Celebrity

‘സ്ത്രീ ആരാധകരുടെ വികാരങ്ങൾ വ്രണപ്പെടുത്താൻ ഞാനില്ല’; വിവാഹ അഭ്യൂഹങ്ങളിൽ മൗനം വെടിഞ്ഞ് പ്രഭാസ്

നടൻ പ്രഭാസിന്റെ വിവാഹവാര്‍ത്തയായിരുന്നു കുറ നാളുകളായി സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ ചര്‍ച്ചാവിഷയം. ‘someone special’ എന്ന പ്രഭാസിന്റെ ഒരു സോഷ്യല്‍ മീഡിയാ പോസ്റ്റായിരുന്നു അഭ്യൂഹങ്ങള്‍ക്കു പിന്നില്‍. അദ്ദേഹത്തിന്റെ വരാനിരിക്കുന്ന ചിത്രമായ കൽക്കി 2898 എഡിയുടെ പ്രൊമോഷൻ ഭാമായിരുന്നു അത്. എന്നാല്‍ ഇപ്പോള്‍ അത്തരം വാര്‍ത്തകളെയെല്ലാം നിരസിക്കുകയാണ് താരം.

അവകാശവാദങ്ങളോട് പ്രതികരിച്ചുകൊണ്ട് പ്രഭാസ് പറഞ്ഞു, “ഞാൻ ഉടൻ വിവാഹിതനാകുന്നില്ല, കാരണം എന്റെ സ്ത്രീ ആരാധകരുടെ വികാരങ്ങൾ വ്രണപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല’’. ഹൈദരാബാദിൽ നടന്ന കൽക്കി 2898 എഡി പരിപാടിയിലാണ് താരം ഊഹാപോഹങ്ങളെ നിഷേധിച്ചത്.

ബാഹുബലിയിലെ സഹതാരം അനുഷ്‌ക ഷെട്ടിയുമായി പ്രഭാസ് പ്രണയത്തിലാണെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. നാഗ് അശ്വിന്റെ കൽക്കി 2898 എഡി പ്രമോഷന്‍ പരിപാടിയിൽ അദ്ദേഹം പങ്കെടുത്തിരുന്നു . 2898 എഡി കൽക്കി സിനിമയ്ക്കുവേണ്ടി നിർമ്മിച്ച വാഹനം ബുധനാഴ്ച ഹൈദരാബാദിൽ നടന്ന ചടങ്ങിൽ അനാച്ഛാദനം ചെയ്തു. സിനിമയില്‍ പ്രഭാസിന്റെ ഭൈരവ എന്ന കഥാപാത്രത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് ബുജ്ജി എന്ന് പേരിട്ടിരിക്കുന്ന ഈ വാഹനം. കീർത്തി സുരേഷ് ശബ്ദം നൽകിയ വളരെ പ്രത്യേകതയുള്ള ഒരു റോബോട്ടാണ് ബുജ്ജി, സിനിമയുടെ ഇതിവൃത്തത്തിൽ നിർണായക പങ്കാണ് ബുജ്ജിക്ക്.

നാഗിന്റെ സയൻസ് ഫിക്ഷൻ ചിത്രമായ കൽക്കി 2898 എഡിയിൽ പ്രഭാസ്, ദീപിക പദുക്കോൺ , ദിഷാ പടാനി , അമിതാഭ് ബച്ചൻ , കമൽഹാസൻ എന്നിവർ അഭിനയിക്കുന്നു . ചിത്രത്തിന്റെ കഥ മൂടിവെച്ചിരിക്കെ, അമിതാഭ് അശ്വത്ഥാമാവാണെന്ന് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ജൂൺ 27 ന് ചിത്രം ഒന്നിലധികം ഭാഷകളിലായി തിയറ്ററുകളിൽ റിലീസ് ചെയ്യും.