Crime

പെരിങ്ങോട്ടുകര ഹണി ട്രാപ്പ്: ക്ഷേത്രം തന്ത്രിയുടെ ജ്യേഷ്ഠ സഹോദരന്റെ മക്കള്‍ പിടിയില്‍, കോടികളുടെ പണമിടപാട്

പെരിങ്ങോട്ടുകര ദേവസ്ഥാനവുമായി ബന്ധപ്പെട്ട വ്യാജ പീഡനക്കേസില്‍ ഒളിവിലായിരുന്ന രണ്ടു പ്രതികള്‍ കൊച്ചിയില്‍ കര്‍ണാടക പോലീസിന്റെ പിടിയില്‍. ശ്രീരാഗ് കാനാടി, സ്വാമിനാഥന്‍ കാനാടി എന്നിവരെ ബാനസവാടി എ.സി.പി: ഉമാശങ്കറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം കൊച്ചിയിലെ അപ്പാര്‍ട്ട്മെന്റില്‍നിന്നാണ് അറസ്റ്റ് ചെയ്തത്. ക്ഷേത്രം തന്ത്രി ഉണ്ണി ദാമോദരന്റെ ജ്യേഷ്ഠ സഹോദരന്റെ മക്കളാണ് ഇരുവരും. ഇവരുടെ ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. ഒന്നാം പ്രതി പ്രവീണ്‍ കാനാടി ഒളിവിലാണ്
.
പെരിങ്ങോട്ടുകര ദേവസ്ഥാനം തന്ത്രിക്കും മരുമകന്‍ ടി.എ. അരുണിനും എതിരേ ഉന്നയിച്ച പീഡന പരാതിക്ക് പിന്നില്‍ ഹണി ട്രാപ്പാണെന്ന് കര്‍ണാടക പോലീസ് കണ്ടെത്തിയിരുന്നു. ഈ കേസില്‍ സ്ത്രീകളടക്കം അഞ്ചുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഹണി ട്രാപ്പില്‍ കോടികളുടെ പണമിടപാട് നടന്നുവെന്ന് ബസനവാടി പോലീസ് കണ്ടെത്തി. ഈ കേസിലാണ് പ്രവീണിനെ ഒന്നാം പ്രതിയാക്കി ബംഗളുരു പോലീസ് കേസെടുത്തത്. കേസില്‍ നിന്നൊഴിവാക്കാന്‍ രണ്ടുകോടി രൂപ ബെലന്തൂര്‍ പോലീസ് ആവശ്യപ്പെട്ടതോടെ തന്ത്രികുടുംബം കര്‍ണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വരയ്ക്ക് പരാതി നല്‍കുകയായിരുന്നു. ഇതോടെ അന്വേഷണം ബാനസവാടി എ.സി.പിക്ക് കൈമാറി. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് പരാതിക്കാര്‍ തന്നെ കുടുങ്ങിയത്.

ഹണി ട്രാപ്പില്‍ കുടുക്കാന്‍ 20 ലക്ഷം രൂപയാണക്ക രത്നയ്ക്ക് വാഗ്ദാനം ചെയ്തിരുന്നത്. നല്‍കിയത് എട്ടു ലക്ഷവും. ഇക്കാര്യം രത്ന പോലീസിനോട് സമ്മതിച്ചു. ശരത് മേനോന്റെ അക്കൗണ്ടിലേക്ക് ഒരു കോടി രൂപ എത്തിയതായും പോലീസ് കണ്ടെത്തി.
ക്ഷേത്രം തകര്‍ക്കാന്‍ ഗൂഢാലോചന നടക്കുകയാണെന്നും പ്രധാന പ്രതിയായ പ്രവീണ്‍ കാനാടിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ക്ഷേത്രം തന്ത്രി ഉണ്ണി ദാമോദരന്‍ പറഞ്ഞു. ക്ഷേത്രാധികാരം പിടിച്ചെടുത്ത് ക്ഷേത്രസ്വത്ത് കൈവശപ്പെടുത്താനും ക്ഷേത്രം നടത്തുന്ന കാരുണ്യ പ്രവൃത്തികളെ തടയുകയുമാണ് ഇവരുടെ ലക്ഷ്യം. പ്രവീണ്‍ ആണ് വ്യാജ കേസിന് പിന്നിലെന്നും വിമാന ടിക്കറ്റ് എടുത്തുകൊടുത്തതടക്കം പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ടെന്നും ഉണ്ണി ദാമോദരന്‍ പറഞ്ഞു.

പെരിങ്ങോട്ടുകര ദേവസ്ഥാനം വിഷ്ണുമായ ക്ഷേത്രത്തിന്റെ അധികാരം തന്ത്രി ഉണ്ണി ദാമോദരനാണ്. ക്ഷേത്രത്തിന്റെ അധികാരം പിടിച്ചടക്കുന്നതിനും ക്ഷേത്ര സ്വത്തുക്കള്‍ കൈവശപ്പെടുത്തുന്നതിനും വേണ്ടിയാണ് ഹണി ട്രാപ്പ് കേസ്ക്ക കെട്ടിച്ചമച്ചതെന്ന് തന്ത്രി കുടുംബം പറഞ്ഞു. ക്ഷേത്രത്തിനു കീഴില്‍ ആരംഭിക്കാനിരിക്കുന്ന സൗജന്യ ഡയാലിസിസ് സെന്റര്‍, കലാപീഠം തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങള്‍ തടയാനും സഹോദരന്മാര്‍ ശ്രമിച്ചിരുന്നു. ഇത് സംബന്ധിച്ച സിവില്‍ കേസുകള്‍ നിലവിലുണ്ടെന്നും തന്ത്രി കുടുംബം പറഞ്ഞു.