തന്റെ കാണാതായ സഹോദരനെ കണ്ടെത്താൻ സഹായിക്കണമെന്ന ബംഗളൂരു സ്വദേശിയായ ഒരു യുവതിയുടെ ഇമെയിൽ സന്ദേശത്തെ തുടർന്നാണ് ചൊവ്വാഴ്ച മുംബൈ പോലീസ് ആ യുവാവിന് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിൽ മുംബൈ ക്രൈംബ്രാഞ്ച് ഇയാളുടെ മൊബൈൽ ലൊക്കേഷൻ വസായിലെ കമാനിൽ കണ്ടെത്തി.
മൊബൈല്‍ ലൊക്കേഷന്‍വച്ച് ഒടുവിൽ യുവാവിനെ അന്വേഷിച്ച് ഉദ്യോഗസ്ഥർ ആ പഴയ ബംഗ്ലാവിൽ എത്തിയപ്പോഴേക്കും കണ്ടത് തീർത്തും അസ്വസ്ഥതയുണ്ടാക്കുന്ന കാഴ്ചയായിരുന്നു. ബംഗ്ലാവിന്റെ പ്രധാന വാതിലിൽ ഒട്ടിച്ചിരുന്ന ഒരു മുന്നറിയിപ്പ് സന്ദേശമായിരുന്നു അത്.
“അകത്ത് കാർബൺ മോണോക്സൈഡ് ആണ്, ദയവായി ലൈറ്റുകൾ ഓണാക്കരുത്” എന്നായിരുന്നു ആ കുറിപ്പില്‍ എഴുതിയിരുന്നത്. ഈ സമയം ഉള്ളിൽ നിന്നും രൂക്ഷമായ ദുർഗന്ധവും വമിക്കുന്നുണ്ടായിരുന്നു. അപകടകരമായ സാഹചര്യമാണെന്ന് മനസിലാക്കിയ പോലീസ് ഉടൻ തന്നെ അഗ്നിശമന സേനയെ സഹായത്തിനായി വിളിച്ചു.
തുടർന്ന് എമർജൻസി ഉദ്യോഗസ്ഥർ അകത്തു കടന്നപ്പോൾ, കിടപ്പുമുറിയിൽ കാർബൺ മോണോക്സൈഡ് ശ്വസിച്ച് കാണാതായെന്ന് പറയപ്പെടുന്ന 27 കാരനായ യുവാവ് മരിച്ചു കിടക്കുന്നത് കണ്ടു. ഗ്യാസ് സിലിണ്ടറുമായി ബന്ധിപ്പിച്ചിരിക്കുന്ന ഇൻഹലേഷൻ മാസ്ക് ധരിച്ച നിലയിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. തൊട്ടരികിൽ ഒരു ആത്മഹത്യാ കുറിപ്പും ഉണ്ടായിരുന്നു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് ഗ്യാസ് സിലിണ്ടറുകൾ യുവാവിന് എങ്ങനെ ലഭിച്ചുവെന്നതിനെ കുറിച്ചുള്ള അന്വേഷണം ആരംഭിച്ചു.
കാർബൺ മോണോക്സൈഡ് (CO) രാസ, ലോഹ വ്യവസായങ്ങളിൽ സാധാരണയായി ഉപയോഗിക്കുന്ന നിറമില്ലാത്തതും മണമില്ലാത്തതും ഉയർന്ന വിഷാംശമുള്ളതുമായ വാതകമാണ്. വാതകം പുറത്തേക്ക് പോകുന്നില്ലെന്ന് ഉറപ്പാക്കാൻ, , മരണപ്പെട്ട യുവാവ് ബംഗ്ലാവിന്റെ ജനാലകൾ മരപ്പലകകൾ ഉപയോഗിച്ച് അടച്ചിരുന്നു, ഇതിനായി രണ്ട് ദിവസം മുമ്പ് യുവാവ് ഒരു മരപ്പണിക്കാരനെ ജോലിക്ക് നിയോഗിച്ചിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ കഴിഞ്ഞ ഒരു വർഷമായി യുവാവ് ഈ ബംഗ്ലാവിൽ താമസിക്കുന്നതായി പ്രദേശവാസികൾ വെളിപ്പെടുത്തി. കിടപ്പുമുറിയുടെ വാതിലിലും ആദ്യത്തേതിന് സമാനമായ ഒരു കുറിപ്പ് പോലീസ് കണ്ടെത്തിയിരുന്നു “അകത്ത് കാർബൺ മോണോക്സൈഡ് ആണ്. ദയവായി ലൈറ്റുകൾ ഓണാക്കരുത്. പോലീസിനെ വിളിക്കുക.”എന്നായിരുന്നു അതിൽ ഉണ്ടായിരുന്നത്.
അഗ്നിശമന സേനാ ഉദ്യോഗസ്ഥർ സിലിണ്ടറിൽ നിന്ന് നീക്കം ചെയ്യുന്നതിനു മുന്നോടിയായി ട്യൂബ് ശ്രദ്ധാപൂർവ്വം യുവാവിന്റെ വായിൽ നിന്ന് മുറിച്ചുമാറ്റി. തുടർന്ന് അഞ്ച് ഗ്യാസ് സിലിണ്ടറുകളും വീട്ടിൽ നിന്ന് കണ്ടെടുത്തു. തുടർന്ന് ഇയാളുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു.
മരണപ്പെട്ടയാൾ മറ്റാരെയും അപായപ്പെടുത്താതിരിക്കാൻ കിടപ്പുമുറിയിൽ എങ്ങനെ സുരക്ഷിതമായി പ്രവേശിക്കാം എന്നതിനെക്കുറിച്ചുള്ള വ്യക്തമായ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടായിരുന്നു എന്നും ഒരു അന്വേഷണ ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു.
നൈഗാവ് പോലീസ് പറയുന്നതനുസരിച്ച്, ആത്മഹത്യാ കുറിപ്പിൽ കുടുംബം നൽകിയ പിന്തുണയ്ക്ക് നന്ദി രേഖപ്പെടുത്തിയ യുവാവ് താൻ, കഴിഞ്ഞ ഒന്നര വർഷമായി ശാരീരികവും മാനസികവുമായ ആരോഗ്യപ്രശ്‌നങ്ങൾ അനുഭവിക്കുന്നുണ്ടെന്നാണ് വെളിപ്പെടുത്തിയത്. ഈ ആരോഗ്യപ്രശ്‌നങ്ങൾക്ക് ചികിത്സയില്ലെന്നും, അതിനാൽ ജോലി ചെയ്യാനോ സാധാരണ ജീവിതം നയിക്കാനോ കഴിയില്ലെന്നും ഇത് ജീവിതം അവസാനിപ്പിക്കാനുള്ള തീരുമാനത്തിലേക്ക് നയിച്ചുവെന്നും കുറിപ്പിൽ യുവാവ് സൂചിപ്പിച്ചിരുന്നു.