Featured Oddly News

പണം വേണ്ട.. ദാരിദ്ര്യവുമില്ല; പക്ഷേ യുവാക്കളുടെ പണി ‘ഭിക്ഷാടനം’; ‘തമാശ യാചകര്‍’ യാചിച്ചു വാങ്ങുന്നത് മദ്യവും സിഗററ്റും

വെറുതെ വഴിയരികില്‍ ഇരുന്നു കമ്പനിയടിക്കാന്‍ ചൈനയിലെ വിനോദസഞ്ചാരമേഖലയിലെ നഗരങ്ങളിലെ തെരുവുകളില്‍ യുവാക്കളായ യാചകരുടെ എണ്ണം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്.

അപൂര്‍വ്വമായി മാത്രം പണം ചോദിക്കുന്ന ഈ ‘തമാശ യാചകര്‍’ മദ്യത്തിനും സിഗററ്റിനും മറ്റുള്ളവരുമായി പരിചയപ്പെടുന്നതിനും സൗഹൃദം ഉണ്ടാക്കുന്നതിനും വേണ്ടി തെരുവില്‍ ഇരിക്കുകയും പുകവലി, മദ്യപാനം, ചാറ്റിംഗ്, ഫോട്ടോ എടുക്കല്‍ എന്നിവയില്‍ ഏര്‍പ്പെടുകയും ചെയ്യുന്നു. ഒരു കാര്യവുമില്ലാതെ വെറുതേ കമ്പനിയടിക്കാന്‍ വേണ്ടി മാത്രമുള്ള ഈ ‘വ്യാജയാചകരു’ ടെ പ്രവര്‍ത്തി പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് തലവേദനയായിരിക്കുകയാണ്.

അടുത്തിടെ, ‘തമാശ യാചകര്‍’ എന്ന് വിളിക്കപ്പെടുന്ന ചെറുപ്പക്കാരുടെ കൂട്ടങ്ങള്‍, തെക്കുപടിഞ്ഞാറന്‍ ചൈനയിലെ യുനാന്‍ പ്രവിശ്യയിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ഡാലിയില്‍ റോഡരികില്‍ ഇരിക്കുന്നത് കണ്ടു. ‘ഭിക്ഷാടനം’ എന്ന് എഴുതിയ ബോര്‍ഡ് പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് യുവാക്കള്‍ ഇതില്‍ പങ്കെടുക്കുന്നത്. പലരും പ്രൊഫഷണല്‍ മേഖലയില്‍ ജോലി ചെയ്യുന്നവരോ മറ്റ് വരുമാന മാര്‍ഗ്ഗമുള്ളവരോ ആണ്. പണം സമ്പാദിക്കാനോ അന്നന്ന് കഴിയാനുള്ള ദാരിദ്ര്യം ഉണ്ടായിട്ടോ അല്ല ഇവര്‍ ഇങ്ങിനെ ചെയ്യുന്നത്.

ഈ തമാശ യാചകരില്‍ ഒരാളായ യാങ് തങ്ങളുടെ ഈ പ്രാദേശിക ‘തമാശ ഭിക്ഷാടന സംഘം’ ഏകദേശം 80 അംഗങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണെന്ന് ഒരു മാധ്യമത്തോട് വ്യക്തമാക്കിയിരുന്നു. ഇവരില്‍ ചിലര്‍ ഡാലിയില്‍ തന്നെ ജോലി ചെയ്യുന്നവരാണ്. മറ്റുള്ളവര്‍ താല്‍ക്കാലികമായി ഡാലി സന്ദര്‍ശനത്തിനായി എത്തിയവരും. ഈയാചകര്‍ സഞ്ചാരികളില്‍ നിന്നും അങ്ങേയറ്റം വാങ്ങുന്നത് അഞ്ച് അല്ലെങ്കില്‍ 10 അങ്ങേയറ്റം 100 യുവാന്‍ വരെയുള്ള ചെറിയ സംഭാവനകള്‍ മാത്രമാണെന്നും ഭിക്ഷാടനം വേറെ ചില കാര്യത്തിനാണെന്നും യാങ് പറയുന്നു.

”സമയംകൊല്ലി എന്ന നിലയിലാണ് ഇവര്‍ ഇവിടെയിരിക്കുന്നത്. വഴിയാത്രക്കാര്‍ പലപ്പോഴും സിഗരറ്റ്, ബിയര്‍, പാനീയങ്ങള്‍, ലഘുഭക്ഷണങ്ങള്‍ എന്നിവ നല്‍കാറുണ്ട്. പക്ഷേ ഞങ്ങള്‍ വളരെ അപൂര്‍വമായി മാത്രമേ പണം സ്വീകരിക്കുന്നുള്ളൂ,’ യാങ് വ്യക്തമാക്കി. ഈ ‘യാചന’യെ ഒരു
സാമൂഹികവല്‍ക്കരണത്തിന്റെ ഒരു ആധുനിക മാര്‍ഗം എന്ന നിലയിലാണ് യാങ് കാണുന്നത്.

‘ഞങ്ങള്‍ മാത്രമല്ല, മറ്റ് പലരും ഇതില്‍ ചേരുന്നുണ്ട്. നിങ്ങള്‍ ചെയ്യേണ്ടത് നിങ്ങളുടെ ഫോണ്‍ പുറത്തെടുത്ത് ‘ഭിക്ഷാടനം’ എന്ന് ടൈപ്പ് ചെയ്ത് നിലത്ത് വയ്ക്കുക, ഇരിക്കുക എന്നതാണ്.” യാങ് പറഞ്ഞു. അതേസമയം ഇത് തദ്ദേശ പ്രാദേശിക ഭരണകൂടത്തിന് ആശങ്കകള്‍ ഉയര്‍ത്തിയിട്ടുണ്ട്.

മാര്‍ച്ച് 4 ന്, ഡാലി പുരാതന നഗര സംരക്ഷണ, മാനേജ്‌മെന്റ് ബ്യൂറോ, ഈ പ്രവര്‍ത്തനം നിരുത്സാഹപ്പെടുത്തുന്നതിനായി ഒരു പ്രത്യേക സംഘം തന്നെ രൂപീകരിച്ചതായി പ്രഖ്യാപിച്ചു. കൂടാതെ, ഡാലി മുനിസിപ്പല്‍ ബ്യൂറോ ഓഫ് കള്‍ച്ചര്‍ ആന്‍ഡ് ടൂറിസം, വിനോദസഞ്ചാരികളെയും നാട്ടുകാരെയും ഉചിതമായ പൊതു പെരുമാറ്റം ഉയര്‍ത്തിപ്പിടിക്കണമെന്ന് പ്രേരിപ്പിച്ചുകൊണ്ട് ബോധവല്‍ക്കരണവും തുടങ്ങിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *