Hollywood

കുരുവി വീണ്ടും കപ്പല്‍ കയറുമോ ? പൈറേറ്റ്‌സ് ഓഫ് കരീബിയന്‍ റീബൂട്ടിനായി ജോണിഡെപ്പ് തിരിച്ചുവരുമോ ?

പൈറേറ്റ്‌സ് ഓഫ് കരീബിയന്‍ ചിത്രങ്ങളിലെ ജനങ്ങളുടെ പ്രിയപ്പെട്ട കഥാപാത്രമാണ് ജോണി ഡെപ്പിന്റെ ജാക്ക് സ്പാരോ എന്ന കഥാപാത്രം. ഡിസ്‌നിലാന്‍ഡ് റൈഡിനെ അടിസ്ഥാനമാക്കിയുള്ള ഒരു സിനിമയായി ആരംഭിച്ച ഈ പരമ്പര അഞ്ച് സിനിമകളായാണ് പുറത്ത് വന്നത്. ബോക്സ് ഓഫീസില്‍ ഏകദേശം 4.5 ബില്യണ്‍ ഡോളറാണ് ചിത്രം നേടിയത്. റീബൂട്ട് എന്ന നിലയില്‍ ആറാമത്തെ ചിത്രം ഒരുങ്ങുന്നതിനാല്‍, ഡെപ്പ് അതിന്റെ ഭാഗമാകുമോ എന്നതിനെക്കുറിച്ച് ധാരാളം ചര്‍ച്ചകള്‍ നടന്നിരുന്നു.

ജോണി ഡെപ്പ് പൈറേറ്റ്‌സ് ഓഫ് കരീബിയനിലേക്ക് മടങ്ങിയെത്തുമെന്ന അഭ്യൂഹങ്ങളെക്കുറിച്ച് നിര്‍മ്മാതാവ് ജെറി ബ്രൂക്ക്‌ഹൈമര്‍ അടുത്തിടെ എന്റര്‍ടൈന്‍മെന്റ് ടുനൈറ്റിനോട് വെളിപ്പെടുത്തിയിരുന്നു. അദ്ദേഹം ഡെപ്പിനെ പ്രശംസിക്കുകയും പരമ്പരയില്‍ അദ്ദേഹത്തെ വീണ്ടും കാണാന്‍ ആഗ്രഹിക്കുന്നതായും അറിയിച്ചു. എന്നാല്‍ അത് സംഭവിക്കുമോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. ‘ഇത് എന്റെ കാര്യമാണെങ്കില്‍, തീര്‍ച്ചയായും. ഡെപ്പിനെ എനിക്ക് ഇഷ്ടമാണ്… അവന്‍ ഒരു മികച്ച നടനും നല്ല സുഹൃത്തുമാണ്… ഞാന്‍ തീര്‍ച്ചയായും അദ്ദേഹത്തോട് സംസാരിച്ചിട്ടുണ്ട്, പക്ഷേ എന്ത് സംഭവിക്കുമെന്ന് നമുക്ക് നോക്കാം ” – ബ്രൂക്ക്‌ഹൈമര്‍ പറഞ്ഞു.

2003-ല്‍ പുറത്തിറങ്ങിയ ‘കഴ്‌സ് ഓഫ് ദ ബ്ലാക്ക് പേള്‍’ എന്ന ആദ്യ ചിത്രത്തിന് ശേഷം, ജോണി ഡെപ്പിന്റെ ജാക്ക് സ്പാരോ എന്ന കഥാപാത്രം പൈറേറ്റ്‌സ് ഓഫ് ദ കരീബിയന്‍ പരമ്പരയുടെ വിജയത്തിന് നിര്‍ണായകമായിരുന്നു. താരത്തിന്റെ ആകര്‍ഷകവും വിചിത്രവുമായ പ്രകടനം അദ്ദേഹത്തെ ചിത്രത്തിന്റെ പ്രധാന മുഖമാക്കി മാറ്റി, എല്ലാ പോസ്റ്ററുകളിലും ട്രെയിലറുകളിലും പ്രമോഷനുകളിലും അദ്ദേഹം പ്രത്യക്ഷപ്പെട്ടു. എന്നിരുന്നാലും, സമീപകാല വിവാദങ്ങളും ചലച്ചിത്ര പരമ്പരയിലെ മാറ്റങ്ങളും കാരണം, ഭാവിയില്‍ ഡെപ്പിന്റെ റോള്‍ എങ്ങനെയുള്ളതാണെന്ന് കണ്ട് തന്നെ അറിയണം.

ജോണി ഡെപ്പും ആംബര്‍ ഹേര്‍ഡും തമ്മിലുള്ള അപകീര്‍ത്തി കേസ് ഇരുവരുടെയും കരിയറിനെ ബാധിച്ചു, ഇത് വിവാദത്തില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ ഡിസ്‌നിയെ പ്രേരിപ്പിച്ചു. ഡെപ്പ് കേസില്‍ വിജയിച്ചെങ്കിലും, സുരക്ഷിതമായ നിലപാടില്‍ നില്‍ക്കാനാണ് ഡിസ്‌നി താല്പര്യപ്പെട്ടത്.