ബുലന്ദ്ഷഹറിലെ ഖുര്‍ജയിലെ ഒരു ചെറിയ വീട്ടില്‍ കഴിയുന്ന മറിയത്തിന്റെ കണ്ണീര്‍ ഉണങ്ങുന്നില്ല. ഗര്‍ഭാവസ്ഥയില്‍ മൂന്ന് മാസം പിന്നിടുന്ന അവര്‍ ശാരീരികാവസ്ഥയോട് മാത്രമല്ല ഇപ്പോള്‍ അവര്‍ സ്വന്തമെന്ന് വിളിച്ചിരുന്ന ഒരു രാജ്യത്ത് ഭാവിയെക്കുറിച്ചുള്ള ആശങ്കകളുമായി കൂടിയാണ് അവര്‍ പൊരുതുന്നത്. ബുലന്ദ്ഷഹറിലെ 18 പാകിസ്ഥാന്‍ പൗരന്മാരില്‍ ഒരാളാണ് മറിയം.
ഇന്ത്യന്‍ പൗരനെ വിവാഹം കഴിച്ച് ദീര്‍ഘകാല വിസയില്‍ ജീവിക്കുകയായിരുന്നു മറിയം. പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ വര്‍ദ്ധിച്ചത് അവരുടെ ജീവിതം അനിശ്ചിതത്വത്തിലാക്കി. തുടര്‍ന്നാണ് പാകിസ്താന്‍കാര്‍ മടങ്ങിപ്പോകണമെന്നുള്ള ഇന്ത്യയുടെ അന്ത്യശാസനം.
‘ഞാന്‍ ഒരുകാലത്ത് പാകിസ്ഥാന്റെ മകളായിരുന്നു, എന്നാല്‍ ഇന്ന് ഞാന്‍ ഇന്ത്യയുടെ മരുമകളാണ്. ദയവായി എന്നെ ഇവിടെ താമസിക്കാന്‍ അനുവദിക്കൂ.” താനും പൗരത്വത്തിന് അപേക്ഷിച്ചിട്ടുണ്ടെന്ന് മറിയം പറഞ്ഞു. ഇസ്ലാമാബാദില്‍ നിന്നുള്ള മറിയം, ബുലന്ദ്ഷഹര്‍ ജില്ലയിലെ ഖുര്‍ജ പട്ടണത്തില്‍ താമസിക്കുന്ന അമീറിനെ 2022 ജൂലൈ 8-ന് വിവാഹം കഴിച്ചു. അതിര്‍ത്തിക്കപ്പുറത്തുള്ള ബന്ധുക്കള്‍ ഏര്‍പ്പാടാക്കിയതായിരുന്നു അവരുടെ വിവാഹം.
എന്നാല്‍ ബ്യൂറോക്രാറ്റിക് തടസ്സങ്ങള്‍ അവരെ അകറ്റി നിര്‍ത്തി. ”ഏകദേശം മൂന്ന് വര്‍ഷത്തോളം ഞങ്ങള്‍ വേറിട്ടു താമസിച്ചു,” അമീര്‍ പറഞ്ഞു. ‘വിസ പ്രശ്നങ്ങള്‍, പേപ്പര്‍വര്‍ക്കുകള്‍… എല്ലാം വൈകി. അവള്‍ക്ക് ഇവിടെ താമസിക്കാന്‍ കഴിഞ്ഞില്ല. എനിക്ക് ഇന്ത്യ വിടാന്‍ കഴിഞ്ഞില്ല, ഞങ്ങള്‍ക്ക് മറ്റ് മാര്‍ഗമില്ലായിരുന്നു,’ അമീര്‍ കൂട്ടിച്ചേര്‍ത്തു. ഒടുവില്‍, 2025 ഫെബ്രുവരി 12-ന്, മറിയം മൂന്ന് മാസത്തെ ടൂറിസ്റ്റ് വിസയില്‍ ഇന്ത്യയിലെത്തി ഭര്‍ത്താവിന്റെ വീട്ടില്‍ താമസമാക്കി. എന്നാല്‍ ആ സന്തോഷം പെട്ടെന്നവസാനിച്ചു.
മാര്‍ച്ച് 15 ന് മറിയം ദീര്‍ഘകാല വിസയ്ക്ക് അപേക്ഷിച്ചു. എന്നാല്‍ അവളുടെ അപേക്ഷ പരിഗണിക്കുന്നതിന് മുമ്പ്, ഏപ്രില്‍ 22-ന് പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണം എല്ലാം മാറ്റിമറിച്ചു. ‘പഹല്‍ഗാം സംഭവത്തില്‍ എനിക്ക് അതിയായ ദുഃഖമുണ്ട്. നിരപരാധികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം. എന്നാല്‍ എന്റെ തെറ്റ് എന്താണ്? ഞാന്‍ ഗര്‍ഭിണിയാണ്. ഈ അവസ്ഥയില്‍ എനിക്ക് എങ്ങനെ തിരിച്ചുപോകാനാകും?’ മറിയം ചോദിച്ചു. ആരോഗ്യസ്ഥിതിയും വിസ അപേക്ഷയും തീര്‍പ്പുകല്‍പ്പിക്കാതെ മറിയവും നാടുകടത്തല്‍ നേരിടുകയാണ്.
മറിയത്തിന്റെ എക്‌സിറ്റ് ഫോം പൂരിപ്പിച്ചു. എന്നാല്‍ കൂടുതല്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പു റപ്പെടുവിക്കുന്നത് വരെ അവര്‍ ബുലന്ദ്ഷഹറില്‍ തുടരും. തീര്‍പ്പുകല്‍പ്പിക്കാത്ത ഹര്‍ജിയും ആരോഗ്യസ്ഥിതിയും കണക്കിലെടുത്ത് അവരുടെ അവസ്ഥ പ്രത്യേകം പരിഗണി ക്കുന്നതായി ബുലന്ദ്ഷഹര്‍ സീനിയര്‍ സൂപ്രണ്ട് (എസ്എസ്പി) ദിനേഷ് കുമാര്‍ സിംഗ് പറഞ്ഞു.
മാനുഷിക പരിഗണനയില്‍ തുടരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മറിയവും അമീറും ഇന്ത്യന്‍ രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കി. ബുലന്ദ്ഷഹര്‍ ജില്ലാ ഭരണകൂടത്തിലെ ഉദ്യോഗസ്ഥര്‍, മറിയത്തിന്റെ അപ്പീല്‍ ഔദ്യോഗിക ചാനലുകളിലൂടെ കൈമാറിയിട്ടുണ്ടെന്നും അന്തിമ തീരുമാനം ഉണ്ടാകുന്നത് വരെ പുറത്തുപോകാന്‍ അവര്‍ക്ക് അടിയന്തര സമ്മര്‍ദ്ദമില്ലെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.
മറിയം മാത്രമല്ല ഭാവി അനിശ്ചിതത്വം നേരിടുന്നത്. ബുലന്ദ്ഷഹറില്‍ മാത്രം, ഇന്ത്യക്കാരെ വിവാഹം കഴിച്ച 18 പാകിസ്ഥാന്‍ പൗരന്മാര്‍ ദീര്‍ഘകാല വിസയില്‍ ഇന്ത്യന്‍ പൗരത്വത്തിനായി കാത്തിരിക്കുകയാണ്. ഇവരെല്ലാം പോലീസിന്റെയും രഹസ്യാന്വേഷണ ഏജന്‍സികളുടെയും നിരന്തര നിരീക്ഷണത്തിലാണ്. പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം പുറപ്പെടുവിച്ച കേന്ദ്ര ഗവണ്‍മെന്റിന്റെ നിര്‍ദ്ദേശത്തെ ത്തുടര്‍ന്ന് 2025 ഏപ്രില്‍ 28 വരെ, യുപിയിലെ ഹ്രസ്വകാല വിസയിലുള്ള എല്ലാ പാകിസ്ഥാന്‍കാരെയും നാടുകടത്തി.