടനേയും അടക്കം ബഹിഷ്കരിക്കണോ എന്ന് ചോദിച്ചപ്പോള്‍ വേണം എന്ന് ലക്ഷ്മി പറഞ്ഞു. സിനിമ നിര്‍ത്തിയിരുന്നില്ലെങ്കില്‍ ബസില്‍ നിന്ന് ഇറങ്ങുമായിരുന്നു എന്ന് ലക്ഷ്മി പറയുന്നു. തിരുവനന്തപുരത്ത് റിസര്‍ച്ച് സ്കോളറും എസ്.യു.സി.ഐ.പ്രവര്‍ത്തകയുമാണ് ലക്ഷ്മി ശേഖര്‍




