
ഒരു ബന്ധം ആരോഗ്യകരമാണെന്ന് പറയുന്നത് അതില്‍ തര്‍ക്കങ്ങള്‍ ഇല്ലാത്തതുകൊണ്ടല്ല, മറിച്ച് ആ പ്രശ്‌നങ്ങളെ ഒരുമിച്ച് മറികടക്കാന്‍ സാധിക്കും എന്ന ആത്മവിശ്വാസം ഉള്ളതുകൊണ്ടാണ് എന്ന് പ്രമുഖ തെറാപ്പിസ്റ്റ് ജെഫ് ഗുന്തര്‍ (Jeff Guenther) വിശദീകരിക്കുന്നു. സിനിമകളും സാഹിത്യവും പലപ്പോഴും പ്രണയബന്ധങ്ങളെ പ്രശ്‌നങ്ങളില്ലാത്ത ഒന്നായിട്ടാണ് ചിത്രീകരിക്കാറുള്ളത്. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ അങ്ങനെയല്ല. ഒരു ബന്ധം ആരോഗ്യകരമാണോ എന്ന് തിരിച്ചറിയാന്‍ സഹായിക്കുന്ന മൂന്ന് ലക്ഷണങ്ങള്‍ അറ്റാച്ച്മെന്റ് ഗവേഷണങ്ങളെ (Attachment Research) മുന്‍നിര്‍ത്തി ജെഫ് ഗുന്തര്‍ പങ്കുവെക്കുന്നു…
- തുറന്നു സംസാരിക്കാനുള്ള സുരക്ഷിതബോധം (Vulnerability) – തന്റെ ബലഹീനതകളോ ഭയമോ പങ്കുവെച്ചാല്‍ പങ്കാളി ശിക്ഷിക്കുമെന്നോ ഉപേക്ഷിക്കുമെന്നോ ഉള്ള പേടിയില്ലാതെ ഒരാള്‍ക്ക് പെരുമാറാന്‍ കഴിയുന്നുണ്ടെങ്കില്‍, അത് ആരോഗ്യകരമായ ബന്ധത്തിന്റെ ലക്ഷണമാണ്. ജോണ്‍ ബോള്‍ബി, മേരി ഐന്‍സ്വര്‍ത്ത് തുടങ്ങിയവരുടെ ഗവേഷണങ്ങള്‍ പ്രകാരം, പങ്കാളി ഒരു ‘ഭീഷണിയായിട്ടല്ല’ മറിച്ച് ഒരു ‘സുരക്ഷിത തുറമുഖമായിട്ടാണ്’ (Safe Harbour) തോന്നേണ്ടത്. നിങ്ങളുടെ തുറന്നുപറച്ചിലുകള്‍ പരിഹസിക്കപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്യുന്നുണ്ടെങ്കില്‍, അത് നിങ്ങളുടെ കുഴപ്പമല്ല, മറിച്ച് ആ ബന്ധത്തിന്റെ അടിത്തറയിലുള്ള പ്രശ്‌നമാണെന്ന് ജെഫ് പറയുന്നു.
- പരസ്പരമുള്ള ശാന്തത (Nervous system co-regulation) – പങ്കാളിയുടെ സാമീപ്യത്തില്‍ നിങ്ങളുടെ മാനസിക സമ്മര്‍ദ്ദവും ഉത്കണ്ഠയും കുറയുകയും ശരീരം ശാന്തമാവുകയും ചെയ്യുന്നതിനെയാണ് ‘കോ-റെഗുലേഷന്‍’ എന്ന് വിളിക്കുന്നത്. ഇമോഷണലി ഫോക്കസ്ഡ് തെറാപ്പിയിലെ (EFT) ഗവേഷണങ്ങള്‍ പറയുന്നത്, സുരക്ഷിതമായ ബന്ധങ്ങളില്‍ പങ്കാളികള്‍ പരസ്പരം നാഡീവ്യവസ്ഥയെ (Nervous system) ശാന്തമാക്കാന്‍ സഹായിക്കുമെന്നാണ്. നിങ്ങള്‍ മറ്റൊരാളായി അഭിനയിക്കാതെ, സ്വന്തം വ്യക്തിത്വത്തില്‍ തന്നെ നില്‍ക്കുമ്പോള്‍ ശരീരം സ്വാഭാവികമായും വിശ്രമാവസ്ഥയിലാകുന്നു.
- തര്‍ക്കങ്ങള്‍ ബന്ധത്തിന് ഭീഷണിയാകാതിരിക്കുക – ആരോഗ്യകരമായ ബന്ധങ്ങളിലും വഴക്കുകള്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ ഒരു വഴക്കുണ്ടായാല്‍ ആ ബന്ധം അവിടെ അവസാനിക്കുമെന്ന് അമിതമായി ആശങ്കപ്പെടേണ്ടി വരില്ല. സൈക്കോളജിസ്റ്റ് ജോണ്‍ ഗോട്ട്മാന്‍ ഇതിനെ ‘Positive sentiment override’ എന്ന് വിളിക്കുന്നു. അതായത്, പ്രയാസകരമായ സംഭാഷണങ്ങള്‍ നടക്കുമ്പോഴും ആ ബന്ധം അതിനെയെല്ലാം അതിജീവിക്കും എന്ന വിശ്വാസം പങ്കാളികള്‍ക്കിടയില്‍ ഉണ്ടായിരിക്കും. നിങ്ങളുടെ ബന്ധത്തില്‍ സുരക്ഷിതബോധം അനുഭവപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കുന്നത് നല്ലതാണ്.



