Crime

ഒറ്റദിവസം 13 വീടുകളിൽനിന്നായി കവർന്നത് 56 പവൻ, 3 കിലോ വെള്ളി, 3 ലക്ഷം രൂപ; പ്രതികളെ വെടിവെച്ചുവീഴ്ത്തി പോലീസ്

കോയമ്പത്തൂർ: കോയമ്പത്തൂർ കേന്ദ്രീകരിച്ച് 56 പവന്‍റെ സ്വർണകവർച്ച നടത്തിയ പ്രതികൾ അറസ്റ്റിൽ. ഉത്തർപ്രദേശിലെ മജിദ്പുര സ്വദേശികളായ ആഷിഖ് (45), കല്ലു (60), ഇർഫാൻ (48) എന്നിവരെയാണ് ശനിയാഴ്ച കോയമ്പത്തൂർ പോലീസ് സാഹസികമായി പിടികൂടിയത്. കോയമ്പത്തൂരിലെ കാവുണ്ടപാളയത്തുള്ള തമിഴ്‌നാട് ഹൗസിങ് ബോർഡ് ക്വാർട്ടേഴ്‌സിലെ 13 വീടുകളിൽനിന്നായി 56 പവൻ സ്വർണവും മൂന്ന് കിലോ വെള്ളിയും മൂന്ന് ലക്ഷം രൂപയും കവർന്ന കേസിലെ പ്രതികളാണിവർ.

കവുണ്ടംപാളയത്ത് വെള്ളിയാഴ്ചയാണ് ഹൗസിങ് ബോർഡ് ക്വാർട്ടേഴ്‌സിലെ എ ബ്ലോക്കിലെ മൂന്ന് വീടുകളിലും സി ബ്ലോക്കിലെ പത്ത് വീടുകളിലുമായി മോഷണം നടന്നത്. താമസക്കാരുടെ പരാതിയെ തുടർന്ന് വെള്ളിയാഴ്ച തന്നെ പോലീസ് അന്വേഷണം ആരംഭിക്കുകയും മോഷ്ടാക്കളെ കണ്ടെത്താൻ നാല് പ്രത്യേക സംഘങ്ങൾ രൂപവത്കരിക്കുകയും ചെയ്തിരുന്നു. പോലീസ് നടത്തിയ തിരച്ചിലിൽ ഇവരെപ്പറ്റി വിവരം ലഭിച്ചു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ, കുളത്തുപാളയത്തിന് സമീപം മോഷ്ടാക്കളുടെ ഒളിസങ്കേതം പോലീസ് കണ്ടെത്തുകയായിരുന്നു.

എന്നാൽ, പോലീസ് വളഞ്ഞെന്ന വിവരം ലഭിച്ചതോടെ പ്രതികൾ അരിവാൾകൊണ്ട് പോലീസിനെ ആക്രമിക്കുകയും ഹെഡ് കോൺസ്റ്റബിൾ പാർഥിപന്റെ കൈയിൽ കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തു. ഒടുവിൽ രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ പോലീസ് കാൽമുട്ടിന് താഴെ വെടിവെച്ച് കീഴ്പ്പെടുത്തുകയായിരുന്നു. കാലിന് പരിക്കേറ്റ പ്രതികളെ ചികിത്സയ്ക്കായി കോയമ്പത്തൂർ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 331(3) (അതിക്രമിച്ചു കയറൽ), 305 (മോഷണം) എന്നിവ പ്രകാരം ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് പറഞ്ഞു.