വീട്ടിലിരുന്നു പുകവലിക്കുന്ന മാതാപിതാക്കള്‍ ശ്രദ്ധിക്കുക. മക്കളോടു ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയാണിത്. മക്കളേയും രോഗികളാക്കുകയാണ് ഇത്തരക്കാര്‍ ചെയ്‌തുകൊണ്ടിരിക്കുന്നത്.
വീട്ടില്‍ പുകവലിക്കുന്നവരുടെ മക്കള്‍ക്കു ഹൃദ്രോഗം പിടിപെടാനുള്ള സാധ്യത കൂടുതലാണെന്നാണു റിപ്പോര്‍ട്ട്. മാതാപിതാക്കളുടെ പുകവലിശീലം കുട്ടികളുടെ ഹൃദയധമനികളെ ബാധിക്കുന്നുവെന്നാണ് പുതിയ ഗവേഷണ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഓസ്‌ട്രിയന്‍ ഗവേഷകരാണ് ഇതു സംബന്ധിച്ചു പഠനം നടത്തിയത്. പുകവലിക്കാര്‍ പുറത്തേക്കു തള്ളുന്ന പുക ശ്വസിക്കുന്ന കുട്ടികളില്‍ ഉയര്‍ന്ന മാനസിക സമ്മര്‍ദത്തിനും ഹൃദയരക്‌തം വഹിക്കുന്ന ധമനികള്‍ ചുരുങ്ങുന്നതിനും കാരണമാകുന്നുവെന്നാണ് ഗവേഷണ ഫലം. ഇത്തരം കുട്ടികളില്‍ കൊളസ്‌ട്രോളിന്റെ അളവും കൂടുതലാണ്.
വീട്ടില്‍ പുകവലിക്കുന്ന മാതാപിതാക്കളുടെ കുട്ടികളിലും പുകവലിക്കാത്തവരുടെ കുട്ടികളിലുമായി നടത്തിയ ഹൃദ്രോഗ പരിശോധനയില്‍ നിന്നാണ് ഗവേഷകര്‍ ഈ നിഗമനത്തില്‍ എത്തിയത്. പെണ്‍കുട്ടികളിലും ആണ്‍കുട്ടികളിലും പരോക്ഷ ധൂമപാനം ഒരേ രീതിയിലാണു ബാധിക്കുന്നതെന്നും ഗവേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.
പുക ശ്വസിക്കുന്ന കുഞ്ഞുങ്ങൾക്കും കുട്ടികൾക്കും പെട്ടെന്നുള്ള ശിശു മരണ സിൻഡ്രോം (SIDS), ശ്വാസകോശ സംബന്ധമായ അണുബാധകൾ എന്നിവയുൾപ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.