മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമായ പ്രീത പ്രദീപ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷവാർത്തയുമായി ആരാധകർക്ക് മുന്നിലെത്തിയിരിക്കുകയാണ്. പുതിയ അതിഥിക്കായുള്ള കാത്തിരിപ്പിലാണ് താരം ഇപ്പോൾ.
ഈ വിശേഷം പങ്കുവെച്ചുകൊണ്ട് നിറവയറിൽ മെഹന്ദിയണിഞ്ഞുള്ള മനോഹരമായ ചിത്രങ്ങളും വീഡിയോകളും താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. “മാതൃത്വം എന്നത് വിശുദ്ധിയുള്ള സ്നേഹമാണ്, എന്നിലെ ആ അത്ഭുതത്തെ ഞാൻ ഇങ്ങനെ ആഘോഷിക്കുന്നു” എന്ന കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്.
താൻ ഒൻപതാം മാസത്തിലേക്ക് പ്രവേശിച്ച കാര്യവും പ്രീത പങ്കുവെച്ചിട്ടുണ്ട്. നീണ്ട ആറ് വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് പ്രീതയ്ക്കും ഭർത്താവ് വിവേകിനും ഈ പുണ്യനിമിഷം കൈവന്നത്. നേരത്തെ തന്നെ താൻ ഗർഭിണിയാണെന്ന വിവരം ഭർത്താവിനെ അറിയിക്കുന്ന വൈകാരികമായ വീഡിയോ താരം ആരാധകർക്കായി പങ്കുവെച്ചിരുന്നു.
2019 ഓഗസ്റ്റ് 25-നായിരുന്നു ഇവരുടെ വിവാഹം. മിനിസ്‌ക്രീനിന് പുറമെ നർത്തകിയായും അവതാരകയായും തിളങ്ങിയ പ്രീത, ‘എന്ന് നിന്റെ മൊയ്തീൻ’, ‘സൺഡേ ഹോളിഡേ’, ‘അലമാര’ തുടങ്ങി ഒട്ടനവധി ശ്രദ്ധേയമായ സിനിമകളിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.




