നടനെന്ന നിലയിലും സംവിധായകനെന്ന നിലയിലും തന്റേതായ മികവ് തെളിയിച്ചിട്ടുള്ള പ്രഭുദേവ എല്ലാ ഇന്‍ഡസ്ട്രികളിലെയും ഏറ്റവും തിരക്കുള്ള സിനിമാ വ്യക്തികളില്‍ ഒരാളാണ്. സിനിമയില്‍ തന്റേതായ കസേര സൃഷ്ടിച്ചിട്ടുള്ളയാളാണെങ്കിലും നൃത്തത്തിനോട് താരത്തിനുള്ള അഭിനിവേശം ഇപ്പോഴുമുണ്ട്. അതുകൊണ്ടു തന്നെ കോറിയോഗ്രാഫി ചെയ്യാനുള്ള അവസരവും പാഴാക്കാറില്ല.
ശങ്കറിന്റെ സംവിധാനത്തില്‍ രാംചരണും കിയാര അദ്വാനിയും അഭിനയിച്ച ‘ഗെയിം ചേഞ്ചര്‍’ എന്ന ചിത്രത്തിലെ ബ്ലോക്ക്ബസ്റ്റര്‍ ഗാനമായ ‘ജരഗണ്ടി’യുടെ നൃത്തച്ചുവടുകള്‍ വിസ്മയകരമായിട്ടുണ്ട്. ‘ഗെയിം ചേഞ്ചറി’ന്റെ ട്രെയിലര്‍ ലോഞ്ച് ചടങ്ങിനിടെ സംവിധായകന്‍ ഷണ്‍മുഖം ശങ്കര്‍ ഈ ഗാനവുമായി ബന്ധപ്പെട്ട പിന്നിലെ രഹസ്യം പങ്കുവെച്ചു. പ്രതിഫലം വാങ്ങാതെയാണ് പ്രഭുദേവ ഗാനത്തിന്റെ കൊറിയോഗ്രാഫി ചെയ്തതെന്നായിരുന്നു വെളിപ്പെടുത്തല്‍. രാം ചരണോടുള്ള സ്‌നേഹവും ബഹുമാനവും കൊണ്ടാണ് താന്‍ ഗാനത്തിനായി പ്രവര്‍ത്തിച്ചതെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.
”പ്രഭുദേവ പ്രതിഫലം വാങ്ങാതെ പാട്ടിനായി പ്രവര്‍ത്തിച്ചു, തനിക്ക് ക്രെഡിറ്റുകള്‍ മാത്രമേ ആവശ്യമുള്ളൂവെന്ന് പറഞ്ഞു. രാം ചരണിനോടും നിര്‍മ്മാതാവ് ദില്‍ രാജുവിനോടുമുള്ള സ്‌നേഹവും ബഹുമാനവും കൊണ്ടാണ് പെപ്പി നമ്പറിനായി പ്രവര്‍ത്തിക്കാന്‍ അദ്ദേഹം ആഗ്രഹിച്ചത്.” സംവിധായകനോടുള്ള നന്ദി കൊണ്ടാണ് പ്രഭുദേവ അങ്ങനെ ചെയ്തതെന്ന് ദില്‍ രാജു വ്യക്തമാക്കി.
മുമ്പ് ശങ്കര്‍ സംവിധാനം ചെയ്ത ‘ജെന്റില്‍മാന്‍’ (1993) എന്ന തമിഴ് ചിത്രത്തിലെ ‘ചിക്കു ബുക്കു റായിലേ’ എന്ന ഗാനമാണ് കോറിയോഗ്രാഫര്‍ എന്ന നിലയില്‍ പ്രഭുദേവയ്ക്ക് അവസരം സൃഷ്ടിച്ചത്. പാട്ട് വന്‍ഹിറ്റായിരുന്നു. പിന്നീട്, ‘കാതലന്‍’ (1994) പ്രഭുദേവയ്ക്ക് നായക നടനെന്ന നിലയില്‍ വഴിത്തിരിവ് നല്‍കി. ബ്ലോക്ക്ബസ്റ്റര്‍ ചിത്രവും സംവിധാനം ചെയ്തത് ശങ്കറാണ്.
ഗെയിം ചേഞ്ചറിന് ഒന്നിലധികം കൊറിയോഗ്രാഫര്‍മാര്‍ ഉണ്ടായിരുന്നു. ‘ജരഗണ്ടി’ ഗാനത്തിന് പ്രഭുദേവ പ്രവര്‍ത്തിച്ചപ്പോള്‍, ഗണേഷ് ആചാര്യ ‘രാ മച്ചാ മച്ചാ’ കൊറിയോഗ്രാഫി ചെയ്തു; ജാനി മാസ്റ്റര്‍ ‘ധോപ്പ്’ ഗാനത്തിന് നൃത്തച്ചുവടുകളും ബോസ്‌കോ മാര്‍ട്ടിസ് ‘നന്നഹൈരാന’യ്ക്ക് വേണ്ടിയും പ്രവര്‍ത്തിച്ചു. സാന്‍ഡി മാസ്റ്റര്‍ ഒരു റാപ്പ് ഗാനത്തിന് വേണ്ടി പ്രവര്‍ത്തിച്ചു. കൊറിയോഗ്രാഫര്‍ പ്രേം രക്ഷിത് പുറത്തിറങ്ങിയിട്ടില്ലാത്ത ഒരു ഹൃദ്യമായ ഗ്രാമീണ ഗാനത്തിന് ചുവടുകള്‍ ഒരുക്കിയിട്ടുണ്ട്.