Crime

ഭക്തര്‍ തൊഴാനെത്തിയപ്പോള്‍ ക്ഷേത്രത്തില്‍ പൂജാരി ഇല്ല; 1.22 ലക്ഷം രൂപയുടെ പണവും ആഭരണങ്ങളും മോഷ്ടിച്ച് കുടുംബത്തോടെ മുങ്ങി

ക്ഷേത്രത്തില്‍ നിന്ന് 1.22 ലക്ഷം രൂപയുടെ പണവും ആഭരണങ്ങളും മോഷ്ടിച്ച് പൂജാരി മുങ്ങി. വല്‍സാദില്‍ തിങ്കളാഴ്ച ഉണ്ടായ സംഭവത്തില്‍ വല്‍സാദിലെ വാപി ടൗണിലെ ഗായത്രി ക്ഷേത്രം ട്രസ്റ്റി ജനക് പാണ്ഡ്യ നല്‍കിയ പരാതിയില്‍ 45 കാരനായ ശിവപ്രസാദ് ശര്‍മ്മയ്ക്ക് എതിരേ വാപി ടൗണ്‍ പൊലീസ് കേസെടുത്തു.

നവംബര്‍ 8 ന് ക്ഷേത്രത്തിലെ പൂജാരിയായി ശര്‍മ്മയെ നിയമിക്കുകയും ഭാര്യയ്ക്കും മകള്‍ക്കുമൊപ്പം കുടുംബമായി താമസിക്കാന്‍ ക്വാര്‍ട്ടേഴ്‌സ് അനുവദിക്കുകയും ചെയ്തിരുന്നു. ട്രസ്റ്റി ഉള്‍പ്പെടെയുള്ളവര്‍ തിങ്കളാഴ്ച രാവിലെ പ്രാര്‍ഥനയ്ക്കായി ക്ഷേത്രത്തില്‍ എത്തിയപ്പോഴാണ് പൂജാരിയെ കാണാനില്ലെന്നറിഞ്ഞത്. ക്ഷേത്രത്തില്‍ സൂക്ഷിച്ചിരുന്ന 24,183 രൂപയുടെ പണവും ക്ഷേത്രത്തിലുണ്ടായിരുന്ന 80,000 രൂപയുടെ സ്വര്‍ണം, വെള്ളി ആഭരണങ്ങളും ശര്‍മ്മ മോഷ്ടിച്ചതായി ജനക് പാണ്ഡ്യ ആരോപിച്ചു.

ശര്‍മ്മയെയും കുടുംബത്തെയും കണ്ടെത്താന്‍ വാപ്പി റെയില്‍വേ സ്റ്റേഷനിലെ സിസിടിവി ക്യാമറ ദൃശ്യങ്ങളും ചില പ്രദേശങ്ങളും പരിശോധിച്ച് വരികയാണെന്ന് വാപി ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ സി ബി ചൗധരി പറഞ്ഞു. നേരത്തെ ഹരിദ്വാറിലെ ശാന്തികുഞ്ച് ക്ഷേത്രത്തില്‍ ജോലി ചെയ്തുവരികയായിരുന്ന ശര്‍മ്മയെ ഈ ക്ഷേത്രത്തിലേക്ക് മാറ്റുകയായിരുന്നു. ശിവപ്രസാദ് ശര്‍മ്മയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.