എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന വൈറ്റമിന്‍ ഡി വയറിന്റെ ആരോഗ്യത്തെയും കാത്തുരക്ഷിക്കുന്നു. വയറില്‍ നീര്‍ക്കെട്ടും അണുബാധയും നിയന്ത്രിക്കാന്‍ വൈറ്റമിന്‍ ഡി സഹായകമാണ്. വൈറ്റമിന്‍ ഡിയുടെ അഭാവം ഇന്‍ഫ്‌ളമേറ്ററി ബവല്‍ ഡിസീസ്, ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം പോലുള്ള പ്രശ്‌നങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു. വൈറ്റമിന്‍ ഡിയുടെ അളവ് നമ്മുടെ മൂഡിനെയും ഊര്‍ജത്തെയും എല്ലാം ബാധിക്കും. വൈറ്റമിന്‍ ഡി യുടെ അളവ് കുറഞ്ഞാല്‍ എല്ലുകള്‍ ദുര്‍ബലമാവുകയും ക്ഷീണം തോന്നുകയും അണുബാധകളെ പ്രതിരോധിക്കാന്‍ ശരീരത്തിന് ബുദ്ധിമുട്ട് ഏറുകയും ചെയ്യും. നമ്മുടെ ചര്‍മം സൂര്യപ്രകാശവുമായി സമ്പര്‍ക്കത്തില്‍ വരുമ്പോഴാണ് ശരീരം വൈറ്റമിന്‍ ഡി ഉല്‍പാദിപ്പിക്കുന്നത്.
തണുപ്പുകാലങ്ങളില്‍ വൈറ്റമിന്‍ ഡിയുടെ അളവ് കുറയും. പ്രായമായവര്‍, രാത്രി ഷിഫ്റ്റുകളില്‍ ജോലിചെയ്യുന്നവര്‍, കൂടുതല്‍ സമയവും മുറികള്‍ക്കുള്ളില്‍ ചെലവിടുന്നവര്‍ ഇവരെയെല്ലാം വൈറ്റമിന്‍ ഡിയുടെ അഭാവം കൂടുതലായി ബാധിക്കും. വീഗന്‍ ഭക്ഷണരീതി പിന്തുടരുന്നവര്‍ക്കും സീലിയാക് ഡിസീസ്, വൃക്കരോഗങ്ങള്‍ തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്കും വൈറ്റമിന്‍ ഡി കുറയുന്നതു മൂലമുള്ള പ്രയാസങ്ങള്‍ ഉണ്ടാകും. വൈറ്റമിന്‍ ഡിയുടെ അഭാവം ഇല്ലാതാക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാം…..
പരിശോധിക്കാം വൈറ്റമിന്‍ ഡി യുടെ അളവ് – വൈറ്റമിന്‍ ഡിയുടെ അഭാവം വളരെ സാവധാനത്തിലാണ് ഉണ്ടാകുന്നത്. പെട്ടെന്ന് ലക്ഷണങ്ങള്‍ ഒന്നും പ്രകടമാകുകയുമില്ല. അതുകൊണ്ടുതന്നെ പതിവായി പരിശോധനകള്‍ നടത്തേണ്ടത് ആവശ്യമാണ്. വൈറ്റമിന്‍ ഡി യുടെ അളവ് കുറവാണെങ്കില്‍ ഡോക്ടര്‍മാര്‍ വെയില്‍ കൊള്ളാനും ഭക്ഷണത്തില്‍ മാറ്റം വരുത്താനും സപ്ലിമെന്റുകള്‍ കഴിക്കാനും നിര്‍ദേശിച്ചേക്കാം. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ വൈറ്റമിന്‍ ഡിയുടെ അളവ് പരിശോധിക്കണം. ഇത് വൈറ്റമിന്‍ ഡിയുടെ അളവ് ആരോഗ്യകരമായി നിലനിര്‍ത്താന്‍ സഹായിക്കുന്നതിനൊപ്പം എല്ലുകളും രോഗപ്രതിരോധ സംവിധാനവുമായി ബന്ധപ്പെട്ട ദീര്‍ഘകാല സങ്കീര്‍ണതകള്‍ ഒഴിവാക്കാനും സഹായിക്കും.
ഫോര്‍ട്ടിഫൈഡ് ഭക്ഷണങ്ങള്‍ – വൈറ്റമിന്‍ ഡി സ്വാഭാവികമായി കാണപ്പെടുന്ന ഒന്നല്ല. ചില ഭക്ഷണങ്ങളില്‍ മാത്രമാണ് ഇതുള്ളത്. ചില ഉല്‍പന്നങ്ങള്‍ അതില്‍ ലഭ്യമല്ലാത്ത വൈറ്റമിനുകള്‍ ചേര്‍ത്ത് സമ്പുഷ്ടീകരിക്കും ഇവയാണ് ഫോര്‍ട്ടിഫൈഡ് ഫുഡ്‌സ്. വൈറ്റമിന്‍ ഡി ചേര്‍ത്ത പശുവിന്‍ പാല്‍, സസ്യാധിഷ്ഠിത പാലുകള്‍, യോഗര്‍ട്ട്, സിറീയലുകള്‍, ഓറഞ്ച് ജ്യൂസ് ഇവയെല്ലാം ഫോര്‍ട്ടിഫൈഡ് ഭക്ഷണമായി ലഭ്യമാണ്. ഇവ വാങ്ങും മുന്‍പ് വൈറ്റമിന്‍ ഡി ചേര്‍ത്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. ഫോര്‍ട്ടിഫൈഡ് മില്‍ക്ക് ഉപയോഗിച്ചുണ്ടാക്കിയ സ്മൂത്തി അല്ലെങ്കില്‍ ഒരു ബൗള്‍ ഫോര്‍ട്ടിഫൈഡ് സെറീയല്‍ ഇവയെല്ലാം വൈറ്റമിന്‍ ഡിയുടെ മികച്ച ഉറവിടങ്ങളാണ്. സൂര്യപ്രകാശം ആവശ്യത്തിന് ലഭിക്കുന്നില്ലെങ്കില്‍ ഇത്തരം ഫോര്‍ട്ടിഫൈഡ് ഭക്ഷണങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കണം.
കൊഴുപ്പുള്ള മത്സ്യങ്ങള്‍ – ചെമ്പല്ലി, അയല, മത്തി, ചൂര തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങളില്‍ വൈറ്റമിന്‍ ഡി ധാരാളമുണ്ട്. ചെമ്പല്ലി കുറച്ചു കഴിച്ചാല്‍ തന്നെ ഒരു ദിവസം ആവശ്യമായ വൈറ്റമിന്‍ ഡി ലഭിക്കും. ഇതുകൂടാതെ ഈ മത്സ്യങ്ങളില്‍ ഒമേഗ 3 ധാരാളമുണ്ട്. ഇത് ഹൃദയത്തിന്റെയും തലച്ചോറിന്റെയും ആരോഗ്യം മെച്ചപ്പെടുത്തും. ആഴ്ചയില്‍ ഒന്നോ രണ്ടോ മൂന്നോ തവണ ഈ മത്സ്യങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കണം.
മുട്ട, കൂണ്‍ – മുട്ടയുടെ മഞ്ഞക്കരുവില്‍ കുറച്ചെങ്കിലും വൈറ്റമിന്‍ ഡി ഉണ്ട്. മുട്ട ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കാം. കൂണും വൈറ്റമിന്‍ ഡിയുടെ ഉറവിടമാണ്. ചിലയിനം കൂണുകള്‍ അള്‍ട്രാവയലറ്റ് വികിരണങ്ങളുമായി സമ്പര്‍ക്കത്തില്‍ വരുമ്പോള്‍ വൈറ്റമിന്‍ ഡി 2 ഉല്‍പാദിപ്പിക്കും. സസ്യാഹാരികള്‍ക്ക് വൈറ്റമിന്‍ ഡി ലഭിക്കാന്‍ മികച്ച ഒരു ഭക്ഷണമാണ് കൂണ്‍.




