Fitness

ബോളിവുഡ് ഗാനത്തിന് ഇരട്ടക്കുട്ടികളെ ഗർഭം ധരിച്ച ഡോക്ടറുടെ ചടുല നൃത്തം! കണ്ണ് തള്ളി സോഷ്യൽ മീഡിയ- വീഡിയോ

ഗർഭിണികൾ കൂടുതല്‍ കഠിനമായ ജോലികൾ ചെയ്യരുത്, അധികം ശരീരം ഇളക്കാന്‍ പാടില്ല തുടങ്ങിയ നിരവധി അരുതുകള്‍ക്കിടയിലൂടെയാണ് ഒരു സ്ത്രീ തന്റെ ഗര്‍ഭകാലം പൂര്‍ത്തിയാക്കുക. എന്നാല്‍, ഇത്തരം യാഥാസ്ഥിതിക കാഴ്ചപ്പാടുകളെ കീഴ്മേല്‍ മറിക്കുകയാണ് ഡോ. സോനം ദാഹിയ.

സമൂഹ മാധ്യമങ്ങളില്‍ വൈറലായ ഒരു വീഡിയോയില്‍ ബോളിവുഡ് ഹിറ്റ് ഗാനമായ ‘ഡിംഗ് ഡോങ് ഡോൾ’ എന്ന പാട്ടിന് കോറിയോഗ്രാഫർ ആദില്‍ ഖാനോടൊപ്പം ഗര്‍ഭിണിയായ ഡോ. സോനം ദയ ചടുല നൃത്തം ചിവിട്ടുന്ന കാഴ്ച കാണാം. വളരെ വേഗം വീഡിയോ വൈറലാവുകയും ലക്ഷക്കണക്കിന് ആളുകൾ കാണുകയും ചെയ്തു. ഇതിനു പിന്നാലെ ഗര്‍ഭിണികളും ഫിറ്റ്നസിനെക്കുറിച്ചും വലിയ ചര്‍ച്ച തന്നെ സമൂഹമാധ്യമങ്ങളില്‍ അരങ്ങേറി.

പ്രശസ്തനായ ആദിൽ ഖാനൊടൊപ്പം ഡാന്‍സ് ചെയ്യാന്‍ അവസരം ലഭിച്ചതില്‍ നന്ദി പ്രകടിപ്പിച്ച് ഡോക്ടർ തന്നെയാണ് തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ വീഡിയോ പങ്കുവച്ചത്. സ്വപ്നം ഒടുവില്‍ യാഥാര്‍ത്ഥ്യമായി എന്നായിരുന്നു ഡോ. സോനം ദയ നല്‍കിയ അടിക്കുറിപ്പ്. ഒപ്പം തന്റെ ഗര്‍ഭാവസ്ഥയെ കുറിച്ചും ആരോഗ്യ സംരക്ഷണത്തെ കുറിച്ചും ഡോക്ടര്‍ ഒരു ചെറുകുറിപ്പും എഴുതി.

ഒരു ഡോക്ടർ എന്ന നിലയിൽ ഗർഭകാലത്ത് വ്യായാമം ചെയ്യുന്നത് സുരക്ഷിതമാണോ എന്നതിനെക്കുറിച്ചുള്ള നിങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ഞാൻ ആഗ്രഹിക്കുന്നുവെന്ന് കുറിച്ച ഡോക്ടര്‍ താന്‍ അടുത്ത് തന്നെ ഇരട്ടക്കുട്ടികളെ പ്രസവിക്കുമെന്നും എഴുതി. നിങ്ങൾ ആരോഗ്യവതിയും ഗർഭധാരണത്തില്‍ സങ്കീര്‍ണ്ണതകളൊന്നുമില്ലാത്തയാളാണെങ്കില്‍ ഡോക്ടറുമായി കൂടിയാലോചിച്ച് വ്യായാമങ്ങൾ ചെയ്യണമെന്ന് ഡോക്ടര്‍ സോനം ദാഹിയ കുറിച്ചു.