Oddly News

വിമാനത്തില്‍ ഭക്ഷണപ്പൊതി തുറന്നപ്പോള്‍ പുറത്തുചാടിയത് എലി; അടിയന്തരമായി നിലത്തിറക്കി

ഓസ്‌ലോ: വിമാനയാത്രയ്ക്കിടെ യാത്രക്കാര്‍ക്കു നല്‍കിയ ഭക്ഷണപ്പൊതിയുടെ ഉള്ളില്‍നിന്ന് പുറത്തുചാടിയത് ജീവനുള്ള എലി. പിന്നാലെ വിമാനം അടിയന്തരമായി നിലത്തിറക്കി. സ്‌കാന്‍ഡിനേവിയന്‍ എയര്‍ലൈന്‍സിന്റെ നോര്‍വേയില്‍നിന്ന് മലാഗയിലേക്കു പോയ വിമാനമാണ് ഡെന്‍മാര്‍ക്കിലെ കോപന്‍ഹേഗന്‍ വിമാനത്താവളത്തില്‍ അടിയന്തരമായി നിലത്തിറക്കിയത്.

വിമാനത്തില്‍ ഭക്ഷണ പാക്കറ്റ് തുറന്നതോടെ അതിനുള്ളിലുണ്ടായിരുന്ന എലി യാത്രക്കാരന്റെ ശരീരത്തിലേക്കു ചാടുകയും സീറ്റുകള്‍ക്കിടയിലൂടെ ഓടിപ്പോവുകയുമായിരുന്നു. എലിക്കായി ജീവനക്കാര്‍ വിമാനത്തിനുള്ളില്‍ തെരച്ചില്‍ നടത്തിയെങ്കിലും അതിനെ കണ്ടെത്താനായില്ല. യാത്രക്കാര്‍ പരിഭ്രാന്തരായതുകാണ്ടും സുരക്ഷ പരിഗണിച്ചുമാണ് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി അടിയന്തരമായി വിമാനം നിലത്തിറക്കിയതെന്ന് എയർലൈനിന്റെ വക്താവ് എഎഫ്‌പി വാർത്താ ഏജൻസിയോട് പറഞ്ഞു.

എലിയെ കണ്ടെത്താന്‍ വിമാനത്തില്‍ സമഗ്ര പരിശോധന നടത്തിയതായി ബി.ബി.സി. റിപ്പോര്‍ട്ട് ചെയ്തു. സ്‌കാന്‍ഡിനേവിയന്‍ എയര്‍ലൈന്‍സിലെ യാത്രക്കാരെ മറ്റൊരു വിമാനത്തിലാണ് മലാഗയിലേക്കു കൊണ്ടുപോയത്. ഇലക്ട്രിക് വയറിങ്ങുകള്‍ എലികള്‍ കരണ്ടുനശിപ്പിക്കാന്‍ സാധ്യതയുള്ളതിനാല്‍ വിമാനക്കമ്പനികള്‍ ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്താറുണ്ട്. എന്നാല്‍, വളരെ അപൂര്‍വമായി മാത്രമാണ് വിമാനത്തില്‍ എലി കടന്നുകൂടാറുള്ളത്.