അസൂയയ്ക്കും കഷണ്ടിക്കും മരുന്നില്ല എന്ന പഴഞ്ചൊല്ലില്‍നിന്ന് കഷണ്ടിയെ മിക്കവാറും ഉപേക്ഷിക്കേണ്ടിവരും ! ഓരോ ദിവസം കഴിയുമ്പോഴും കഷണ്ടി കയറിക്കയറി വരുന്നുവെന്ന് പരിഭവപ്പെടുന്നവർ നിരവധിയാണ്. കഷണ്ടിക്കുള്ള മരുന്ന് ഇതാ തയാറായിക്കൊണ്ടിരിക്കുന്നു. ജപ്പാനിലെ ഗവേഷകരാണു ഉഷ്‌ണമേഖലാ ഭാഗങ്ങളില്‍ കാണപ്പെടുന്ന രണ്ട് ചെടികളുടെ സത്ത് കഷണ്ടിക്ക് മരുന്നായി ഉപയോഗിക്കാമെന്നു കണ്ടെത്തിയത്.
ഫെല്ലോഡെന്‍ഡ്രോണ്‍, ഓറഞ്ച് വര്‍ഗത്തില്‍പ്പെട്ട ചിന്‍പി എന്നിവയില്‍നിന്നാണു മരുന്നുണ്ടാക്കുക. ഇവയ്‌ക്ക് വില കുറവായതിനാല്‍ മരുന്നിനും അധികം ചെലവിടേണ്ടിവരില്ലെന്നു റോട്ടോ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയിലെ ഗവേഷകര്‍ അറിയിച്ചു.
മുടിക്ക് മാത്രമല്ല, കണ്‍പീലികള്‍ വളരാനും മരുന്ന് ഉപയോഗിക്കാം. പ്ലാസെന്റല്‍ ഗ്രോത്ത് ഫാക്‌ടര്‍ (പി.ഐ.ജി.എഫ്.) കേന്ദ്രീകരിച്ചു നടന്ന ഗവേഷണമാണു വഴിത്തിരിവായത്. മുടി രൂപപ്പെടുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നതായി അറിയപ്പെടുന്ന ഡെര്‍മല്‍ പപ്പില്ല കോശങ്ങളാണ് ഈ പ്രോട്ടീന്‍ ഉത്‌പാദിപ്പിക്കുന്നത്.
പി.ഐ.ജി.എഫ് ഉത്‌പാദനം വര്‍ധിപ്പിക്കാനായി ഗവേഷകര്‍ പല സസ്യങ്ങളുടെ സത്ത് പരീക്ഷിച്ചു. ഒടുവില്‍ ഫെല്ലോഡെന്‍ഡ്രോണിന്റെ പുറംതൊലിയും സിട്രസ് ടിന്‍പിയും പി.ഐ.ജി.എഫ് ഉത്‌പാദനം രണ്ടു മടങ്ങിലേറെ കൂട്ടുമെന്നു വ്യക്‌തമായി. പുരുഷന്മാര്‍ക്കും സ്‌ത്രീകള്‍ക്കുമായി മുടി വളര്‍ച്ചാ ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കുന്നതിന് ഗവേഷണ ഫലങ്ങള്‍ ഉപയോഗിക്കാനൊരുങ്ങുകയാണ് വിവിധ കമ്പനികള്‍.




