താരരാജാവായി മോഹന്‍ലാലിന്റെ വരവറിയിച്ച ചിത്രമാണ് രാജാവിന്റെ മകന്‍. ഈ സിനിമയിലെ മോഹന്‍ലാല്‍ നായിക അംബികയോട് പറയുന്ന പ്രശസ്തമായ ഡയലോഗാണ് ‘മൈ ഫോണ്‍ നമ്പര്‍ ഈസ് 2255’ എന്നത്. വാഹനങ്ങളില്‍ ഫാന്‍സി നമ്പറുകള്‍ ട്രെന്റ് ആയ കാലത്ത് മോഹന്‍ലാലും അദ്ദേഹത്തിന്റെ ആരാധകരുമായി നിരവധിപേര്‍ ഈ നമ്പര്‍ മത്സരിച്ച് സ്വന്തമാക്കുകയായിരുന്നു. ഇന്നലെ ഈ നമ്പറിനായി വീണ്ടും ഒരു മത്സരത്തിന് എറണാകുളം ആര്‍ടി ഓഫീസ് സാക്ഷ്യം വഹിച്ചു .
KL 07 DH 2255 എന്ന നമ്പറിനുവേണ്ടിയാണ് വാശിയേറിയ ലേലം നടന്നത്. ഒടുവില്‍ സിനിമാ നിര്‍മ്മാതാവും മോഹന്‍ലാലിന്റെ സുഹൃത്തും വിശ്വസ്തനുമായ ആന്റണി പെരുമ്പാവൂരാണ് ഈ നമ്പര്‍ സ്വന്തമാക്കിയത്. 3,20,000 രൂപയ്ക്കാണ് അദ്ദേഹം ഈ നമ്പര്‍ സ്വന്തമാക്കിയത്. ഈ നമ്പറിനായി നാലുപേരാണ് ലേലത്തില്‍ പങ്കെടുത്തത്. അടിസ്ഥാന വിലയില്‍ ആരംഭിച്ച ലേലത്തില്‍ മത്സരം ഏറിയതോടെയാണ് നമ്പറിന്റെ വില മൂന്ന് ലക്ഷം രൂപ കടന്നത്.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് നിര്‍മ്മാതാവായ ആന്റണി പെരുമ്പാവൂര്‍ 72 ലക്ഷം രൂപ വില വരുന്ന വോള്‍വോയുടെ XC60- പുതിയ ആഡംബര എസ്‌യുവി സ്വന്തമാക്കിയത്. ഈ വാഹനത്തിന് നല്‍കാനാണ് അദ്ദേഹം മോഹന്‍ലാലിന്റെ വാഹനങ്ങള്‍ക്കുള്‍പ്പെടെ നല്‍കിയിട്ടുള്ള 2255 എന്ന നമ്പര്‍ സ്വന്തമാക്കിയതെന്നാണ് അറിയുന്നത്.
അടുത്തിടെ മോഹന്‍ലാന്‍ സ്വന്തമാക്കിയ കാരവാനിനും 2255 എന്ന നമ്പര്‍ സ്വന്തമാക്കിയിരുന്നു. KL 07 CZ 2255 എന്ന നമ്പറായിരുന്നു അദ്ദേഹത്തിന്റെ കാരവാനിനായി സ്വന്തമാക്കിയത്. മോഹൻലാലിന്റെ വാഹന ശേഖരത്തിലെ വേറെയും വാഹനങ്ങള്‍ക്കായി 2255 എന്ന നമ്പര്‍ സ്വന്തമാക്കിയിരുന്നെന്നാണ് വിവരം. എന്നാല്‍, അദ്ദേഹത്തിന്റെ വെല്‍ഫയര്‍ എംപിവിക്ക് 2020 എന്ന നമ്പറാണ് നല്‍കിയിരിക്കുന്നത്. മുമ്പ് KL 07 CK 0007 നമ്പര്‍ അദ്ദേഹം തന്റെ വാഹനത്തിനായി ലേലത്തില്‍ പിടിച്ചിരുന്നു.




