Movie News

കല്‍ക്കി കുതിച്ചുയരുന്നു, പ്രഭാസിനും അപൂര്‍വ്വ റെക്കോഡ്, 1000 കോടിയില്‍ രണ്ടു തവണ, ഷാരൂഖിനൊപ്പം

ഇന്ത്യയിലെ ഒരു ഭാഷയിലെയും മുന്‍നിര നടീനടന്മാര്‍ക്കൊന്നും കിട്ടാത്ത അപൂര്‍വ്വ റെക്കോഡില്‍ ഒറ്റയ്ക്ക് വാഴുകയായിരുന്നു ബോളിവുഡ് ബാദുഷ ഷാരൂഖ് ഖാന്‍. എന്നാല്‍ അതെല്ലാം പ്രഭാസ് നായകനായ കല്‍ക്കി വരുന്നത് വരെ മാത്രമായിരുന്നു. തീയേറ്ററുകളില്‍ പ്രഭാസിന്റെ കല്‍ക്കി കത്തിക്കയറുമ്പോള്‍ ഷാരൂഖിനൊപ്പം എത്തിയിരിക്കുകയാണ് തെലുങ്ക് സൂപ്പര്‍താരം പ്രഭാസ്. ഇന്ത്യന്‍ സിനിമയില്‍ 1000 കോടി രൂപ കളക്ട് ചെയ്ത ആറാമത്തെ ചിത്രമായിട്ടാണ് പ്രഭാസിന്റെ കല്‍ക്കി മാറിയിരിക്കുന്നത്.

കല്‍ക്കിക്ക് മുമ്പ് 2052 കോടി നേടിയ ദംഗല്‍, 1814 കോടി വാങ്ങിയ ബാഹുബലി ദി കണ്‍ക്ലൂഷന്‍, 1288 കോടി നേടിയ ആര്‍ആര്‍ആര്‍, 1208 കോടി നേടിയ കെ.ജി.എഫ് ചാപ്റ്റര്‍ 2, 1050 കോടി നേടിയ പത്താന്‍, 1152 കോടി നേടിയ ജവാന്‍ എന്നിവയാണ് 1000 കോടിയില്‍ എത്തിയ ആറു ചിത്രങ്ങള്‍. പ്രഭാസിന്റെ പാന്‍ ഇന്ത്യന്‍ തിരിച്ചുവരവ് ആരാധകര്‍ ആഘോഷിച്ച കല്‍ക്കി വന്‍ കുതിപ്പാണ് നടത്തുന്നത്.

1000 കോടിയില്‍ എത്തിയ രണ്ടു സിനിമകളുടെ റെക്കോഡ് ഇതുവരെ ഷാരൂഖാന്റെ പേരിലായിരുന്നു. പത്താനും ജവാനും തുടര്‍ച്ചയായി വിജയം നേടിയത് ഷാരൂഖിനെ ഈ നേട്ടത്തില്‍ എത്തിച്ചു. എന്നാല്‍ കല്‍ക്കി കൂടി വിജയം നേടിയതോടെ പ്രഭാസും എത്തി 1000 കോടിയില്‍ രണ്ടു തവണ. നേരത്തേ ബാഹുബലി കണ്‍ക്ലൂഷന്റെ നേട്ടത്തോടെ പ്രഭാസ് 1000 കോടിയില്‍ ആദ്യമെത്തിയിരുന്നു. പിന്നാലെ കല്‍ക്കി കൂടിയായതോടെ പ്രഭാസും രണ്ടു തവണ 1000 കോടിയില്‍ എത്തിയ താരമായി മാറി. അതേസമയം സംവിധായകന്‍ രാജമൗലി ആര്‍ആര്‍ആര്‍, ബാഹുബലി കണ്‍ക്ലൂഷന്‍ എന്നിവയിലൂടെ 1000 കോടിയില്‍ എത്തിയ ആദ്യ സംവിധായകനായി മാറിയിരുന്നു.