Healthy Food

പരിപ്പിനു മുന്നില്‍ പ്രോട്ടീന്‍ ടോണിക്കുകള്‍ നിസാരം; രോഗപ്രതിരോധത്തിന് പരിപ്പ്

മത്സ്യ മാംസങ്ങളൊന്നും കഴിക്കാത്ത ശുദ്ധ പച്ചക്കറിക്കാരുടെ ശരീരത്തിലെ പ്രോട്ടീന്‍ കുറവ് പരിഹരിക്കുന്നത് പരിപ്പാണ്. പരിപ്പ് സൂക്ഷിക്കാത്ത ഒരു അടുക്കളയും ഉണ്ടാകില്ല. സാമ്പാര്‍, രസം തുടങ്ങിയ മലയാള സദ്യവട്ടത്തിലെ പ്രധാനിയാണ് പരിപ്പ്. വൃത്തിയുള്ള തൂശനിലയിലെ ചോറില്‍ വേവിച്ച പരിപ്പും നെയ്യുമാണ് തുടക്കം കുറിക്കുക. പ്രാദേശികമായി സദ്യയില്‍ ഒരു പരിപ്പുകറിയുടെ വരവുതന്നെയുണ്ട്. ഇങ്ങനെ നമ്മുടെ അടുക്കളയിലെ പ്രധാനിയാണ് മഞ്ഞ നിറത്തില്‍ സൗന്ദര്യമുള്ള പരിപ്പ്.

മത്സ്യ മാംസങ്ങളൊന്നും കഴിക്കാത്ത ശുദ്ധ പച്ചക്കറിക്കാരുടെ ശരീരത്തിലെ പ്രോട്ടീന്‍ കുറവ് പരിഹരിക്കുന്നത് പരിപ്പാണ്. പ്രോട്ടീനൊപ്പം ധാരാളം നാരടങ്ങിയ ആഹാരം കൂടിയാണിത്. ഫൈബര്‍ ഫുഡ് എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്താം. പരിപ്പുകൊണ്ടുള്ള കറിക്കൂട്ടുകള്‍ എഴുതിത്തീര്‍ക്കാന്‍ പറ്റാത്ത വിധമാണ്. മലയാളിയുടെ പരിപ്പ് വടയും കട്ടന്‍ചായയും വളരെ പ്രശസ്തമായ ലഘുഭക്ഷണമാണല്ലോ? വട മാത്രമല്ല, ഓരോരുത്തരുടെ യുക്തിക്കനുസരിച്ച് വിവിധതരം പലഹാരങ്ങള്‍ പരിപ്പ് ചേര്‍ത്തുണ്ടാക്കാന്‍ കഴിയും.

പരിപ്പും തക്കാളിയും വേവിച്ച് മുളക് കീറിയിട്ട് പാകത്തിന് ഉപ്പ് ചേര്‍ത്ത് ചെറിയ ഉള്ളി വറുത്തിട്ട് തയ്യാറാക്കുന്ന പരിപ്പുകറി ബാച്ച്ലേഴ്‌സ് കിച്ചണ്‍ സ്പെഷ്യാലിറ്റിയാണ്. വളരെ ലളിതമായി പെട്ടെന്ന് തയ്യാറാക്കാന്‍ കഴിയുന്ന രുചികരമായ കറിയാണിത്. ചപ്പാത്തി, പുട്ട് എല്ലാം ഈ കറിയുണ്ടെങ്കില്‍ എത്രവേണമെങ്കിലും കഴിക്കാം. ശരീരത്തിലെ രക്തക്കുഴലുകള്‍പോലുള്ള വിവിധ സ്രോതസ്സുകളിലുണ്ടാകുന്ന മാലിന്യങ്ങളുടെ അടിഞ്ഞുകൂടല്‍ ഇല്ലാതാക്കാന്‍ പരിപ്പിന് കഴിയും. അതുകൊണ്ടുതന്നെ രക്തപ്രവാഹം തടസ്സപ്പെട്ടുണ്ടാകുന്ന ഹൃദ്രോഗം, ആര്‍ത്രോ സക്ലീറോസിസ്സ് പോലുള്ള രോഗങ്ങള്‍ക്ക് പരിപ്പ് പതിവായി ഉപയോഗിക്കുന്നത് നല്ലതാണ്.

ശരീരത്തിലെ വിവിധ രോഗങ്ങള്‍ക്കു കാരണമായ ആമാവസ്ഥ ഇല്ലാതാക്കാന്‍ പരിപ്പിന് കഴിയും. പരിപ്പ് ചേര്‍ത്തുണ്ടാക്കുന്ന രസം ദഹനത്തെ വര്‍ദ്ധിപ്പിക്കുന്നതും നല്ല ശോധന ലഭ്യമാക്കുന്നതുമാണ്. അമിതവണ്ണത്തിനുള്ള ചികിത്സയില്‍ പരിപ്പിന് നല്ല പ്രാധാന്യം ഉണ്ട്. മത്സ്യ മാംസങ്ങള്‍ ഉപേക്ഷിച്ച്, വാഴപ്പിണ്ടിയും പരിപ്പും ചേര്‍ത്ത് തയാറാക്കുന്ന തോരനും, പരിപ്പുസൂപ്പും മാത്രം രാത്രിയിലെ ആഹാരമാക്കി ഭക്ഷണനിയന്ത്രണം ശീലിക്കാം. പരിപ്പുസൂപ്പ് വയറിളക്ക രോഗങ്ങള്‍, ഇറിറ്റബിള്‍ ബൗള്‍സിന്‍ഡ്രം, ഓപ്പറേഷനു ശേഷമുള്ള ക്ഷീണം എന്നിവക്കെല്ലാം വളരെ ഫലപ്രദമാണ്. വലിയ വില കൊടുത്തു വാങ്ങുന്ന ടിന്നിലടച്ച പ്രോട്ടീന്‍ ടോണിക്കുകള്‍, പാവം പരിപ്പിനു മുന്നില്‍ എത്ര നിസാരമാണ്.