കണ്ണൂര്‍ കാട്ടാമ്പള്ളിയില്‍ ഏഴുവയസുള്ള പെണ്‍കുട്ടിയെ പൊതുസ്ഥലത്ത് കയറിപ്പിടിക്കാന്‍ യുവാവിന്‍റെ ശ്രമം. തമിഴ്നാട് തിരുനെല്‍വേലി സ്വദേശി പരമശിവത്തെ വളപട്ടണം പൊലീസ് അറസ്റ്റ് ചെയ്തു. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ പിന്തുടര്‍ന്ന ഇയാളെ നാട്ടുകാരാണ് പിടികൂടിയത്. നാട്ടുകാരില്‍ ചിലരെ കയ്യേറ്റം ചെയ്യാനും പ്രതി ശ്രമിച്ചു.
വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകാനായി പൊലീസ് സ്റ്റേഷനില്‍ നിന്ന് ഇറക്കിയപ്പോള്‍ പൊലീസ് ജീപ്പിന്‍റെ ചില്ല് തലകൊണ്ട് ഇടിച്ച് പ്രതി തകര്‍ത്തു. കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചപ്പോള്‍ പ്രതി വീണ്ടും അക്രമാസക്തനാവുകയും ഡോക്ടറുടെ ക്യാബിന്‍ തകര്‍ക്കുകയും ചെയ്തു. പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. നിരവധി പിടിച്ചുപറിക്കേസുകളില്‍ പരമശിവം പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
പൊലീസ് കസ്റ്റഡി നടപടിയുടെ ഭാഗമായി വൈദ്യ പരിശോധനക്ക് എത്തിച്ചതായിരുന്നു ഇയാളെ. കാഷ്വാലിറ്റി മെഡിക്കല്‍ ഓഫിസറുടെ കാബിനിന്റെ ചില്ലാണ് അടിച്ചു തകര്‍ത്തത്. തലനാരിഴയ്ക്കാണ് മറ്റ് രോഗികളും ജീവനക്കാരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്.
ഇയാള്‍ക്കെതിരെ ആശുപത്രി സംരക്ഷണ നിയമ പ്രകാരം കേസ്സ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ആശുപത്രി സൂപ്രണ്ട് ഡോ. എം കെ ഷാജ് കണ്ണൂര്‍ സിറ്റി പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ സ്റ്റാഫ് കൗണ്‍സില്‍ പ്രതിഷേധിച്ചു. ഈ സാഹചര്യത്തില്‍ ജില്ലാ ആശുപത്രിയിലെ പോലീസ് എയ്ഡ് പോസ്റ്റ് ശക്തിപ്പെടുത്തണമെന്നും സ്റ്റാഫ് കൗണ്‍സില്‍ ആവശ്യപ്പെട്ടു.




