Sports

വെസ്റ്റിന്‍ഡീസിനെ തകര്‍ത്തെറിഞ്ഞ് ഫില്‍ സോള്‍ട്ട് ; 16-ാം ഓവറില്‍ പറത്തിയത് 3സിക്‌സറുകളും 3 ബൗണ്ടറികളും

ഐപിഎല്ലില്‍ നിര്‍ത്തിയിടത്ത് നിന്നും തുടങ്ങി ഇംഗ്‌ളണ്ടിന്റെ ഫില്‍ സാള്‍ട്ട്. ടി20 ലോകകപ്പിലെ ആദ്യ സൂപ്പര്‍ 8 ല്‍ വെസ്റ്റിന്‍ഡീസിനെതിരേ തകര്‍ത്താടിയ ഫില്‍ സാള്‍ട്ട് റൊമാരിയോ ഷെപ്പേര്‍ഡ് എറിഞ്ഞ പതിനാറാം ഓവറില്‍ അടിച്ചുകൂട്ടിയത് 30 റണ്‍സ്. മൂന്ന് സിക്‌സറുകളും മുന്ന് ബൗണ്ടറികളും നേടിയ അദ്ദേഹം ഇംഗ്‌ളണ്ടിന്റെ വിജയത്തില്‍ നിര്‍ണ്ണായക പ്രകടനം നടത്തുകയും ചെയ്തു.

4, 6, 4, 6, 6, 4 എന്നായിരുന്നു ഫില്‍ സാള്‍ട്ടിന്റെ സ്‌കോര്‍. സാള്‍ട്ടിന്റെ ഈ വെടിക്കെട്ട് 15 പന്തുകള്‍ ബാക്കി നില്‍ക്കെ 8 വിക്കറ്റിന് ഇംഗ്‌ളണ്ടിന് വിജയം നേടിക്കൊടുത്തു. 47 പന്തില്‍ പുറത്താകാതെ 87 റണ്‍സെടുത്ത ഓപ്പണിംഗ് ബാറ്റ്സ്മാന്‍ ഇംഗ്ലണ്ടിന് 181 റണ്‍സ് ചേസില്‍ നിര്‍ണ്ണായക പ്രകടനമാണ് നടത്തിയത്. 7 ബൗണ്ടറികളും അഞ്ച് സിക്സറുമടങ്ങുന്നതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിങ്സ്.

കളിയുടെ 16-ാം ഓവറിലെ വെടിക്കെട്ട് വിന്‍ഡീസിനെ മത്സരത്തില്‍ നിന്ന് പൂര്‍ണ്ണമായും പുറത്താക്കി. ആദ്യ പന്ത് എക്സ്ട്രാ കവറില്‍ ബൗണ്ടറിയിലേക്ക് പറത്തി തന്റെ അര്‍ധസെഞ്ചുറി നേടി. അടുത്ത ഡെലിവറി സ്‌ട്രെയിറ്റ് ഡ്രൈവായി സിക്‌സറിന് തൂക്കി. മൂന്നാമത്തെ പന്ത് കീപ്പറുടെ തലയ്ക്ക് മുകളിലൂടെ ബൗണ്ടറിയിലേക്ക് വിട്ടു. അടുത്ത രണ്ടു പന്തുകള്‍ സിക്‌സര്‍ പറത്തി. ഒരെണ്ണം ലോംഗ്-ഓഫിലും മറ്റൊന്ന് ബാക്ക്‌വേഡ് സ്‌ക്വയര്‍ ലെഗിലും. ഒടുവില്‍ ലോംഗ് ഓഫില്‍ ഒരു ബൗണ്ടറി കൂടി പറത്തിയതോടെ ഈ ഓവറില്‍ മാത്രം പിറന്നത് 30 റണ്‍സ്.

ജോണി ബെയര്‍‌സ്റ്റോയില്‍ നിന്ന് സാള്‍ട്ടിന് മികച്ച പിന്തുണ ലഭിച്ചു. കൗണ്ടര്‍ അറ്റാക്കിംഗ് സമീപനത്തിലൂടെ മറുവശത്ത് നിന്ന് സമ്മര്‍ദ്ദം ഒഴിവാക്കിയതിന് സീനിയര്‍ ബാറ്റര്‍ ബെയര്‍‌സ്റ്റോയെ ഇംഗ്ലണ്ട് ഓപ്പണര്‍ പ്രശംസിച്ചു. ജോഫ്ര ആര്‍ച്ചര്‍ (1/34), ആദില്‍ റഷീദ് (1/21) എന്നിവരോടൊപ്പം 51 ഡോട്ട് ബോളുകള്‍ ഉണ്ടാക്കിയതിന് ഇംഗ്ലീഷ് ബൗളര്‍മാര്‍ക്കും തുല്യമായ ക്രെഡിറ്റ് നല്‍കേണ്ടതുണ്ട്