Movie News

പൃഥ്വിരാജും പറയുന്നു, നായ​കനോ നായികയോ അല്ല, സംവിധായകനാണ് താരം

കെ ജിഎഫ് , കാന്താര തുടങ്ങിയ ബ്ലോക്ക്‌ബസ്റ്ററുകള്‍ക്ക് ശേഷം, ബോക്‌സ് ഓഫീസില്‍ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കാൻ പോകുന്ന ഹോംബാലെ ഫിലിംസിന്റെ ഏറ്റവും വലിയ ബിഗ് ബജറ്റ് പ്രോജക്റ്റാണ് ‘സലാര്‍. യാഷ് നായകനായെത്തിയ കെ. ജി. എഫ് എന്ന ഒരൊറ്റ സിനിമയിലൂടെ ഇന്ത്യൻ സിനിമയില്‍ തന്റെ സ്ഥാനമുറപ്പിച്ച സംവിധായകനായ പ്രശാന്ത് നീല്‍ തെന്നിന്ത്യൻ സൂപ്പര്‍ താരം പ്രഭാസ് നായകനാക്കി ഒരുക്കുന്ന ‘സലാറി’ൽ ഒരു പ്രധാന വേഷത്തിൽ പൃഥ്വിരാജും എത്തുന്നുണ്ട്. ആരാധകര്‍ ഏറെ പ്രതീക്ഷയോടെയും ആകാംഷയോടെയും കാത്തിരിക്കുന്ന മെഗാ-ആക്ഷൻ പാക്ക് ചിത്രത്തിൽ ഒരു ഹോളിവുഡ് സ്റ്റൈല്‍ മേക്കിംഗ് മികവാണുള്ളത്. പ്രഭാസ് – പൃഥ്വിരാജ് കോംബോയിലെ ദൃശ്യവിരുന്നിന് സാക്ഷ്യം വഹിക്കാൻ കാത്തിരിക്കുകയാണ് ആരാധകർ.

രണ്ട് സുഹൃത്തുക്കളുടെ കഥ പറയുന്ന ബിഗ് ബജറ്റ് ആക്ഷൻ ചിത്രം ‘സലാര്‍ ഭാഗം 1 സീസ്‌ഫയര്‍ ഒരു സാങ്കല്‍പ്പിക നഗരമായ ഖാൻസാറിനെ പശ്ചാത്തലമാക്കിയുള്ളതാണ്. സിനിമയില്‍ വരധരാജ മന്നാര്‍ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി പൃഥ്വിരാജ് അഭിമുഖങ്ങളിലും ചാറ്റ് ഷോയിലുമൊക്കെ പങ്കെടുക്കുന്നുണ്ട്. ഇപ്പോഴിതാ താരം പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയ കീഴടക്കുന്നത്.

” ഈ മൂവ്മെന്റ് അല്ലെങ്കിൽ ഒരു പ്രൊജക്റ്റ്‌ ഒരു സ്റ്റാറിന് ലീഡ് ചെയ്യാൻ പറ്റില്ല. ഒരു ആക്ട്രസ്സിനും പറ്റില്ല. ഒരു ഫിലിം മേക്കറിന് മാത്രമേ പറ്റൂ. ഇന്ന് ഒരു സിനിമയ്ക്ക് ഇന്ത്യ മുഴുവൻ റീച്ച് കിട്ടിയത് ആ ആക്ടർ കാരണമല്ല. ആ കൺടെന്റ് കാരണമാണ്. ഒരു ഫിലിം മേക്കറിനെ ലീഡ് ചെയ്യാൻ പറ്റൂ. പ്രഭാസ് അഞ്ച് വർഷക്കാലം രാജമൗലി സാറിന് കൊടുത്തത് പോലെ, യാഷ് അഞ്ച് വർഷക്കാലം പ്രശാന്ത് നീലിന് കൊടുത്തത് പോലെ ഒരു സ്റ്റാറിന് ആ ഫിലിം മേക്കറിന്റെ വിഷൻ കൂടെ നിന്ന് സപ്പോർട്ട് ചെയ്യാൻ പറ്റും. പക്ഷേ ഒരു സ്റ്റാറിന് അത് ലീഡ് ചെയ്യാൻ പറ്റില്ല, ഒരു ഫിലിം മേക്കറിന് മാത്രമേ പറ്റൂ. ഒരിക്കൽ പ്രഭാസസിനോട് ഞാൻ ചോദിച്ചു, ഈ അഞ്ച് വർഷക്കാലം ബാഹുബലിക്ക് വേണ്ടി മാറ്റി വച്ചപ്പോൾ ബാക്കി ഉള്ള താരങ്ങളെല്ലാം തങ്ങളുടെ കരിയറിൽ ബിസി ആയിരുന്നല്ലോ. അവരുടെ സിനിമകൾ തെലുങ്കിൽ സൂപ്പർ ഹിറ്റ് ആകുന്നുണ്ടല്ലോ. എപ്പോഴെങ്കിലും അതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ. അതിനു പ്രഭാസ് പറഞ്ഞ മറുപടിയിലാണ് എനിക്ക് കൺവിക്ഷൻ ഫീൽ ചെയ്തത്.

അവർ 100 ശതമാനം ഷുവർ ആയിരുന്നു. അഞ്ച് വർഷമല്ല, പത്തു വർഷം കൊടുത്താലും അത് വർത്ത് ആയിരിക്കും എന്ന്. ആ കൺവിക്ഷൻ, വിശ്വാസം നമുക്കും വേണം…. ” താരം പറയുന്നു.

റിബല്‍ സ്റ്റാര്‍ പ്രഭാസ് നായകനായി എത്തുന്ന സലാറില്‍ മലയാളികളുടെ പ്രിയ സൂപ്പര്‍ താരം പൃഥ്വിരാജ് സുകുമാരൻ കേന്ദ്ര കഥാപാത്രമാണ്. അതിനു പുറമെ ശ്രുതി ഹാസൻ, ജഗപതി ബാബു, ടിന്നു ആനന്ദ്, ഈശ്വരി റാവു, ശ്രീയ റെഡ്ഡി, രാമചന്ദ്ര രാജു എന്നിവരും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. വൻ താര നിര തന്നെയാണ് ചിത്രത്തിലുള്ളത്. രവി ബസ്രുര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. സലാര്‍ കേരളത്തിലെ തീയേറ്ററുകളില്‍ വിതരണാവകാശം എത്തിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസും മാജിക്‌ ഫ്രെയിംസും ചേര്‍ന്നാണ്.