അഹമ്മദാബാദ്: ക്ഷേത്രപുരോഹിതന്‍ ദേവതയുടെ ദാസനായി മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂവെന്നും ക്ഷേത്രഭൂമിയില്‍ അദ്ദേഹത്തിന് ഉടമസ്‌ഥാവകാശമില്ലെന്നും ഗുജറാത്ത് ഹൈക്കോടതി. പൊതുറോഡില്‍ നിര്‍മിച്ച ഗണേശ ക്ഷേത്രത്തിന്റെ ഉടമാവകാശം സ്‌ഥാപിക്കാന്‍ ശ്രമിച്ച പുരോഹിതന്റെ അപ്പീല്‍ തള്ളിക്കൊണ്ടാണു വിധി.
വര്‍ഷങ്ങളായി പ്രാര്‍ഥന നടത്തുന്നതിന്റെ പേരില്‍ ക്ഷേത്രം പൊളിക്കുന്നതു തടയാനോ ഭൂമിയുടെ ഉടമസ്‌ഥത അവകാശപ്പെടാനോ പുരോഹിതനു നിയമപരമായി കഴിയില്ലെന്ന് ജസ്‌റ്റിസ് ജെ.സി. ദോഷി വ്യക്‌തമാക്കി.
തന്റെ വസ്‌തുവിനു സമീപമുള്ള പൊതുറോഡില്‍ ഗണേശക്ഷേത്രം നിര്‍മിച്ചതിനെ ഒരു ഭൂവുടമ എതിര്‍ത്തതാണ് തര്‍ക്കത്തിന്റെ തുടക്കം. ക്ഷേത്രം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് അദ്ദേഹം സിവില്‍ കോടതിയെ സമീപിക്കുകയും തുടര്‍ന്ന് വിചാരണക്കോടതിയും ഒന്നാം അപ്പീല്‍ കോടതിയും നിര്‍മാണം പൊളിച്ചുമാറ്റാന്‍ ഉത്തരവിടുകയും ചെയ്‌തു. ഇതിനെതിരേ പുരോഹിതന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഗുജറാത്ത് ഹൈക്കോടതിയുടെ വിധി.
ദീര്‍ഘകാലത്തെ മതപരമായ തന്റെ സേവനം കൈവശാവകാശത്തിലൂടെ തനിക്ക് ഉടമസ്‌ഥത നല്‍കിയിട്ടുണ്ടെന്നായിരുന്നു പുരോഹിതന്റെ വാദം. എന്നാല്‍ ദീര്‍ഘകാലം ആചാരങ്ങള്‍ അനുഷ്‌ഠിക്കുന്നത് ഭൂമിയുടെ മേലുള്ള നിയമപരമായ അവകാശമായി മാറില്ലെന്നു ഹൈക്കോടതി വ്യക്‌തമാക്കി. ഒരു പൂജാരി ദേവന്റെ ദാസന്‍ മാത്രമാണ്. അദ്ദേഹം ഭൂമിയുടെ ഉടമയല്ലെന്നും അപ്പീല്‍ നിരസിച്ച് ഹൈക്കോടതി വിശദീകരിച്ചു.




