Lifestyle

7വർഷത്തെ പ്രണയം, പ്രിയങ്ക ഗാന്ധിയുടെ മകൻ റെയ്ഹാൻ വിവാഹിതനാകുന്നു? വധു അവിവ ബെയ്ഗ് ആരാണ്?

ഡൽഹി∙ കോൺഗ്രസ് നേതാവും വയനാട് എം.പി.യുമായ പ്രിയങ്ക ഗാന്ധിയുടെയും റോബർട്ട് വദ്രയുടെയും മകൻ റെയ്ഹാൻ വദ്ര (25) വിവാഹിതനാകുന്നെന്ന് റിപ്പോർട്ടുകള്‍. കാമുകി അവിവ ബെയ്ഗിനോട് റെയ്ഹാൻ വിവാഹാഭ്യർഥന നടത്തിയെന്നാണു ലഭിക്കുന്ന വിവരം. ഏഴുവർഷമായി ഇരുവരും പ്രണയത്തിലാണ്. രണ്ടു കുടുംബങ്ങളും ഇരുവരുടെയും ബന്ധത്തിന് പിന്തുണ പ്രഖ്യാപിച്ചതായും എൻഡിടിവി റിപ്പോർട്ട് ചെയ്തു. ഡൽഹി സ്വദേശിയാണ് അവിവ ബെയ്ഗ്. ഇൻസ്റ്റഗ്രാമിൽ നൽകിയിരിക്കുന്ന ബയോ പ്രകാരം ഫോട്ടോഗ്രാഫറാണ് അവിവ.

മോഡേൺ സ്കൂളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ അവിവ ഒപി ജിൻഡാൽ ഗ്ലോബൽ യൂണിവേഴ്സിറ്റിയിൽ നിന്ന് മീഡിയ കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസം പഠിച്ചു. 2023 ലെ ഇന്ത്യ ആർട്ട് ഫെയറിലെ യു കാന്റ് മിസ് ദിസ്, 2019 ലെ ദി ഇല്ല്യൂസറി വേൾഡ് എന്നിവയുൾപ്പെടെ നിരവധി ശ്രദ്ധേയമായ എക്സിബിഷനുകളിൽ അവിവ തന്റെ ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്. ക്രിയേറ്റീവ് പ്രൊഡക്ഷൻ യൂണിറ്റ് അറ്റ്ലിയർ 11 ന്റെ സഹസ്ഥാപക കൂടിയാണ് അവർ, മുൻ ദേശീയതല ഫുട്ബോൾ കളിക്കാരിയുമാണ്.

അവീവയുടെ പിതാവ് ഇമ്രാൻ ബെയ്ഗ് ബിസിനസുകാരനും അമ്മ നന്ദിത ബെയ്ഗ് ഇന്റീരിയർ ഡിസൈനറുമാണ്. പ്രിയങ്ക ഗാന്ധി വാദ്രയും നന്ദിത ബെയ്ഗും പഴയ സുഹൃത്തുക്കളാണെന്നും കോൺഗ്രസ് ആസ്ഥാനമായ ഇന്ദിരാ ഭവന്റെ ഇന്റീരിയർ ഡിസൈനിൽ നന്ദിത ജോലി ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്.

വിഷ്വൽ ആർട്ടിസ്റ്റാണ് റെയ്ഹാൻ വദ്ര. പത്താമത്തെ വയസ്സുമുതൽ ഫോട്ടോഗ്രഫിയിൽ താൽപര്യം പ്രകടിപ്പിച്ചിരുന്നു. വന്യജീവി, സ്ട്രീറ്റ്, കൊമേഴ്സൽ ഫോട്ടോഗ്രാഫർ ആണ്. 2021-ൽ ന്യൂഡൽഹിയിലെ ബിക്കാനീർ ഹൗസിൽ റെയ്ഹാൻ വദ്ര ആദ്യ സോളോ എക്സിബിഷൻ നടത്തിയിരുന്നു. 2017-ൽ സ്കൂളിൽ നടന്ന ഒരു ക്രിക്കറ്റ് മത്സരത്തിനിടെ റെയ്ഹാൻ വദ്രയ്ക്ക് കണ്ണിനു പരുക്കേറ്റിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ‌ പ്രകാശം, സ്ഥലം, സമയം എന്നിവയുമായി ബന്ധപ്പെട്ട അനുഭവങ്ങളെ ആസ്പദമാക്കിയുള്ളതായിരുന്നു എക്സിബിഷൻ.

2000 ഓഗസ്റ്റ് 29 ന് ജനിച്ച റൈഹാൻ വധേര ഡെറാഡൂണിലെ ദി ഡൂൺ സ്കൂളിൽ പഠിച്ചു. തുടർന്ന് ലണ്ടനിലെ സ്കൂൾ ഓഫ് ഓറിയന്റൽ ആൻഡ് ആഫ്രിക്കൻ സ്റ്റഡീസിൽ (SOAS) ഉന്നത വിദ്യാഭ്യാസം നേടി. കലയിലും ഫോട്ടോഗ്രാഫിയിലും അതീവ താല്പര്യമുള്ള റൈഹാൻ പൊതുരംഗത്ത് വളരെ കുറച്ച് മാത്രമേ പ്രത്യക്ഷപ്പെടുന്നുള്ളൂ.