ദുബായ്: ഫൈനലിൽ പാക്കിസ്ഥാനെ തകർത്ത് ഏഷ്യാകപ്പ് നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗെയിംസ് ഫീല്‍ഡിലെ ഓപ്പറേഷൻ സിന്ദൂറാണ് സംഭവിച്ചതെന്ന് മോദി എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. ‘‘മൈതാനത്തെ ഓപ്പറേഷന്‍ സിന്ദൂറാണിത്. ഫലം രണ്ടിലും ഒന്നുതന്നെ, ഇന്ത്യൻ വിജയം’’– പ്രധാനമന്ത്രി പ്രതികരിച്ചു. അഞ്ച് വിക്കറ്റിനാണ് ഫൈനലിൽ ഇന്ത്യ പാക്കിസ്ഥാനെ തോല്‍പ്പിച്ചത്.
ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പർ ഫോറിലും ഇന്ത്യയും പാക്കിസ്ഥാനും നേര്‍ക്കുനേർ വന്നപ്പോൾ പല തവണ പഹൽഗാം ഭീകരാക്രമണവും ഓപ്പറേഷൻ സിന്ദൂറും കളിക്കളത്തിലും പുറത്തും ചർച്ചയായിരുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ പാക്കിസ്ഥാനെ തോല്‍പ്പിച്ചപ്പോൾ വിജയം, ഇന്ത്യൻ സൈനികർക്കും പഹൽഗാം ആക്രമണത്തിലെ ഇരകളുടെ കുടുംബങ്ങൾക്കുമാണ് ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ് സമർപ്പിച്ചത്.
ടൂർണമെന്റില്‍ മൂന്നു തവണ നേർക്കുനേർ വന്നപ്പോഴും പാക്ക് താരങ്ങളുമായി ഹസ്തദാനം നടത്താൻ ഇന്ത്യൻ താരങ്ങൾ തയാറായിരുന്നില്ല. ഫൈനലിൽ ആദ്യം ബാറ്റു ചെയ്ത പാക്കിസ്ഥാൻ 146 റൺസെടുത്തു പുറത്തായപ്പോള്‍, മറുപടി ബാറ്റിങ്ങിൽ 19.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ വിജയത്തിലെത്തി.




